തന്റെ പുത്രന്റെ പുത്രത്വത്തിൽ മനുഷ്യമക്കളെല്ലാം കൂട്ടവകാശികളാകണം എന്നത് പിതാവായ ദൈവത്തിന്റെ ഹൃദയാഭിലാഷമായിരുന്നു. ഈശോമിശിഹായിൽ വെളിപ്പെട്ട ദൈവ സ്നേഹത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാവാനുള്ള കൃപ അവിടുന്ന് നൽകി. വിശ്വാസ ജീവിതത്തിലൂടെ, കൗദാശികജീവിതത്തിലൂടെയാണ് ദൈവമക്കളാവാനുള്ള കഴിവ് മനുഷ്യമക്കൾ നേടുക.
ദൈവവുമായുള്ള സ്നേഹബന്ധത്തിന്റെ തീവ്രതയിൽ ജീവിക്കുമ്പോൾ, ജീവിക്കുന്നവർക്ക് ഈ കഴിവ് ദിവസേന വർദ്ധിച്ചു കൊണ്ടിരിക്കും.
മാംസമായ വചനത്തെ സ്വീകരിച്ച് ക്രിയാത്മകമായി പ്രത്യുത്തരിച്ചവർക്ക് ദൈവം നൽകിയ, നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ദൈവപുത്രത്വം. ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് അവന് പുത്രത്വം നൽകി അനുഗ്രഹിച്ചത്, അനുഗ്രഹിക്കുന്നത്.
പുത്രത്വം വെറും ദത്തുപുത്രത്വമല്ല. അരൂപിയിലൂടെയുള്ള, പരിശുദ്ധാത്മാവിലൂടെയുള്ള, ജനനത്തിലൂടെയാണ് ഒരുവൻ ഈ പുത്രത്വത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് യഥാർത്ഥത്തിൽ, ദൈവ പിതാവിന്റെ ജീവനിലുള്ള പങ്കുചേരലാണ്. വിശ്വസിച്ച് മാമോദിസ സ്വീകരിക്കുന്നവർക്കെല്ലാം ഈ ദൈവപുത്രത്വം സ്വന്തമാണ്. അതുകൊണ്ട് മാമോദിസ സ്വീകരിച്ചവരുടെ സമൂഹമായ സഭ ഒരു കുടുംബമാണ്. ദൈവപിതാവും സഭാ തനയെരെല്ലാം അവിടുത്തെ യഥാർത്ഥ മക്കളുമായ കുടുംബം. സഭാംഗങ്ങൾ തങ്ങൾക്ക് ലഭിച്ച ദൈവപുത്രത്വവും അതിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന സാഹോദര്യവുമാണ് സഭാജീവിതത്തിന്റെ അന്തസത്ത.
ഈ പുത്രത്വത്തിൽ വളർച്ചയുണ്ടാവണം. ദൈവ പിതാവിനോട് മക്കൾക്കടുത്ത ബന്ധത്തിലും പരസ്പരം സാഹോദര്യത്തിലും വളർന്നുകൊണ്ടാണ് വളർച്ച പ്രാപിക്കേണ്ടത്. ദൈവപുത്രനായ ഈശോമിശിഹായോടുള്ള സ്നേഹവും അവിടുന്നിലുള്ള ആഴമേറിയ വിശ്വാസവുമാണ് വളർച്ചയുടെ അളവുകോൽ. ദൈവപുത്രത്വം ദൈവത്തിൽ നിന്നുള്ള ജനനത്തിന്റെ ഫലമാണ്. ” അവർ ജനിച്ചത് രക്തത്തിൽ നിന്നോ, ശാരീരികാഭിലാഷത്തിൽ നിന്നോ, പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നാണ് (യോഹ.1: 13 ). മാമോദീസയിലൂടെ ദൈവത്തിൽനിന്നു ജനിച്ചവർ
‘ ശൈശവത്തിൽ നിന്ന് അനുനിമിഷം വളർച്ച പ്രാപിക്കുക’ ദൈവപുത്രത്വത്തിൽ ആയിരിക്കുന്നവരുടെ ഗൗരവാവഹമായ ഉത്തരവാദിത്വമാണ് .