ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു. അവന്റെ സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന്റെ പരിണതഫലമാണ് തിന്മ ജന്മം കൊണ്ടത്. ഇതാണ് ജ്ഞാന ഗുരുക്കന്മാരുടെ ദർശനം(cfr. ഉല്പത്തി 3; ജ്ഞാനം 2:23,24). ഇപ്രകാരം പഠിപ്പിക്കാൻ കാരണം ജീവിതാനുഭവം തന്നെയാണ്. സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന ഏതൊരുവനും തിന്മയിൽ നിപതിക്കുന്നത് പ്രഭാഷകന്റെ നിരീക്ഷണമാണ് ( പ്രഭാഷകൻ കണ്ടതാണ്). അതുകൊണ്ട് 15 :11- 20ൽ ദൈവം മനുഷ്യനെ സരള ഹൃദയനായാണ് ( സ്വതന്ത്രനായാണ്) സൃഷ്ടിച്ചതെന്നും മനുഷ്യനാണ് തിന്മ ചെയ്ത് ശപിക്കപ്പെട്ടവനായിത്തീർന്നതെന്നും പറയുന്നത്. തിന്മയുടെ ഉറവിടം “മനുഷ്യ സ്വാതന്ത്ര്യത്തിന് ദുരൂപയോഗ”മാണെന്നും ഗുരു വ്യക്തമാക്കുന്നു.
കാലതാമസമുണ്ടായാൽ തന്നെയും തിന്മക്കുള്ള ശിക്ഷ ദുഷ്ടൻ അനുഭവിക്കേണ്ടി വരുമെന്നും ഗുരു പഠിപ്പിക്കുന്നു. ഈ കാലതാമസത്തിന്റെ കാരണം ഒരു മനുഷ്യനും കണ്ടെത്താനാവില്ല. ദൈവത്തിന്റെ ചിന്തകൾ മനുഷ്യന്റെ ചിന്തകൾകൊക്കെ അതീതമാണ് എന്നാണ് ഈ അവസ്ഥയ്ക്ക് കാരണം. അവിടുത്തെ ചിന്തകളെല്ലാം ഗ്രഹിക്കാൻ മാത്രം ഒരു മനുഷ്യനും വളർന്നിട്ടില്ല; വളരുകയും ഇല്ല.
ഈ വചനഭാഗം നിയമ.30 :15,19;യാക്കോബ് 1 :13 -15 ഇവയോടു ചേർത്ത് വായിക്കേണ്ടതാണ്.”ഇതാ ഇനി ഞാൻ നിന്റെ മുമ്പിൽ ജീവനും നന്മയും മരണവും തിന്മയും വെച്ചിരിക്കുന്നു. ഇന്നു ഞാൻ നിന്നോട് ഞാൻ ആഞ്ജപിച്ചതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കാൻ ചെയ്താൽ നീ ജീവിക്കും” ( ദൈവരാജ്യത്തിൽ പ്രവേശിക്കും) തിന്മ ചെയ്താൽ നശിക്കും… ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു(വാ 19). യാക്കോബ് ശ്ലീഹായുടെ ലളിത സുന്ദരമായ വാക്കുകൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു. “ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണവളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു( നിത്യ നാശത്തിലേക്ക് നയിക്കുന്നു” (1:15).
സ്വാതന്ത്രം ദുരുപയോഗിച്ച് ശിക്ഷിക്കപ്പെടാതെ, നന്മ ചെയ്തു ദൈവമക്കളായി ജീവിച്ച് നിത്യജീവനിലേക്ക് പ്രവേശിക്കാനുള്ള വിളിയാണ് ദൈവം മനുഷ്യന് നൽകുന്നത്, നൽകി കൊണ്ടിരിക്കുന്നത്.