“സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5 :12).
പ്രത്യാശയുടെ തിരിനാളമായ് വീണ്ടും ഒരു പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020 ലോകത്തിലെ ഒരു ചെറിയ കോണിൽനിന്ന് പടർന്നു ഓരോ മുക്കിലും മൂലയിലും എത്തിച്ചേർന്ന കോവിഡ് -19 എന്ന മഹാമാരി വരുത്തിയ കഷ്ടതയിൽ നിന്ന് ഇനിയും വിമുക്തം ആകാത്ത മാനവരാശി പ്രാർത്ഥനയോടെയാണ്, ഏറെ പ്രത്യാശയോടെ ആണ് വരും വർഷത്തെ വരവേൽക്കുന്നത്.
സാമൂഹിക ജീവി ആണെങ്കിലും സ്വാർത്ഥതയുടെ തേരിൽ ചരിച്ച് എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കുവാനും ആയി നെട്ടോട്ടമോടിയ മനുഷ്യന്, അരക്ഷിതാവസ്ഥയും നിസ്സഹായതയും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിന്ന 2020 നൽകിയ പുതിയ പാഠങ്ങൾ പുതുവർഷത്തെ കൂടുതൽ പ്രശോഭിതം ആക്കുവാൻ സഹായിക്കുന്നതാണ്. ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കുഞ്ഞു വൈറസ് നൽകിയ ഉൾക്കാഴ്ചകളും ഏറെയാണ്. ഇന്നലെ വരെ ഉണ്ടായിരുന്നു ജീവിതശൈലിയും ക്രമങ്ങളും കാഴ്ചപ്പാടുകളും ഇനി മാറ്റണം എന്നതാണ് കൊറോണവൈറസിനെതിരായ പോരാട്ടത്തിൽ മനുഷ്യൻ സ്വീകരിച്ച ആയുധം. മനുഷ്യായുസ്സിലെ ഓരോദിനവും കൂടുതൽ പ്രകാശിക്കുന്നത് ഇങ്ങനെയൊരു മാറ്റം സ്വജീവിതത്തിൽ സ്വീകരിക്കുമ്പോഴാണ്, നന്മയിലേക്കുള്ള, അടുത്തുനിൽക്കുന്ന സഹജന്റെ ആവശ്യം അറിയുന്ന ശ്രദ്ധ യിലേക്കുള്ള, സഹാനുഭൂതി യിലേക്കുള്ള, ഹൃദയ വിശാലമായ ഒരു വളർച്ച കൈവരുമ്പോൾ ആണ്.
സാർവ്വ സാഹോദര്യത്തിലേക്കുള്ള, നല്ല ശമരിയാക്കാരനെപോലെ എല്ലാവരുടെയും നല്ല അയൽക്കാരായി തീരുവാൻ ഉള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ കുറിച്ചാണ് ഇവിടെ അനുസ്മരിക്കുന്നത് നല്ലതാണ്. ലോകത്തിന്റെ വേദനകൾക്കു മുന്നിൽ നിസ്സംഗരായി കടന്നുപോകുന്ന വഴിയാത്രക്കാരാ കാതെ, മുറിവേറ്റ അപരിചിതനെ വേണ്ടി, സ്വന്തം പദ്ധതികൾ മാറ്റിവെച്ച്,സമയം ചെലവഴിച്ച്, സ്വ കരങ്ങളാൽ അവനെ ശുശ്രൂഷിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് അവനായി ചെലവഴിച്ചാൽ നല്ല ശമരിയാക്കാരന് പോലെ നല്ല അയൽക്കാരായി വർദ്ധിക്കുന്നതിനുള്ള ധാരാളം അവസരങ്ങൾ അനുദിനവും നമുക്കുമുന്നിലുണ്ട്.
നമ്മുടെ നിരവധി സഹോദരങ്ങളുടെ വേദനകളുടെയും മുറിവുകളുടെയും മുന്നിൽ നമുക്കുള്ള ഏക മാർഗ്ഗം നല്ല ശമരിയാക്കാരൻ ആവുകയാണ്. പാപ്പ പറയുന്നതുപോലെ മറ്റൊരു തെരഞ്ഞെടുപ്പും നമ്മെ കൊള്ളക്കാരുടെയും മുറിവേറ്റവനെ വഴിയിലുപേക്ഷിച്ചു കടന്നുപോകുന്ന കഠിന ഹൃദയരുടെയും ഭാഗത്ത് നിർത്തും. അകലങ്ങൾ സൃഷ്ടിക്കുന്ന കക്ഷി മാത്സര്യങ്ങളിൽ പങ്കുചേരാതെ,, അപരന്റെ ബലഹീനതകളെ സ്വന്തമായി കാണുന്ന, വീണവനെ സമീപിച്ച് അവനെ എഴുന്നേൽപ്പിക്കുന്ന, അവന് ആവശ്യമായത് നൽകുന്ന വ്യക്തികളാലാണ് ആരോഗ്യമുള്ള ഒരു സമൂഹം പടുത്തുയർത്തപ്പെടുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ, വ്യക്തികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂക്കൾ വിടരും. അതിന്റെ സുഗന്ധം സൽകർമങ്ങളിലൂടെ ലോകം മുഴുവൻ വ്യാപിക്കും.
നേട്ടങ്ങളിൽ അഹങ്കരിക്കാത്ത, പരാജയങ്ങളും പ്രതിസന്ധികളിലും പതറാത്ത, അടുത്ത നിൽക്കുന്നവനെ സഹോദരനായി കാണുന്ന, നൽകുന്നതിൽ സന്തോഷിക്കുന്ന, തെറ്റ് ചെയ്തവരോട് ക്ഷമിക്കുന്ന, ഒരു ഹൃദയത്തിന് ലോകം മുഴുവൻ കീഴടക്കാൻ കഴിയും. കാരണം അവൻ ക്രിസ്തുവിൽ ആണ് ചരിക്കുന്നത്. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ് (2 കൊറിന്തോസ് 5:17). ആഗോളവത്കരണം കമ്പോളവത്കരണമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ന്റെ പശ്ചാത്തലത്തിൽ എല്ലാറ്റിനെയും സ്നേഹത്താൽ നവീകരിക്കുന്ന, പ്രത്യാശയുടെ ദൂതരാകുവാനുള്ള നമ്മുടെ വിളി ജീവിച്ചുകൊണ്ട് 2021-ആം ആണ്ടിനെ നമുക്ക് കൂടുതൽ ഹൃദ്യമാക്കാം.
പുതുവത്സരത്തിന്റെ പ്രാർത്ഥന ആശംസകൾ
ദൈവാനുഗ്രഹങ്ങൾ.