”ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശ 49:16) ഏറെ ക്രൈസ്തവരെ ഏറ്റം സമാശ്വസിപ്പിക്കുന്ന സ്നേവചനം! തിരുവചനം! ‘്നീ സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്ക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല… നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുംമാണ്… ഭയപ്പെടേണ്ടാ, ഞാൻ നിന്നോട് കൂടെയുണ്ട’ (്ഏശ. 43:2-5) ഈ വാക്കുകൾ അവിസ്മരണീയമായി അനുഭവിക്കുന്നവരും അനവധിയാണ്.
അനേകം ദൈവമക്കൾ അനവരതം അയവിറക്കുന്ന മറ്റോരു തിരുവചവമാണ് ‘മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയുമില്ലല്ല. (49:15) എന്നത് ഇത്തരുണത്തിൽ ഏശയ്യാ 43:1 വിസ്മരിക്കുന്നത് അക്ഷന്തവ്യമാകും.’യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ,നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ് അരുൾ ചെയ്യുന്നു: ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്’.
മലകൾ മാറിടും കുന്നുകൾ നിരന്നിടും
എങ്കിലും! നിൻ സ്നേഹമെന്നെ
പിരിയുകയില്ലല്ലോ- താതാ
പിരിയുകയില്ലല്ലോ.
അമ്മ തന്റെ കുഞ്ഞിനെ മറന്നെന്നാലും
നിന്റെ സ്നേഹം ഒരുന്നാളും കുറയുകയില്ലല്ലോ
താതാ കുറയുകയില്ലല്ലോ
തന്റെ ഉള്ളം കൈയിലായി
വെച്ചുടുമീ പാപിയെ
കാത്തിടുന്നെൻ വഴികളിൽ-കാൽ
തട്ടിടാതെന്നും
കറകളില്ലാത്ത- ലേശം കുറവുമില്ലാത്ത
യേശുവിന്റെ രക്തമെന്നെ
വീണ്ടെടുത്തല്ലോ.
പരാപരൻ തന്റെ പുത്രർക്കു നൽകുന്ന പരിപാലനം എത്ര വിസ്മയനീയം! ഉൽപത്തി- പുറപ്പാട് ഗ്രന്ഥങ്ങൾ ഈശ്വരപരിപാലനയുടെ വ്യക്തമായ ആവിഷ്കാരങ്ങളാണ്. ആദിമമാതാപിതാക്കൾ മുതൽ ആബേൽ,നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയവരെയെല്ലാം അനന്തമായി സ്നഹിക്കുകയും അനവരതം കാത്തുപരിപാലിക്കുകയും ചെയ്യുന്ന സ്നേഹസ്വരൂപനായ ദൈവത്തെ ഉൽപ്പത്തിപ്പുസ്തകത്തിന്റെ ആദ്യഭാഗം അവതരിപ്പിക്കുമ്പോൾ പൂർവയൗസേപ്പിനും അവനിലൂടെ ഇസ്രായേൽ ജനത്തിനു മുഴുവനുമുള്ള പരാപരപരിപാലനയാണ് അവസാന ഭാഗം അവതരിപ്പിക്കുക.
തമ്പുരാൻ തന്റെ പൊന്നോമനകളായ നമ്മുടെ ആദിമമാതാക്കളെ മെനഞ്ഞ് ഏദൻതോട്ടത്തിലാക്കിയതിനുശേഷം അവർക്കു ഭുജിച്ചു സംതൃപ്തരായി സഹവസിക്കാൻ എല്ലാത്തരം പഴങ്ങളും ഫലമൂലാധികളും സമൃദ്ധമായി സമ്മാനിക്കുന്നു. നോഹയ്ക്കും അവന്റെ സന്തതികൾക്കുമുള്ള പ്രത്യേക പരിപാലനയുടെ- സംരക്ഷണത്തിന്റെ പെട്ടകം നിർമ്മിക്കാൻ അവിടുന്ന് അവന് വ്യക്തമായ നിർദ്ദേശം നൽകുന്നു (ഉൽപ.6:13 -22). ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് അവിടുത്തെ കല്പനപ്രകാരം പ്രവർത്തിച്ചപ്പോൾ അവൻ ലോകത്തിന്റെ മുമ്പിൽ തൽക്കാലത്തേയ്ക്കു പമ്പരവിഢിയായി കാണപ്പെട്ടുവെങ്കിലും അവനും കുടുംബവും അത്യത്ഭുകരമായ രീതിയിൽ സംരക്ഷിക്കപ്പെടുകയും സകലജനതകൾക്കും പിതാവുമായില്ലേ? അബ്രാഹത്തെ വിളിച്ചു വേർതിരിച്ച നിമിഷം മുതൽ അഖിലേശാനുഗ്രഹവും പരിലാളനവും അവന്
അനുഭഅനുഭവമായിരുന്നല്ലോ ഇസഹാക്കിനെ ഈശ്വരൻ ഒരിക്കലും കൈവെടിയുന്നില്ല. അവന്റെ പ്രാർത്ഥന ശ്രവിച്ച് അപകടങ്ങളിൽ വീഴാതെ അനുനിമിഷം അവനെ പരിപാലിക്കുന്നു (12 – 28 അധ്യായങ്ങൾ).
യാക്കോബിനും സന്തതികൾക്കുമുള്ള സർവേശന്റെ സംരക്ഷണമാണ് ഉൽപ 25-50 അധ്യായങ്ങളിലെ പ്രധാന ഇതിവൃത്തം തന്നെ. തന്റെ പന്ത്രണ്ടു മക്കളിൽ യൗസേപ്പിനോടു യാക്കോബിനു കൂടുതൽ ഇഷ്ടമായിരുന്നു. കാരണം അവൻ തന്റെ വാർദ്ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ടകുപ്പായം അവൻ ജോസഫിനുവേണ്ടി ഉണ്ടാക്കി. പിതാവു ജോസഫിനെ തങ്ങളേക്കാളധികമായി സ്നേഹിക്കുന്നുവെന്നു മനസ്സിലാക്കിയ സഹോദരൻമാർ അങ്ങേയറ്റം അവനെ വെറുക്കുന്നു. അവനോടു സൗമ്യമായി സംസാരിക്കാൻ പോലും അവർക്കു കഴിയുന്നില്ല. അവനുണ്ടായ രണ്ടുസ്വപ്നങ്ങൾ (37:5-11) സഹോദരൻമാർക്ക് അവനോടുള്ള വെറുപ്പ് ശതഗുണീഭവിപ്പിച്ചു. ഇവരുടെ തിന്മയെ ഈശ്വരൻ ജോസഫിനും ഇസ്രായേൽമക്കൾക്കുമുഴവനുമുള്ള ദൈവപരിപാലനയുടെ ഉപാധിയായി പരിണമിപ്പിക്കുന്നത് ഉൽപ്പത്തിപ്പുസ്തകത്തിൽ കാണുന്ന ഒരു അത്ഭുതപ്രതിഭാസമാണ്. ജോസഫുതന്നെ ഈ സത്യം വ്യക്തമാക്കുന്നതു സാവധാനം കാണാം.
ദൈവത്തിന്റെ സൃഷ്ടികർമ്മത്തോടു സത്താപരമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അവിടുത്തെ പരിപാലന. രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ദൈവത്തിന്റെ ഓരോ പ്രവർത്തിയും അവിടുത്തേയ്ക്കു മനുഷ്യനോടുള്ള സ്നേഹവും അവനുള്ള ദൈവപരിപാലനയും തെളിയിക്കുന്നുണ്ട്.പൗലോസ്ശ്ലീഹായുടെ അഭിപ്രായത്തിൽ, എല്ലാം മനുഷ്യനുവേണ്ടിയാണ്. മനുഷ്യനോ ക്രിസ്തുവിന്; ക്രിസ്തുവോ ദൈവത്തിനു. പ്രസക്ത തിരുവചനമിങ്ങനെയാണ്. പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവരും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതു തന്നെ. നിങ്ങളോ ക്രിസ്തുവിന്റെയും ക്രിസ്തു ദൈവത്തിന്റെയും’ (1 കോറീ. 3:23) ഓരോസൃഷ്ടിയും മനുഷ്യനുള്ള ദൈവപരിപാലനയാണ്. ഓരോ നല്ല അനുഭവവും ദൈവപരിപാലനാണ്. വായുവും വെള്ളവും സൂര്യചന്ദ്രാദിനക്ഷത്രങ്ങളും ഇല്ലാത്ത ഒരവസ്ഥയെപ്പറ്റി ചിന്തിക്കാൻ ആയേക്കും. പക്ഷേ, ഇവ ഇല്ലാതിരിക്കാൻ ആവുമോ? പെറ്റമ്മയുടെ അത്ഭുതാവഹമായ സ്നേപവാത്സല്യങ്ങൾ മുതൽ എത്രയോ പതിനായിരം പരിപാലനയുടെ അനുഭവങ്ങളളാണു ഒരു പുരുഷായുസ്സിൽ ഒരുവനു അനുഭവപ്പെടുക? അമ്മിഞ്ഞപ്പാലും അഖിലാണ്ഡവും തന്നെത്തന്നെയും തരുന്ന അമ്മയും അന്നന്നത്തെ അപ്പത്തിനുവേണ്ടി ചങ്കുവെള്ളമാക്കുന്ന അപ്പനും അക്ഷ അഭ്യസിപ്പിക്കാൻ അധ്വാനിക്കുന്ന അധ്യാപകനും മക്കൾക്കും കൊച്ചുമക്കൾക്കും കുടുംബത്തിനുമുഴുവനും ലോകത്തിനും വേണ്ടി നിരന്തരം ജപമാല ജപിക്കുന്ന വല്യമ്മയും ഈശ്വരപരിപാലനയുടെ അനന്യമായ പ്രതീകങ്ങളല്ലേ?
ഒരു പ്രത്യേക അന്തസ്സിലും പ്രവേശിക്കാതെ കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി നിഷ്കാമകർമ്മം ചെയ്യുന്ന സഹോദരങ്ങൾ, ഓരോ സാഹചര്യത്തിൽ ‘സാരമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന സാത്വികർ, കുഞ്ഞുങ്ങൾക്കു തീറ്റതേടി വായിൽ കൊടുക്കുന്ന കാക്ക, കഴുകനിൽ നിന്നു കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സ്വരമുയർത്തി, ചിറകുവിടർത്തി, ചിറകനടിയിൽ അവയെ കാത്തുസംരക്ഷിക്കുന്ന പിടക്കോഴി, പിറന്നുവീണ കുഞ്ഞിക്കിടാവിനെ നക്കിതുടച്ച് അതിനെ എഴുന്നേറ്റു നടക്കാൻ സഹായിക്കുന്ന തള്ളപ്പശു, ജനിച്ചെഴുന്നേറ്റ ആനക്കുട്ടിയെ തന്റെ നാലു കാലുകൾക്കിടയിൽ സുരക്ഷിതമായി നടത്തിക്കൊണ്ടു പോകുന്ന തള്ളയാന എല്ലാം അനന്തമായ അഖിലേശപരിപാലനെയാണു വിളിച്ചോതുക. കുട്ടിയാനകളുടെ ഇരുഭാഗത്തും മുമ്പിലും പിറകിലും വലിയ ആനകൾ സംഘടിച്ച് കുട്ടിയാനകളെ നടുക്കുനിറുത്തി കൊണ്ടുപോകുന്ന സുന്ദരമായ ദൃശ്യം,കൊമ്പിനു വേണ്ടി കാട്ടാളന്മാർ കൊമ്പനാനയെ വെടിവെച്ചു വീഴ്ത്താൻ നിഷ്ടൂരമായി ശ്രമിക്കുമ്പോൾ അപകടത്തിൽനിന്ന് അവനെ രക്ഷിക്കാൻ വിസ്മയാവഹമായ രീതിയിൽ സുരക്ഷിതവലയം സൃഷ്ടിക്കുന്ന പിടിയാനകൾ, ഇവയെല്ലാം കണ്ണുള്ളവനെ കാണിക്കുന്നത് കർത്തൃപരിപാലനയല്ലാതെ മറ്റെന്താണ്?
മനുഷ്യശരീരത്തിലെ റിഫ്ളക്സ് ആക്ഷനും ബ്ലഡ്കോട്ടും വായിലൂടെ ഉള്ളിൽപോകുന്ന ആണി,സൂചി മുതലായവയെ പൊതിയുന്ന അത്ഭുതവസ്തുവും എല്ലാം പരിപാലനയുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങൾ മാത്രം. നിരന്തരം ഇമയ്ക്കുന്ന കൺപോളകൾ,നഖങ്ങൾ,തലയിലെ മുടി, ശരീരത്തിലെ രോമങ്ങൾ ഒക്കെ ദൈവത്തിന്റെ മനുഷ്യനുള്ള സംരക്ഷണമാണ്. ഓർമ്മയും മറവിയും ഉണർവും ഉറക്കവും ചിരിയും കരച്ചിലും എല്ലാം ദൈവപരിപാലനയുടെ ആവിഷ്ക്കാരങ്ങൾ തന്നെ. മഞ്ഞും മഴയും മാമലനിരയും മരുപ്പച്ചയും മരതകത്തോപ്പും മരവും മരക്കാലുംമെല്ലാം മഹോന്നതപരിപാലനയുടെ മകുടോദാഹരണങ്ങളല്ലേ? നെല്ലും നിറപറയും നെടുവീർപ്പും നെഞ്ചുവേദനയു നിഖിലേശ പരിലാളനത്തിന്റ പ്രകടമായ അടയാളങ്ങളായി കാണാൻ കഴിയണം നമുക്ക്? പകൽ ഓക്സിജനും രാത്രിയിൽ പച്ചിലകാർബൺ ഡയോക്സൈഡും നൽകുന്നതിലെ അഖിലേശപരിപാലനം എത്രഅത്ഭുതാവഹം!
വിശേഷബുദ്ധിയുള്ള മനുഷ്യനുൾപ്പെടെ എല്ലാ ജീവികൾക്കും പരമപ്രധാനമായ അവയവങ്ങൾ ഇരട്ടയാണ്-രണ്ടു കണ്ണുകൾ, രണ്ടു ചെവികൾ,രണ്ടു നാസാരന്ധ്രങ്ങൾ, രണ്ടു ശ്വാസകോശങ്ങൾ, രണ്ടു കുടലുകൾ, രണ്ടു വൃക്കകൾ, രണ്ടു കൈയുകൾ ,രണ്ടു കാലുകൾ. മനുഷ്യനു ഒരു നാവു മാത്രം നൽകിയതു വലിയ പരിപാലനയായി കാണാൻ കഴിയുമോ? സ്നഹത്തിന്റെ പ്രകാശനമായി ‘എങ്ങോട്ടാ?’ എന്നു ചോദിക്കുന്ന സുഹൃത്തും ആറിനും തോടിനും മറുകര കടത്തുന്ന കൊച്ചു വള്ളക്കാരനും ലിഫ്റ്റു തരുന്ന കാറുകാരനും ക്ഷീണീച്ച് അവശനായി ബസിൽ നിൽക്കുമ്പോൾ ഒരു സീറ്റു തന്നു സഹായിക്കുന്ന സഹയാത്രികനും ചികിത്സിക്കുന്ന ഡോക്ടറും ശുശ്രൂഷിക്കുന്ന നഴ്സും കുമ്പസാരിപ്പിച്ചു കുർബാന ചൊല്ലിത്തരുന്ന വൈദികനും നമുക്കു നിഖിലേശ പരിപാലനയുടെ വാഹകരല്ലേ?
മരഭൂമിയിൽത്തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരുനാളും പിരിയാതെന്നെ നീ
കരുതുന്നു കൺമണിപോൽ