റോമാ. 8:12-17
ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല.
ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്.
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്.
നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു.
നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.
നിസാരമാം നിസാരമാം
നീരും ദുഃഖങ്ങൾ നിസാരമാം
നാളെ വരുന്ന മഹിമയോർത്താൽ
ഇന്നിന്ന് ദുഃഖങ്ങൾ നിസാരമാം
വന്ദനം വരും നാള് വരുന്നു
നിന്ദനത്തിൽ നീ ഇന്ന് സന്തോഷിക്കുവിൻ
സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ
നിന്ദനത്തിൽ നീ ഇന്ന് സന്തോഷിക്കുവിൻ
പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ
ആകാശത്തോളം നിന്നെ ദൈവമുയർത്തും
ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും
ആകാശത്തോളം നിന്നെ ദൈവമുയർത്തും
മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകൻ നിന്റെ ഒപ്പമുണ്ടല്ലോ
ഒപ്പമുണ്ടല്ലോ കുഞ്ഞേ ഒപ്പമുണ്ടല്ലോ
സൗഖ്യദായകൻ നിന്റെ ഒപ്പമുണ്ടല്ലോ
റോമാ 12:1-21
ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.
നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.
നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല.
അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.
നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,
ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അ ധ്യാപനവരം അധ്യാപനത്തിലും,
ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഔദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍.
നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍.
തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.
വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്കാരത്തില്‍ തത്പരരാകുവിന്‍.
നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.
നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്ധിമാന്‍മാരാണെന്നു നിങ്ങള്‍ നടിക്കരുത്.
തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍.
സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്, ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്‌സില്‍ തീക്കനലുകള്‍ കൂനകൂട്ടും.
തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.