” സർപ്പങ്ങളേ,അണലി സന്തതികളേ നരകവിധിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ” (മത്താ.23 :33).
നിയമജ്ഞരുടെയും ഫരിസേയരുടെയും സമാനതകളില്ലാത്ത കടുത്ത കാപട്യമാണ് മത്താ. 23 :34ലെ വെല്ലുവിളി നടത്താൻ നല്ലതമ്പുരാനെ നിർബന്ധിച്ചത്. തന്റെ സ്നേഹപൂർണ്ണതയിൽ നിന്നും ദൈവിക തീഷ്ണതയിൽ നിന്നും ഉയർന്ന മാനസാന്തരത്തിനുള്ള ആഹ്വാനമായിരുന്നു അത്. “ചുങ്കക്കാരും വേശ്യകളും നിങ്ങൾക്കു മുമ്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്” എന്ന പ്രവാചകന്മാരെ വെല്ലുന്ന ധീരതയോടെ ഗർജിക്കാൻ ഈശോയ്ക്ക് കഴിഞ്ഞത് തന്റെ ദൈവികാധികാരത്തിന്റെ തീക്ഷ്ണതുകൊണ്ടാണ്. ദൈവപുത്രന്റെ സത്യത്തോടുള്ള നിർവ്യാജവും നിർഭയവുമായ നിലപാടാണ് ഇതു വ്യക്തമാക്കുന്നത്.
ആത്മീയതയെ ആചാരാനുഷ്ഠാനങ്ങളുടെ കുരുക്കുകളിൽ നിന്ന് കർത്താവ് മോചിപ്പിച്ചു ; വേണ്ടിയെടുത്തു തിരുത്തലുകൾ വരുത്തി. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതോ ശരീരക്ഷാളന നിയമങ്ങൾ ലംഘിക്കുന്നതോ ഒന്നും ഒരുത്തനെയും അശുദ്ധനാക്കുന്നില്ല. ഹൃദയതലത്തിൽ, ആന്തരിക വിശുദ്ധിയുടെ പാലനമാണ് പരമപ്രധാനം എന്ന് ഈശോ സുവ്യക്തമാക്കി. ദാനധർമ്മം ചെയ്യുന്നതും ഉപവസിക്കുന്നതും പ്രാർത്ഥിക്കുന്നതും മറ്റുള്ളവർ കാണത്തക്കവിധം ബാഹ്യമായി അനുഷ്ഠിക്കുന്നതല്ല, ഒരുവന്റെ ഹൃദയഭാവമാണ് പ്രധാനം എന്നും അവിടുന്ന് പ്രബോധിപ്പിച്ചു. വെറും അനുഷ്ഠാനങ്ങളിൽ നിന്നും മതാന്ധതയിൽ നിന്നും മതാത്മകതയെയും ആത്മീയതയെയും വിമോചിപ്പിച്ച് നന്മ ആന്തരികതയിൽ അധിഷ്ഠിതമാണെന്ന് സ്ഥാപിച്ചു, കർത്താവായ മിശിഹാ.
ധാർമികതയുടെ അടിത്തറ, കേവലം, സാമൂഹ്യ നന്മയും മതപഠനങ്ങൾക്ക് ഉപരി,ദൈവഹിതത്തിൽ ഉറപ്പിച്ചു നിർത്താൻ നല്ലനാഥന് കഴിഞ്ഞു. അർത്ഥശങ്കയ്ക്കിടമില്ലാതെ അവിടുന്ന് പ്രസ്താവിച്ചു:”എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ, അവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്”.മാനുഷിക പ്രീതിയോ ലൗകിക നേട്ടങ്ങളോ മാത്രമായിരിക്കരുത് ധാർമികതയ്ക്ക് അടിസ്ഥാനം. ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടി അവിടുന്ന് പഠിപ്പിക്കുന്നു.
രഹസ്യങ്ങൾ അറിയുന്ന ദൈവം സകലതും അറിയുകയും കാണുകയും ചെയ്യുന്നു എന്ന അവബോധം സൂക്ഷിച്ചുകൊണ്ട്, മാനുഷിക പരിഗണനയെക്കാൾ ദൈവസന്നിധിയിൽ ശ്രേഷ്ഠമായത് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ഈശോ പഠിപ്പിച്ചു.
അതിർവരമ്പുകൾക്കൊക്കെ അപ്പുറം സ്നേഹത്തെ സംസ്ഥാപിച്ചവനാണ് ദൈവപുത്രനായ മിശിഹാ. ലോകം ഇന്നും വിസ്മയത്തോടെയാണ് അവിടുത്തെ പ്രബോധനങ്ങൾക്ക് കാതോർക്കുക. നിത്യ,സത്യവചനമായ അവിടുത്തെ വചനങ്ങൾ എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ശത്രുക്കളെയും സ്നേഹിക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്ന് തറപ്പിച്ചു പ്രഖ്യാപിച്ചു. ” ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ “(മത്താ.5:44).