മനുഷ്യാവതാരത്തിനും പീഡാനുഭവത്തിനും കുരിശുമരണത്തിനും കർത്താവിനെ പ്രേരിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹമാണ്. ബലി അർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് ക്ഷമിക്കുന്ന സ്നേഹം. എത്ര വ്യക്തമായ ഭാഷയിലാണ് കർത്താവ് ഈ സത്യം നമുക്ക് വ്യക്തമാക്കി തന്നിരിക്കുന്നത്.” നീ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യത പെടുക ; പിന്നെ വന്നു കാഴ്ച അർപ്പിക്കുക”( മത്താ. 5: 23- 24). പരിശുദ്ധ കുർബാന ചൊല്ലുന്ന എല്ലാവരും ( വൈദികനും ജനങ്ങളും) അനുരഞ്ജിതരായി, ഹൃത്തിൽ നവമൊരു പീഠമൊരുക്കി ഗുരുവിനോടുള്ള സ്നേഹത്താൽ നിറഞ്ഞു ബലി അർപ്പിക്കണമെന്ന നിർദ്ദേശം പരിശുദ്ധ കുർബാനയുടെ തുടക്കത്തിൽതന്നെ നൽകപ്പെടുന്നു.
അനുരഞ്ജിതരായിത്തീർന്നിടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീ യാഗം
തിരുമുമ്പാകെ അണച്ചീടാം
ഈ ക്ഷമ പൂർണ്ണവും വ്യവസ്ഥയില്ലാത്തതും അനുഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതുമായിരിക്കണം.
ആദിമസഭാംഗങ്ങൾ
എല്ലാവരുമായി അനുരഞ്ജിതരായാണ് ആദിമ സഭാംഗങ്ങൾ ജീവിച്ചിരുന്നത്. അതുകൊണ്ട് പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതം അവർക്ക് വളരെ എളുപ്പമായി. ” അവർ ഏകമനസ്സോടെ താല്പര്യപൂർവ്വം ദൈവാലയത്തിൽ ഒരുമിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും (പരിശുദ്ധ കുർബാന ചൊല്ലുകയും) ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ (സ്നേഹവിരുന്ന്) പങ്കുചേരുകയും ചെയ്തിരുന്നു. അവർ സദാ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് പാത്രമാവുകയും ചെയ്തു “(നട.2:46,47).രണ്ടാം അധ്യായം നാല്പത്തി രണ്ടാം വാക്യം ഏറെ വിഖ്യാതമാണ്.” അവർ അപ്പോസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ,അപ്പം മുറിക്കൽ, പ്രാർത്ഥന, എന്നിവയിൽ സദാ താൽപര്യപൂർവം പങ്കുചേരുന്നു