വൈദികന്റെ ഈ പ്രാർഥനയ്ക്കുശേഷം കർത്താവിന്റെ തിരുനാളുകളും ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയ സ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. “കടങ്ങളുടെ പൊറുതി ക്കായി വിശുദ്ധ കുർബാന സ്വീകരിച്ച തങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തണമെന്ന് ” അവർ കർത്താവിനോട് പ്രാർത്ഥിക്കുന്നു. ദൈവമായ കർത്താവിന് എല്ലാ ദിവസവും സത്ഫലങ്ങൾ സമർപ്പിക്കാൻ തങ്ങളുടെ കരങ്ങളെ യോഗ്യമാ ക്കണമെന്നും വിശുദ്ധ സ്ഥലത്ത് സ്തുതി കീർത്തനം പാടിയ തങ്ങളുടെ അധരങ്ങളെ സ്വർഗ്ഗത്തിൽ ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്താൻ അർഹരാക്കണമെന്നും സമൂഹം തുടർന്നു പ്രാർത്ഥിക്കുന്നു.
ദൈവ സ്തുതികൾ കേട്ട കാതുകൾ ശിക്ഷാവിധിയുടെ സ്വരം കേൾക്കാതിരിക്കട്ടെ എന്നും അവിടുത്തെ അളവറ്റ കാരുണ്യം കണ്ട കണ്ണുകൾക്ക് കർത്താവിന്റെ അനുഗ്രഹ ദായകമായ പ്രത്യാഗമനം കാണാൻ ഇട വരട്ടെ എന്നും ജനം സ്വയം ആശംസിക്കുന്നു.