അന്നന്നു വേണ്ട ആഹാരം മനുഷ്യനെ ദൈവത്തിന്റെ മുമ്പിൽ എളിമപ്പെടുത്തുന്നതും ദൈവത്തിലുള്ള ആശ്രയം ബോധം വളർത്തുന്നതുമാണ് ഈ പ്രാർത്ഥന. മനുഷ്യൻ അധ്വാനം കൊണ്ട് ഭക്ഷണം സമ്പാദിക്കും എന്ന് ദൈവം ആദത്തോടു പറയുന്നുണ്ട്. പാപം ചെയ്തതിനു ശേഷം സംജാതമായ ഒരു അവസ്ഥ ആയിട്ടാണ് അതിനെ വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്(ഉൽപ.3:19). അവിടെയും അധ്വാനത്തിന് ഫലം തരുന്നത് ദൈവമാണെന്ന് ആശ്രയം അന്തർലീനമാണ്. നമ്മൾ അധ്വാനിക്കുമ്പോഴും ഭക്ഷണം ദൈവത്തിന്റെ ദാനമാണ്. ഈ പ്രാർത്ഥനയ്ക്ക് ഒരു സാമൂഹിക മാനമുണ്ട്. എനിക്ക് നല്കണമേ എന്നല്ല. ഞങ്ങൾക്കു നല്കണമേ എന്നാണ് പ്രാർത്ഥിക്കുക. പക്വതയാർന്ന ഒരു പ്രാർത്ഥനയാണിത്. ഓരോ ദിവസത്തേക്കും ആവശ്യമുള്ളതിനു വേണ്ടി മാത്രം ഉള്ള പ്രാർത്ഥന സമൂഹത്തിന്റെ മുഴുവൻ ആവശ്യം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രാർത്ഥനയാണ്. ദൈവം ഇസ്രായേലിനു മന്ന നൽകിയപ്പോൾ ഓരോരുത്തരും ഓരോ ദിവസവും ഭക്ഷിക്കാൻ ആവശ്യമായത് മാത്രമേ ശേഖരി ക്കുമായിരുന്നു ഉള്ളൂ. അതിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു (പുറ 16: 15- 21 ). മനുഷ്യൻ ദൈവപരിപാലനയിൽ ആശ്രയിക്കുന്നതിനു വേണ്ടിയാണത്. അമിതമായ സമ്പത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ഇന്നും ഓർക്കേണ്ട കാര്യമാണിത്.
ദൈവം കാരുണ്യത്തിന്റെ ദൈവമാണ്. തെറ്റ് ചെയ്യുന്നവരോട് അവിടുന്നു ക്ഷമിക്കുന്നു. അവിടുത്തെ മക്കളായ നമ്മളും മറ്റുള്ളവരോട് ക്ഷമിക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നു. മലയിലെ പ്രസംഗത്തിൽ തന്നെ സഹോദരനുമായി രമ്യ പെടുക ( 5: 21- 26 ). തിന്മയെ നന്മ കൊണ്ട് ജയിക്കുക ( 5: 38- 42 ). ശത്രുക്കളെ സ്നേഹിക്കുക(5:43-48) എന്നീ കാര്യങ്ങൾ ശിഷ്യന്മാർ ശീലിക്കേണ്ട നീതിയായി യേശു പഠിപ്പിച്ചു. ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി ആയിട്ടാണ് നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുക. മനുഷ്യർ ചെയ്യുന്ന തെറ്റുകളിൽ സത്യവും നീതിയും ലംഘിക്കപ്പെടുന്നു. അത് ദൈവത്തിന് എതിരായ തെറ്റാണ്. ക്ഷമിക്കുക ത്യാഗം ആവശ്യപ്പെടുന്നു. തെറ്റ് ഒരു യാഥാർത്ഥ്യമാണ്. അത് മറന്നു കൊണ്ടായില്ല. അതിനെ നാം നമ്മിൽ തന്നെ കീഴ്പ്പെടുത്തണം. അതിന്റെ മുറിവ് സുഖ പെടണം. തെറ്റ് ചെയ്തവനെ കൂടി ഈ പ്രക്രിയയിൽ ഉൾപ്പെടുത്തണം ബെനഡിക് പതിനാറാമൻ മാർ പാപ്പാ ജീസസ് ഓഫ് നസ്രത്ത് എന്ന പുസ്തകത്തിൽ യേശു പഠിപ്പിച്ച പ്രാർത്ഥന യെ കുറിച്ച് പ്രതിപാദിക്കുന്നിടത്തു ഇതേ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്തിന് എതിരായി തെറ്റ് ചെയ്ത നമുക്ക് അവിടുന്നുമായി രമ്യതയിൽ എത്താൻ കഴിയാതിരുന്നാൽ ദൈവം തന്റെ പുത്രനെ അയച്ചു രമ്യതയുടെ ശുശ്രൂഷ പൂർത്തിയാക്കി. ഇവിടെയാണ് കുരിശിന്റെ രഹസ്യം നമ്മൾ മനസ്സിലാക്കുക. തെറ്റുകൾ ക്ഷ മിക്കുന്നതിനു ആന്തരികമായ സൗഖ്യം നൽകുന്നതിനും ദൈവത്തിനു തന്റെ പുത്രനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു. മനുഷ്യൻ സഹോദരൻ ഒരു ക്ഷമിക്കുമ്പോൾ അവനും ത്യാഗത്തിന്റെ പാതയിലൂടെ ചരിക്കേണ്ടി വരും. ദൈവപുത്രൻ പാപികളുടെ അടുക്കലേക്ക് ഇറങ്ങി വന്നതുപോലെ ക്ഷമിക്കുന്നവൻ തനിക്കെതിരെ തിന്മ ചെയ്യുന്നവന്റെ പക്കലേക്ക് ഇറങ്ങി ചെല്ലേണ്ടിയി രിക്കുന്നു. അതാണ് രമ്യതയിൽ എത്താൻ പിതാവായ ദൈവം കാണിച്ചുതരുന്ന മാർഗ്ഗം. മറ്റുള്ളവരോട് നമ്മൾ ക്ഷ മിക്കുമ്പോഴാണ് ദൈവം നമ്മളോട് കാണിക്കുന്ന വലിയ ക്ഷമയുടെ അർത്ഥം ഗ്രഹിക്കാൻ നമുക്ക് കഴിയുന്നത് എന്ന വലിയ സത്യമാണ് 14-15 വാക്യങ്ങളിൽ വ്യക്തമാക്കുന്നത്.
മനുഷ്യന്റെ ജീവിതത്തിൽ പല വിധത്തിലുള്ള കഷ്ടപ്പാടുകൾ ഉണ്ടാകും. സഹനം, ദാരിദ്ര്യം, മതപീഡനം, രക്തസാക്ഷിത്വം, ഇതിലേതെങ്കിലും പരീക്ഷണമായി വരാം. ജോബിന്റെ സഹനത്തെ കുറിച്ചുള്ള വിവരണങ്ങൾ നമുക്ക് പരിചയമുള്ള താണ്. ജോബിന്റെ പരീക്ഷകൾ ജോബിനെ കൊണ്ട് ദൈവത്തെ തള്ളി പറയിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ആയിരുന്നു. ജോബ് പ്രലോഭനത്തിൽ ഉൾപ്പെടാതെ ദൈവം കാത്തു. യേശുവിന്റെ മരുഭൂമിയിലെ പരീക്ഷകൾ സുന്ദരമായ വാഗ്ദാനങ്ങളിൽ സ്വയം മറന്ന് ദൈവത്തിൽനിന്ന് അവിടുത്തെ അകറ്റാനുള്ള സാത്താന്റെ പരിശ്രമങ്ങൾ ആയിരുന്നു. ഇവിടെ മനുഷ്യനായി അവതരിച്ച യേശു മനുഷ്യരായ നമുക്ക് വേണ്ടി പ്രലോഭനകനെ പരാജയപ്പെടുത്തുകയായിരുന്നു. പ്രലോഭനങ്ങളെ ജയിക്കാനുള്ള ശക്തി ദൈവത്തിന്റെ ദാനമാണ്. പ്രലോഭനങ്ങൾ നിർണായകമാകുന്നത് യുഗന്ത്യൊന്മുഖ കാഴ്ചപ്പാടിലാണ്. യുഗാന്ത്യത്തിൽ ദൈവരാജ്യം അതിന്റെ പൂർണ്ണതയിൽ എത്തുമ്പോൾ പ്രലോഭനങ്ങൾ മനുഷ്യന് ദൈവരാജ്യ പ്രവേശനത്തിന് തടസ്സം ആകാൻ ഇടയാകരുത് എന്നാണ് പ്രാർത്ഥന. പ്രലോഭനത്തിൽ ഉൾപ്പെടുക എന്ന് പറഞ്ഞാൽ പ്രലോഭനം വഴി മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി ദൈവരാജ്യം നഷ്ടപ്പെടുത്തുക എന്നാണ്.
ഇവിടെ ധാർമികമായ തിന്മയാണ് പ്രധാനമായും ഉദ്ദേശിക്കുക. അതായത് പാപം ചെയ്യാതെ കാക്കുക. കാരണം അതാണ് മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നതും അവനെ രക്ഷ നിഷേധിക്കുന്നതും. തിന്മയിൽനിന്ന് പൂർണ്ണമായ മോചനം ദൈവം രാജ്യ പ്രവേശനം ആണ്. അതാണല്ലോ സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥനയോടെ മുഖ്യപ്രമേയം.