അൽഭുതകരമായ ഒരു സത്യമാണ് ജനങ്ങൾ അടുത്ത പ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. ” അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും മുഖ്യ ദൂതന്മാരും ബലിപീഠത്തിനും മുമ്പിൽ ഭയഭക്തി കളോടെ നിന്ന് കടങ്ങളുടെ പൊറുതി ക്കായി മശിഹായുടെ ശരീരം വിഭജിക്കുന്ന വൈദികനെ സൂക്ഷിച്ചു വീക്ഷിക്കുന്നു “.
മിശിഹാ മുറിഞ്ഞത് മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമായി മരിക്കാനാണ്. അവിടുത്തെ മരണമാണ് നമുക്ക് പാപത്തിൻ മേൽ വിജയം നേടി തന്നത്. അവിടുത്തെ മുറിവുകൾ നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്നു. പുരോഹിതൻ തിരു നാഥന്റെ തിരുശരീരം മുറിക്കുമ്പോൾ അവിടുത്തെ മരണം ആവർത്തിക്കപ്പെടുന്നു. അവിടുത്തെ മരണത്തിലൂടെ യാണ് നാം ആത്മീയ ജീവൻ പ്രാപിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർത്ഥനയുടെ അവസാനത്തിൽ അദ്ദേഹം പ്രഖ്യാപിക്കുന്നത് ഒരു മഹാ സത്യമാണ്.” മരിക്കുമ്പോഴാണ് നാം നിത്യജീവനിലേക്ക് ജനിക്കുന്നത് ‘. നാം പാപത്തിനു മരിച്ചു നിത്യജീവൻ അവകാശപ്പെട്ടത്തണമെന്നതാണ് ഇതിലെ പ്രധാന പ്രമേയം.
നീതിയുടെ വാതിൽ ജനം തുടർന്ന് അതിതീക്ഷ്ണമായി പ്രാർത്ഥിക്കുന്നു, ” നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ “. ഈശോയ്ക്ക് ഇപ്പോൾ ഇത് ചെയ്യാൻ കഴിയും. കാരണം അവിടുന്നു സാത്താനെ പരാജയപ്പെടുത്തി മാനവരാശിക്ക് നിത്യജീവൻ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു.
തുടർന്നുള്ള ഭാഗത്ത്, മരിച്ചു നവജീവൻ പ്രാപിച്ചവർ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നു.” അങ്ങയുടെ സന്നിധിയിൽ… രാപകൽ അങ്ങേയ്ക്ക് സ്തുതി പാടുക “. മരണാനന്തരം ഇതിനുള്ള കൃപ ലഭിക്കാനുള്ള അനുഗ്രഹ യാചന അവസാനഭാഗം.
തുടർന്നു കാർമികൻ ഏറ്റുപറയുന്നു :” കർത്താവായ ദൈവമേ അങ്ങയുടെ നാമത്തിൽ യഥാർത്ഥമായി വിശ്വസിച്ചുകൊണ്ട് ഈ വിശുദ്ധ രഹസ്യങ്ങളെ ഞങ്ങൾ സമീപിക്കുന്നു. അങ്ങയുടെ പ്രിയ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളെ അങ്ങയുടെ അനുഗ്രഹത്താലും കാരുണ്യത്താലും ഞങ്ങൾ വിഭജിച്ചു റൂശ്മ ചെയ്യുന്നു “.
എല്ലാറ്റിന്റെയും അടിത്തറ വിശ്വാസം
ക്രൈസ്തവ ജീവിതം വിശ്വാസത്തിന് ജീവിതമാണ്. നമ്മുടെ കൂദാശകളുടെ എല്ലാം വിശിഷ്യാ വിശുദ്ധ കുർബാനയുടെ അടിസ്ഥാനം വിശ്വാസമാണ്. യഥാർത്ഥ വിശ്വാസത്തോടെ ബലിയർപ്പിക്കുന്ന വർക്ക് അത് ഭയത്തോടും ശ്രദ്ധയോടും വിശുദ്ധിയോടും ഏകാഗ്രതയോടെയുമല്ലാതെ അർപ്പിക്കുക അസാധ്യമാണ്. ജീവിതത്തിൽ ആകമാനമുള്ള നമ്മുടെ വിശ്വാസത്തിന്റെ സജീവത യെ കുറിച്ച് നാം ആത്മശോധന ചെയ്തു നോക്കണം. പലപ്പോഴും ശിഷ്യന്മാരെ പോലെ നാം പ്രാർത്ഥിക്കണം.” “കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ” എന്ന്. തുടർന്ന് കാർമികൻ തിരുശരീരം കൊണ്ടു തിരുരക്തവും തിരുരക്തം കൊണ്ടു തിരുശരീരവും റൂശ്മ ചെയ്യപ്പെട്ട തിരുശരീരം കൂട്ടിച്ചേർത്തു കാസാ യുടെ മുകളിൽ പിടിച്ചുകൊണ്ട് പുരോഹിതൻ ചൊല്ലുന്നു. ” സ്തുത്യർഹം പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കല ർത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു “.