തങ്ങളുടെ ഐക്യത്തിന്റെയും അതിന് ആവശ്യകമായ ശൂന്യ വൽക്കരണത്തിന്റെയുമെല്ലാം അടയാളമായ ഒരേ അപ്പത്തിലുള്ള ഭാഗഭാഗിത്വം, ഐക്യത്തിന്റെ സ്രോതസായ ദൈവത്തോട് ഒട്ടി നിൽക്കാൻ ആദിമ ക്രൈസ്തവർക്ക് സഹായകമായി. വിശുദ്ധ കുർബാനയിൽ നിന്ന് ഉരുത്തിരിയുന്ന ഐക്യം, കൂട്ടായ്മ, കൂട്ടുത്തരവാദിത്വം, പങ്കുവെക്കൽ ഇവ ആദിമ ക്രൈസ്തവരുടെ മുഖമുദ്രകളായിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും അവിടത്തോടുള്ള ഐക്യവും വഴി അവർക്ക് കൈവന്ന ദൈവമക്കളുടെ സ്വാതന്ത്ര്യം ഉത്തരവാദിത്വ പൂർവ്വം ഉപയോഗിക്കാൻ അപ്പോസ്തോലന്മാർ അവർക്ക് സ്നേഹ പ്രേരിതമായ പ്രചോദനം നൽകിയിരുന്നു. ദിവ്യകാരുണ്യാനുഭവം ക്രൈസ്തവ ജീവിതശൈലിക്ക് അടിസ്ഥാനവും മാനദണ്ഡവും മാതൃകയുമായി മാറ്റുന്നതിൽ ആദിമ ക്രൈസ്തവർ വിജയിച്ചു.
” എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ 6: 56) എന്ന തിരുലിഖിതം അതിന്റെ സകലമാന ങ്ങളിലും സംഗ്രഹിച്ചവരായിരുന്നു ആദിമ ക്രൈസ്തവ സമൂഹം. അവർക്ക് ബലിയർപ്പണം തങ്ങളുടെയും തങ്ങൾക്കുള്ളവയുടെയും തങ്ങൾക്കുള്ളവരുടെയും ഒരു സമ്പൂർണ്ണ സമർപ്പണം ആയിരുന്നു. ദിവ്യബലിയർപ്പണം വഴി അർപ്പകരെല്ലാം ഈശോമിശിഹായുമായി സത്താപരമായി ഐക്യപ്പെടുന്നു. അവിടുന്നുമായി പൂർണതയുടെ പൂർണ്ണതയിൽ ഒന്നാകുന്നു;ഒന്നാകണം. അവർ ഈശോയും ആയി ഏക ശരീരമാകുന്നു. ഇതിനെയാണ് ക്രിസ്തുവിലുള്ള ജീവിതം എന്ന് നാം വിശേഷിപ്പിക്കുക.
മാമോദിസയിലൂടെ ക്രിസ്തുവുമായി ഐക്യപ്പെട്ട ക്രിസ്ത്യാനിയുടെ ഈ ഐക്യം പരിശുദ്ധ കുർബാനയിൽ ആഴപെടുകയും പരിപക്വമാകുകയും ചെയ്യുന്നു . ഈ ഐക്യത്തിലായിരിക്കുമ്പോൾ മാത്രമാണ് ക്രിസ്ത്യാനിക്ക് നന്മചെയ്തു ചുറ്റി സഞ്ചരിക്കാൻ സാധിക്കുക. ഈശോ യാതൊരു സംശയത്തിനും ഇടമില്ലാത്ത വിധം വ്യക്തമാക്കുന്നു :” എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല” (യോഹ 15: 5).