ഓരോ ജന്മദിനവും നമുക്ക് നൽകുന്ന പ്രത്യാശ നിറഞ്ഞ പുതിയ ജീവിതത്തിന്റെ വരുംദിനങ്ങളെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ ആണ്. അതുകൊണ്ടുതന്നെ ജന്മദിനങ്ങൾ നമുക്ക് ആഹ്ലാദം പകരുന്ന അവസരങ്ങൾ ആയിത്തീരുന്നു. പുതുവർഷപ്പുലരി യും അങ്ങനെ തന്നെ. പുതുപുത്തൻ തീരുമാനങ്ങളുമായി ഭാവിജീവിതത്തെ നിറം പിടിപ്പിക്കുന്നവരാണ് ഏറെയും. നിറവേറ്റപ്പെടാതെ പഴയ തീരുമാനങ്ങളുടെ പുന സമർപ്പണത്തിനും ഈ അവസരങ്ങളാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. വളരെ നല്ലത് തന്നെ. എന്നാൽ ഓരോ പുത്തൻ പുലരിയും ജന്മദിനം പോലെ പുതുവർഷപ്പുലരി പോലെ തന്നെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ.
ഓരോ പ്രഭാതത്തിലും എന്റെ കടയിലേക്കുള്ള യാത്രയിൽ എനിക്ക് ആനന്ദം പകരുന്നത് പാതവക്കിലെ വേലിപ്പടർപ്പുകളിൽ പൂത്തുലഞ്ഞുനിൽക്കുന്ന പ്രഭാത മഹത്വത്തിന് നീലപൂക്കൾ ആണ്(morning glory flower ). ഒന്നും രണ്ടുമല്ല നൂറുകണക്കിന് മനോഹര പുഷ്പങ്ങൾ. ആരും നട്ടു നനയ്ക്കാതെ, തഴച്ചുവളർന്ന് പൂവിട്ടു നിൽക്കുന്നു.
വിജനമായ വഴിത്താരയിലൂടെ ഏകനായി ഞാൻ നടന്നുപോകുമ്പോൾ ഓരോ പൂവും എന്നെ നോക്കി പറയുന്നതു പോലെ തോന്നും ദൈവം നിന്നെ സ്നേഹിക്കുന്നു!
പുലരി മഞ്ഞിൽ കുളിച്ച് ഇളം വെയിലേറ്റു ശോഭയോടെ നിൽക്കുന്ന ഈ നീല സിൽക്കു പുഷ്പങ്ങൾ, കടന്നു പോകുന്ന ഓരോ മനുഷ്യനെയും നോക്കി വീണ്ടും വീണ്ടും പറയുന്നത് അത് തന്നെയല്ലേ?
ദൈവം നിന്നെ സ്നേഹിക്കുന്നു. കാരണം ഓരോ പ്രഭാതത്തിലും അവിടുത്തെ സ്നേഹവും ഈ പൂക്കൾ പോലെ പുതിയതാണ്. ഇന്നലെ വിടർന്ന പൂക്കൾ ഒന്നും വള്ളിപ്പടർപ്പിൽ ബാക്കിയില്ല. ഒന്നൊഴിയാതെ അവയെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. നാളെ വിരിയാൻ കൊതിക്കുന്ന പൂമൊട്ടുകൾ ഇലകൾക്കിടയിൽ നാണിച്ച് ഒളിച്ചു നിൽക്കുന്നു. ഇവിടെ ഇന്നിതാ സുഗന്ധം പരത്തുന്ന പൂക്കൾ മാത്രം. ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ സ്നേഹം പുതിയതാണ് (വിലാ 3:23).
ദൈവത്തോട് ചേർന്ന് എന്നാൽ നമ്മുടെ ജീവിതം ഈ പൂക്കളെപ്പോലെ പുതിയതാകും. ജീവനെ പുതുമയുള്ളത് ആക്കുന്നത് ദൈവത്തിന്റെ തിരുസാന്നിദ്ധ്യമാണ്. എല്ലാ ദുഃഖങ്ങളും ഭാരങ്ങളും ഏറ്റെടുക്കാൻ അവിടുന്ന് കൈകൾ നീട്ടി വിളിക്കുന്നു. ഓരോ ദിവസത്തെയും ദുഃഖങ്ങളും ഭാരങ്ങളും എല്ലാം തൃക്കരങ്ങളിൽ സമർപ്പിച്ച് രാത്രിയിൽ ശാന്തമായി കിടന്നുറങ്ങുക. വീണ്ടുമൊരു പുത്തൻപുലരിയിലേക്ക് പ്രഭാത മഹത്വത്തിന്റെ നീലപൂക്കൾ പോലെ ഉണർന്നെഴുനേൽക്കുക.
പുതുവർഷപ്പുലരിയും ജന്മദിനവും മാത്രമല്ല ഓരോ പ്രഭാതവും നമുക്ക് നൽകുന്നത് എല്ലാം വീണ്ടും നവമായി ആരംഭിക്കാൻ മറ്റൊരു ആദ്യദിനം തന്നെയല്ലേ. ഇന്നലെകളും അവയുടെ ദുഃഖ ദുരിതങ്ങളും കടന്നുപോയിരിക്കുന്നു. ഇന്നിവിടെ നമുക്കായി പ്രത്യാശ നിറഞ്ഞ മറ്റൊരു ദിനം. ദൈവത്തിന്റെ സ്നേഹം പോലെ, പ്രഭാത മഹത്വത്തിന്റെ മനോഹര പുഷ്പങ്ങൾ പോലെ, ഈ പുതിയ പ്രഭാതം പോലെ നമ്മുടെ ജീവിതവും പുതിയതായിരിക്കുന്നു. നമ്മൾ നവമായ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കാരണം ക്രിസ്തുവിൽ ആയിരിക്കുമ്പോൾ പുതിയ സൃഷ്ടിയാണ് (2കോറി 5:17).
ആനന്ദിക്കുക, ദൈവത്തിനു നന്ദി പറയുക, എല്ലാ പുതുതായി തുടങ്ങാൻ ഇതാ ദൈവം നമുക്ക് അവസരം തന്നിരിക്കുന്നു. എല്ലാം സമാരംഭിക്കാൻ, പ്രത്യാശയോടെ മുന്നോട്ടു പോകാൻ ഒരു പുതിയ ദിവസം. ഇനിയുള്ള നമ്മുടെ ജീവിതത്തിന്റെ ആദ്യദിനം.
അതെ, Today is the first day of the rest of our life.
ഒരുനിമിഷം കണ്ണുകളടച്ച് ജീവിതം ദൈവത്തിന് സമർപ്പിച്ചുകൊണ്ട് നമ്മുടെ തന്നെ പറയുക.
അതേ! Today is the first day of the rest of my life.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം