പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും മുഖമുദ്രയാണ്. യഥാർത്ഥ ജീവിത സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് വ്യക്തമായ ഭാഷയിൽ ദൈവം അനന്ത കാരുണ്യമാണെന്നും അവിടുന്ന് എപ്പോഴും പാവപ്പെട്ടവരുടെ പക്ഷത്താണെന്ന് ഈശോ ഉറപ്പുനൽകുന്നു. മനുഷ്യരുടെ ആന്തരിക ഭാവത്തിനാണ് അവിടുന്ന് ഊന്നൽ നൽകുന്നത്.
സാധാരണക്കാരും ദരിദ്രരും അടിച്ചമർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ ജനത്തോടാണ് ദൈവരാജ്യം സമാഗതമായിരിക്കുന്നു എന്ന് ഈശോ പ്രഖ്യാപിക്കുക. ദൈവം, ചരിത്രത്തിൽ ഇടപെട്ട്, അവർക്ക് നീതി നടത്തി കൊടുക്കും ; അവിടുന്ന്, അവരോട് നിസ്സീമമായ കാരുണ്യം കാണിക്കും. അതുകൊണ്ടാണ് അവരെ,അവിടുന്ന്, ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നത്. ബലഹീനതയുടെ സംരക്ഷകനാണ് അവിടുന്ന്.
ദൈവം അടിച്ചമർത്തപ്പെട്ടവരും, സംരക്ഷണം നൽകാൻ ആരുമില്ലാത്തവ രുമായ പാവപ്പെട്ട ജനത്തിന്റെ പക്ഷം ചേരുന്നു. അവിടുന്ന് ഇടപെട്ട് തങ്ങൾക്ക് നീതി നടത്തിതരുമെന്ന്, തങ്ങളോട് മഹാ കരുണ കാണിക്കും എന്ന ചിന്ത അവർക്ക് വലിയ പ്രത്യാശ നൽകുന്നതാണ്. ഈശോയുടെ മനുഷ്യാവതാരത്തിന്റെ നൂറ്റാണ്ടുകൾക്കുമുമ്പ് ഇക്കാര്യം ഏശയ്യാ പ്രവചിച്ചിട്ടുണ്ട്. ഏശയ്യ 25: 4 -5ൽ നമുക്കിത് വായിക്കാം.
അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്ടതകളില്‍ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററില്‍ ശക്തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന് കോട്ടയ്ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്. (വാ. 4)
മണലാരണ്യത്തിലെ ഉഷ്ണക്കാറ്റുപോലെ, വിദേശികളുടെ ആക്രോശം അങ്ങ് അടക്കുന്നു. മേഘത്തിന്റെ തണല്‍ വെയില് മറയ്ക്കുന്നതുപോലെ ക്രൂരന്മാരുടെ വിജയഗാനം അങ്ങ് ഇല്ലാതാക്കുന്നു.
(വാ.5)
ഏശയ്യ 11: 4ലും സങ്കി 72:12ലും ദരിദ്രരെ ധർമ്മ നിഷ്ഠയോടെയും കാരുണ്യത്തോടെ നയിക്കുന്ന ദൈവത്തെ- മഹാരാജാവിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
ഏശയ്യ 61 :1 -3 തന്നിൽ നിറവേറിയതായി ഈശോ സിനഗോഗിൽ വെച്ച് പ്രഖ്യാപിച്ചു.
” ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്ന വരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനം ബന്ധിതർക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും എന്നെ അയച്ചിരിക്കുന്നു”. ഈശോ തന്റെ ദൗത്യങ്ങൾ ആയി അംഗീകരിച്ച പറയുന്ന കാര്യങ്ങൾ എല്ലാം, യഥാർത്ഥത്തിൽ കാരുണ്യത്തിന്റെ പ്രവർത്തികൾ തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് അവിടുന്ന് സുവിശേഷഭാഗ്യങ്ങൾ പ്രഘോഷിച്ചതും.