വി. പത്രോസിന്റെ സിംഹാസനം

Fr Joseph Vattakalam
1 Min Read

പഴയ പഞ്ചാംഗമനുസരിച്ച് ജനുവരി പതിനെട്ടാം തീയതി വി. പത്രോസിന്റെ റോമാസിംഹാസനത്തിന്റെ തിരുനാളും ഇരുപത്തിരണ്ടാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ തിരുനാളും ആഘോഷിച്ചിരുന്നു. പുതിയ റോമൻമീസ്സാലിൽ കൊടുത്തിട്ടുള്ള പഞ്ചാംഗത്തിൽ റോമയോ അന്തിയോക്യയോ ചേർത്തിട്ടില്ല. പത്രോസിന്റെ പരമാധികാര സിംഹാസനത്തിന്റെ തിരുനാൾ എന്ന് മനസ്സിലാക്കിയാൽ മതി. സ്വർഗ്ഗത്തിന്റെ താക്കോലുകളും കുഞ്ഞാടുകളെയും ചെമ്മരിയാടുകളെയും മേയ്ക്കാനുള്ള അധികാരവും പത്രോസിനു ലഭിച്ചിട്ടുള്ളതാണല്ലോ.

പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം പത്രോസ് കുറേനാൾ പലസ്തീനയിൽത്തന്നെ ചെലവഴിച്ചു; അതിനുശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ ഏഴുകൊല്ലം താമസിച്ചിരുന്നുവെന്ന് വി. ഗ്രിഗറി പറയുന്നു.. റോമിലേക്ക് പോകുന്നതിനു മുമ്പ് ഏതാനും സംവത്സരം അദ്ദേഹം അന്തിയോക്യയിൽ ആസ്ഥാനം ഉറപ്പിച്ചിരുന്നുവെന്ന് എവുസേബിയൂസ്, ഒറിജൻ , വി.ജെറോം, വി.ഇന്നൊസെന്റ്, ജെലാസിയോസ് പാപ്പാ. വി.ക്രിസോസ്റ്റം എന്നിവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . അന്തിയോക്യയിൽ നിന്ന് പൊന്നു പത്രോസ് പൗലോസിനോടൊപ്പം റോമയിൽ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീരൊചക്രവർത്തിയുടെ കാലത് ഒരേ ദിവസം തന്നെ രക്തസാക്ഷിത്വം വരിച്ചുവെന്നും സാധാരണമായി വിശ്വസിച്ചു വരുന്നു. സെഫരിനൂസ് പാപ്പായുടെ (198 – 217) കാലത്താണ് കായൂസ് ജീവിച്ചിരുന്നത്. വത്തിക്കാൻ കുന്നിൽ പത്രോസിന്റെ ശരീരം സംസ്കരിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഇറാനെവൂസ് പറയുന്നു: “രണ്ടു മഹാപ്പസ്തോലന്മാരായ പത്രോസ് പൗലോസുമാരുടെമേൽ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്വവുമായ സഭയാണ് റോമാസഭ.” എവുസേബിയൂസ് പലപ്രാവശ്യം ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ഒറിജിൻ, വി ജെറോം , വി. അംബ്രോസ്‌, വി അഗസ്റ്റിൻ മുതലായ സംഭാപിതാക്കന്മാരും ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. പത്രോസിന്റെ സിംഹാസനമാണ് റോമയെന്നു വി. സിപ്രിയാൻ പറയുന്നു.

വിചിന്തനം: ഈ തിരുനാൾ ദിവസം പത്രോസിന്റെ ഇന്നത്തെ പിൻഗാമിക്കുവേണ്ടി നാം തീക്ഷണമായ പ്രാർത്ഥിക്കേണ്ടതാണ്. യോഗ്യന്മാരായ അജപാലകന്മാരെ അയച്ചുതരാൻ നാം അപേക്ഷിക്കുകയും വേണം.

Share This Article
error: Content is protected !!