ദൈവത്തിൽ ആശ്രയിക്കുന്നവനു ഒന്നും ഭയപ്പെടാനില്ല. ” ഇതാ നിങ്ങളുടെ ദൈവം! ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്. പ്രതിഫലവും അവിടുത്തെ മുൻപിൽ ഉണ്ട്. ഇടയനെ പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ എടുത്തു മാറോടണച്ചു തള്ള ആടുകളെ സാവധാനം നയിക്കുന്നു”( ഏശയ്യാ 40:10-11).
“ആഴികളെ കൈക്കുമ്പിളിൽ അളക്കുകയും ആകാശ വിശാലതയെ ചാണിൽ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവ് പാത്രത്തിൽ ഉൾക്കൊള്ളിക്കുകയും പർവതങ്ങളുടെ ഭാരം വെള്ളിക്കോലിൽ നിശ്ചയിക്കുകയും ചെയ്യുന്നവനാ”ണ് ദൈവം. (ഏശയ്യ 40:12-13). ഈ ദൈവത്തിൽ ആശ്രയിക്കാതെ ഇരിക്കാൻ ആർക്കാണ് കഴിയുക?.
കർത്താവ് നിത്യനാം ദൈവവും ഭൂമിയിലെ മുഴുവൻ സൃഷ്ടാവും ആണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല. അവിടുത്തെ മനസ്സ് അഗ്രാഹ്യം ആണ്. തളർന്നവന് അവിടുന്ന് ബലം നൽകുന്നു; ദുർബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാർ ശക്തിയറ്റ് വീഴാം. എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുക ഇല്ല. നടന്നാൽ തളരുകയും ഇല്ല. (ഏശയ്യ 40:31).
13 പ്രാവശ്യമായി IELTS എഴുതിയ ഒരു യുവാവിനെ കുറിച്ച് അടുത്തിടെ കേൾക്കാനിടയായി. തോൽവികളുടെ തേരോട്ടത്തിൽ ഭഗ്നാശനാവാതെ അവൻ പ്രാർത്ഥിക്കുകയും പഠിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആറാം പ്രാവശ്യം പരീക്ഷയ്ക്ക് ഒരുങ്ങി കൊണ്ടിരുന്നപ്പോൾ ആദ്യത്തെ പരിശ്രമത്തിൽ തന്നെ വിജയം കൊയ്ത ഒരു യുവാവുമായി പരിചയപ്പെടാൻ അവന് ഇടയായി. അപ്പോൾ അവൻ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്.
” ആദ്യ പരീക്ഷയിൽ തന്നെ ജയിച്ചെങ്കിലും ഇത്രയും കാലമായി എനിക്ക് ഒരു ജോലിയും കിട്ടിയിട്ടില്ല. ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നുമൊന്നുമില്ല. പള്ളിയിൽ പോകുന്നില്ല. പ്രാർത്ഥിച്ചിട്ട് എന്ത് ഫലം എന്നതാണ് ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ “.
ഇത് കേട്ടപ്പോൾ മുതൽ നമ്മുടെ പ്രഥമ കഥാപാത്രം ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി. ” എന്റെ ദൈവമേ, ഞാൻ വിജയിക്കുന്നതുവരെ എന്റെ വിശ്വാസത്തിലും ശരണത്തിലും സാത്താൻ ആധിപത്യം പുലർത്താൻ അനുവദിക്കരുതേ “. സാത്താന്റെ വജ്രായുധത്തിന് അതായത് നിരാശയ്ക്ക് ആ യുവാവിനെ കീഴടക്കാൻ കഴിഞ്ഞില്ല. പതിമൂന്നാമത്തെ പ്രാവശ്യം അവൻ ജയിച്ചു. അവന്റെ പ്രാർത്ഥന ദൈവം കേട്ടു. ജയിച്ച ഉടനെ അവന് ജോലിയും ലഭിച്ചു.
ഭാഗ്നശരാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കാൻ ഈശോ പറഞ്ഞ ഉപമ ഏറെ പ്രസിദ്ധമാണല്ലോ.
ലൂക്ക 18:1-8
ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു:
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള് വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.
കുറേ നാളത്തേക്ക് അവന് അതു ഗൗനിച്ചില്ല. പിന്നീട്, അവന് ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.
എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള് കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും.
കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍.
അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?
അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന് വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?
ലൂക്കാ 18 : 1-8
വിശുദ്ധീകരിക്കപ്പെടാൻ കുടുംബാംഗങ്ങൾ എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർ ആവണം, അതും ഒരുമിച്ച്, ഒരു മനസ്സോടെ. ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കും. ഒരുമിച്ച് വിശുദ്ധീകരിക്കപ്പെടുകയും ചെയ്യും. മനുഷ്യൻ നന്നായാൽ ലോകം നന്നാവും എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെ കുടുംബാംഗങ്ങളെല്ലാവരും വിശുദ്ധീകരിക്കപ്പെട്ടാൽ കുടുംബം വിശുദ്ധീകരിക്കപ്പെടും. രൂപതകൾ വിശുദ്ധീകരിക്കപ്പെടുമ്പോൾ സഭയും വിശുദ്ധീകരിക്കപ്പെടും. സഭ, ദൈവജനം ഒന്നാകെ പൂർണമായി വിശുദ്ധീ കരിക്കപ്പെട്ടാൽ ലോകവും ആനുപാതികമായി വിശുദ്ധീകരിക്കപ്പെടും.ഈ വിശുദ്ധീകരണം ക്രിസ്തുരാജ്യ സംസ്ഥാപനത്തിന് വഴിതെളിക്കുകയും ചെയ്യും.
കുടുംബവിശുദ്ധീകരണത്തിന് സഹായിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയ്ക്കു പാടി ധ്യാനിക്കാൻ പറ്റിയ ഒരു ഗാനം ചുവടെ ചേർക്കുന്നു.
എനിക്കായ് എന്റെ ദൈവം ഏകജാതനെ നൽകി.
എനിക്കായി എന്റെ ഈശോ പാപപരിഹാര ബലിയായി.
മനുഷ്യന് വേണ്ടി (എനിക്ക് വേണ്ടി) കുരിശിന്റെ മാറിൽ
പാപിയെ പോലെ പിടഞ്ഞവനേ
ദൈവ സ്വഭാവം സ്നേഹമാണെന്ന് ലോകസമക്ഷം തെളിയിച്ചു നീ.
നിന്ദനമേറ്റതും നഗ്നനായി തീർന്നതും ഞാൻ പാപ ബന്ധം വെടിയാൻ
ദ്രോഹം പൊറുത്തതും കേണു പ്രാർഥിച്ചതും
ഞാൻ അനുതാപി ആയിത്തീരാൻ
ചോര ചൊരിഞ്ഞതും ജീവൻ വെടിഞ്ഞ തും
ഞാൻ നിത്യജീവൻ നേടാൻ
ഉത്ഥിതനായതും അപ്പമായി തീർന്നതും
ഞാൻ നിന്നിൽ എന്നും വാഴാൻ!