നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. മത്തായി 5 : 17-20
ഈ വാക്യങ്ങൾ മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്നവയാണ്. താൻ വന്നത് നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാൻ അല്ല എന്ന് യേശു അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. പഴയനിയമത്തിൽ ദൈവം മോശക്ക് നൽകിയ നിയമങ്ങളിൽ മനുഷ്യനു വേണ്ടിയുള്ള ദൈവഹിതം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് യേശു അംഗീകരിക്കുന്നു എന്നത് സംശയിക്കാൻ ആവില്ല.5:18-19 വാക്യങ്ങൾ ഇതിന് അടിവരയിടുന്നു. പഴയനിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ആദിമ ക്രൈസ്തവർക്ക് യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സുവിശേഷകൻ താക്കീത് നൽകുകയാണ് ഇവിടെ. അങ്ങനെയെങ്കിൽ നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാക്കുക എന്ന തന്റെ ആഗമനോദ്ദേശം എങ്ങനെയാണ് പൂർത്തിയാവുക? മോശയുടെ നിയമത്തിന്റെ വ്യാഖ്യാനങ്ങളിലെ വിശദാംശങ്ങളുടെ കർക്കശമായ അനുസരണം ആവശ്യപ്പെടുന്നത് കൊണ്ടാണോ? അങ്ങനെ ആയിരുന്നെങ്കിൽ നിയമത്തിന്റെ വ്യാഖ്യാതാക്കൾ ആയ നിയമജ്ഞരും ഫരിസേയരും ആയി വിവാദത്തിലേക്ക് യേശു പോകേണ്ടി വരുമായിരുന്നില്ല. എന്നാൽ രൂക്ഷമായ ഭാഷയിലാണ് അവർ നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ കുറ്റപ്പെടുത്തുക . നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ഇല്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു. അങ്ങനെ ഒരു വശത്ത് നിയമത്തിന്റെ സാധ്യതയെ ഉയർത്തിപ്പിടിക്കുകയും നിയമജ്ഞരും ഫരിസേയരും അതിനു നൽകുന്ന വ്യാഖ്യാനത്തെ തള്ളിപ്പറയുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ നിയമവും മനുഷ്യന്റെ വ്യാഖ്യാനവും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന് വ്യക്തം. അതുകൊണ്ടാണ് യേശു നിയമത്തിന്റെ പുതിയ വ്യാഖ്യാനവുമായി രംഗപ്രവേശം ചെയ്യുന്നത്. പഴയനിയമത്തിൽ ആരംഭിച്ച് അതിലടങ്ങിയിരിക്കുന്ന ദൈവഹിതത്തിന് പൂർണ്ണമായ വിശദീകരണം നൽകിക്കൊണ്ട് ഒരു പുതിയ നിയമത്തിന് യേശുവിൻ രൂപം കൊടുക്കുകയായിരുന്നു. പഴയ നിയമവുമായി അതിനു ബന്ധമുണ്ട്. അതിന്റെ തുടർച്ചയും പൂർത്തീകരണവും ആണത്. യഹൂദ പണ്ഡിതൻമാരെയോ പുരോഹിതൻമാരെയോ പോലെയല്ല യേശു നിയമത്തിനു പുതിയ വ്യാഖ്യാനം നൽകിയത്. അവർക്ക് അവകാശപ്പെടാൻ കഴിയാത്ത വിധത്തിൽ സ്വന്തം അധികാരത്തിൽ ആണ് അവിടുന്നു അങ്ങനെ ചെയ്തത്. അത് ദൈവികമായ ഒരു അധികാരം ആണെന്ന് അവിടുന്ന് വ്യക്തമാക്കുന്നുണ്ട്…. എന്ന് കൽപിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ എന്ന് പറയുന്ന ഭാഗം പഴയ കൽപനകളും എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു എന്നത് യേശു നൽകുന്ന പുതിയ വ്യാഖ്യാനവും, അഥവാ പുതിയനിയമവും ആണ്. ഇവിടെ നിയമവും പ്രവാചകൻമാരും യേശുവും തമ്മിൽ ഒരുവിധത്തിലുള്ള വൈരുധ്യവുമില്ല. നിയമം വ്യാഖ്യാനിക്കുന്ന ഈ യഹൂദ റബ്ബിമാരും യേശുവും തമ്മിലുള്ള നീണ്ട വിവാദങ്ങൾ മത്തായിയുടെ സുവിശേഷത്തിൽ കാണാം. മത്തായി പതിനഞ്ചും 23 അധ്യായങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധേയമാണ്.
യേശു നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാകുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ ആണ് മലയിലെ പ്രസംഗത്തിൽ തുടർന്ന് കാണുക.