എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും..
ഉത്ഥാനഗീതത്തിന് ശേഷമുള്ള പ്രാർത്ഥന പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. നമുക്ക് കർത്താവ് ചെയ്യുന്ന നന്മകളും തന്മൂലം നാം ചെയ്യേണ്ട കാര്യങ്ങളും ആണ് ഈ പ്രാർത്ഥനയുടെ ഉള്ളടക്കം. കർത്താവു നമുക്കായി ചെയ്യുന്ന ഒന്നാമത്തെ കാര്യം അവിടുന്ന് നമ്മെ ഉയിർപ്പിക്കുന്നു എന്നതാണ്.
മാമോദിസ യിലൂടെ അവിടുത്തോടൊപ്പം നാം പാപത്തിൽ മരിച്ചു. ഇതു നമ്മുടെ ശാരീരിക മരണം വരെ തുടർന്നു കൊണ്ടിരുന്നാൽ കർത്താവിന്റെ രണ്ടാംവരവിൽ അവിടുന്നു നമ്മെ എന്നേക്കും (നിത്യം )ജീവിക്കാനായി ഉയിർപ്പിക്കും. ഇത് സുനിശ്ചിതമായ വസ്തുത ആയതുകൊണ്ടാണ് വിശ്വാസപ്രമാണം ” ശരീരത്തിന്റെ ഉയിർപ്പും, നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു” എന്നു പറഞ്ഞുകൊണ്ട് ഉപസംഹരിക്കപ്പെടുന്നത് .
ഈശോ ആത്മാക്കളെ രക്ഷിക്കുന്നവനാണ്. തന്റെ മനുഷ്യാവതാരവും, പീഡാനുഭവവും, കുരിശുമരണവും, പുനരുത്ഥാനവും, ലക്ഷ്യം വെച്ചത് നമ്മുടെ സാത്താന്റെ ദാസ്യത്തിൽ നിന്ന് പാപത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് എന്നേക്കുമായി മോചിപ്പിക്കുക എന്നതാണ്. നമ്മുടെ ആത്മരക്ഷ യാണ് നമുക്ക് പരമപ്രധാനം. ഈശോയുടെ നിർണായകവും ഭീതിജനകവും ആയ ചോദ്യം ” ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? സ്വന്തം ആത്മാവിന് പകരമായി അവൻ എന്തു കൊടുക്കും”( മത്തായി 16 :26) കൂടെ കൂടെ ഓർക്കുകയും ആത്മരക്ഷ കുറിച്ച് നിതാന്തജാഗ്രത പുലർത്തുകയും ചെയ്യാം.
ആത്മാവ് എന്നതിന്റെ ഗ്രീക്ക് പദം ‘ജീവൻ’ എന്നും വിവർത്തനം ചെയ്യാവുന്നതാണ്. അപ്പോൾ അത് നിത്യജീവനെ സൂചിപ്പിക്കുന്നു. അതോ നിത്യ ജീവനാണ് പരമപ്രധാനം.
ഈശോ” ജീവനെ നിത്യം പരിപാലിക്കുന്നവാനുമാകുന്നു”. യഥാർത്ഥത്തിൽ ഇതാണ് അവിടുത്തെ പരമോന്നത ദൗത്യം. നമ്മുടെ ജീവനെ, നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ( നിത്യ നരകാഗ്നിയിൽ നിപതിക്കാതെ ) നിത്യജീവനിലേക്ക് നയിക്കാനാണ് ദൈവത്തിലെ രണ്ടാമാളായ പുത്രൻ തമ്പുരാൻ മനുഷ്യനായി അവതരിച്ചത്. ഗബ്രിയേൽ മാലാഖ വിശുദ്ധ യൗസേപ്പിതാവിനോടു വ്യക്തമായി പറഞ്ഞത് ഓർക്കുക. ” അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവനു ഈശോ എന്ന പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും “(മത്തായി 1 :21,22 ).
ബലിയർപ്പകൻ കർത്താവിന്റെ കൃപ കളെ ഓർത്ത് കർത്താവിന് എപ്പോഴും…. സ്തുതിയും ആരാധനയും സമർപ്പിക്കാൻ കടപ്പെട്ടവരാണ്.” വിശ്വാസിയുടെ പരമോന്നത ഉത്തരവാദിത്വമാണ് തന്റെ സൃഷ്ടാവായ, രക്ഷകനായ, പരിപാലകനായ, തന്റെ മേൽ അനന്തകരുണ ചൊരിയുന്ന, നല്ല ദൈവത്തിനു സ്തുതി സ്തോത്രാരാധനകൾ അനുനിമിഷം സമർപ്പിക്കുക.