ശക്തിയുടെ ഉറവിടം ദൈവമാണ്. ദൗർബല്യങ്ങളുടെ കേന്ദ്രമാകട്ടെ സാത്താനും. ദൈവത്തിൽനിന്നു നമ്മൾ ശക്തി സ്വീകരിക്കുന്നില്ലെങ്കിൽ സാത്താന്റെ എല്ലാ ദൗർബല്യങ്ങളും നമ്മിൽ കുടിക്കൊള്ളും. യഥാർത്ഥത്തിൽ രോഗത്താൽ നമ്മൾ ബലഹീനരായ ആവുകയല്ല, മറിച്ച് നമ്മുടെ ബലഹീനതകളാൽ നമ്മൾ രോഗികൾ ആയിത്തീരുന്നു.
മദ്യം നമുക്കൊരു ബലഹീനതയാണ് എങ്കിൽ ആത്മാവിലും മനസ്സിലും ശരീരത്തിലും നമ്മൾ രോഗികൾ ആയിത്തീരുന്നു . ആഹാരം ചിലർക്ക് ഒരു ദൗർബല്യമാണ്. ഭക്ഷണത്തോടുള്ള ആർത്തി അവർക്ക് മാരകരോഗങ്ങൾ സമ്മാനിക്കുന്നു. വികാരങ്ങളാൽ പ്രത്യേകിച്ചും അമിതമായ ലൈംഗിക വികാരങ്ങളാൽ ബലഹീനമാക്കപ്പെട്ട ശരീരം മാരക പാപങ്ങൾക്ക് അടിമയാകുകയും രോഗഗ്രസ്തമാകുകയും ചെയ്യുന്നു. മനുഷ്യനെ മാരക തിന്മകളിലേക്ക് നയിക്കുവാൻ എല്ലാത്തരം ബലഹീനതകളും നമ്മിൽ അടിച്ചേൽപ്പിക്കുന്നത് സാത്താനാണ്.
ഭയം ബലഹീനതയുടെ ആകെത്തുകയാണ്. ഭയം ഗ്രസിച്ച ആധുനികലോകം സ്വയം നിലനിൽപ്പിനായി മറ്റുള്ളവരെ കൊന്നൊടുക്കുന്നു.
എന്നാൽ ശക്തി ദൈവത്തിൽ നിന്നും വരുന്നു. ദൈവം സർവ്വശക്തനാണല്ലോ. സങ്കീർത്തകൻ പറയുന്നു.
ദൈവമാണ് നമ്മുടെ അഭയവും ശക്തിയും ; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവ്വതങ്ങൾ സമുദ്ര മധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവ്വതങ്ങൾ വിറ കൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീ 46:1-3).
ദൈവത്തോട് ചേർന്ന് നിന്ന് ഈ ശക്തിയെ സ്വീകരിയ്ക്കുന്നവർ ഭാഗ്യവാന്മാരാണ്. അവർ സാത്താന്റെ ബലഹീനതകൾക്കു വശംവദരാകാതെ സുഖജീവിതം നയിക്കും. ആത്മാവും മനസ്സും ശരീരവും ഐക്യത്തിൽ വസിക്കും. ഈ ശക്തി നഷ്ടമാക്കിയ സങ്കീർത്തകൻ ഇപ്രകാരം വിലപിക്കുന്നു. അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദുഃഖ കാരണം എന്ന് ഞാൻ പറഞ്ഞു. (സങ്കീ 77:10)
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം വഴിയാണ് ഈ ശക്തി നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് തിരുവചനം നമ്മോട് ഇപ്രകാരം പറയുന്നത്.
സർവോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകൾ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിൻ ( എഫേ. 6: 16 ).
വിശ്വാസം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. യേശുക്രിസ്തുവിൽ നമ്മൾ പുതിയ മനുഷ്യരാകും.
” സകലത്തെയും തനിക്ക് കീഴ്പ്പെടുത്താൻ കഴിയുന്ന ശക്തി വഴി അവൻ നമ്മുടെ ദുർബല ശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും” ( ഫിലി. 3: 21 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്…
ശ്രീ.മാത്യു മാറാട്ടുകളം