ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്.” മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിന് ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ “.
കർത്താവിന്റെ തിരുനാളുകളിലും മറ്റു പ്രധാനതിരുനാളുകളിലും ചൊല്ലാൻ മറ്റൊരു പ്രാർത്ഥനയുണ്ട്. കർത്താവിൽ വിശ്വസിക്കുകയും ആ വിശ്വാസം പരമാർത്ഥതയോടെ ഏറ്റുപറയുകയും ചെയ്യുന്നവരെ ശക്തരാക്കണമേ എന്ന് പ്രാർത്ഥിച്ചതിനുശേഷം ആത്മ ശരീരങ്ങളെ പവിത്രീകരിക്കുന്ന ഈ പരിഹാര രഹസ്യങ്ങൾ വിശുദ്ധിയോടെ മാത്രമേ പരികർമ്മം ചെയ്യാവൂ എന്നും ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. തുടർന്നുള്ള ഭാഗത്ത് അതിപ്രധാനമായ ഒരു നിർദ്ദേശവും ആശംസയും ആണ്.” നിർമ്മല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും കൂടെ അവർ അങ്ങേയ്ക്ക് പുരോഹിതശുശ്രൂഷ ചെയ്യുകയും അങ്ങ് കനിഞ്ഞുനൽകിയ രക്ഷയെപ്രതി നിരന്തരം അങ്ങയെ സ്തുതിക്കുകയും ചെയ്യട്ടെ “.
സാധാരണ ദിവസങ്ങളിൽ വളരെ ഹൃസ്വമായ, എന്നാൽ ഏറെ അർത്ഥസമ്പുഷ്ടമായ ഒരു ആശംസ യാണ്, ആരാധന പ്രകരണമാണ് ഉള്ളത്.” “ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ സംപൂജ്യമായ നാമത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ”.
ഈ മൂന്ന് പ്രാർത്ഥനകളിലായി ദൈവശാസ്ത്രപരമായ നിരവധി സത്യങ്ങൾ ഉൾചേർത്തിരിക്കുന്നു. മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി, പിതാവിന്റെ പ്രിയപുത്രൻ നൽകിയ ദിവ്യരഹസ്യങ്ങളുടെ പുനരവതരണം ആണ് പരിശുദ്ധ കുർബാന എന്ന ദൈവശാസ്ത്ര സത്യവും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. അർപ്പകാരുടെ ബലഹീനത ആദ്യ രണ്ട് പ്രാർത്ഥനകളിലും ഊന്നിപറയുന്നു.” ബലഹീനരായ ഞങ്ങളെ ശക്തരാകണമേ. ” പരിശുദ്ധ കുർബാന വിശ്വാസത്തിലധിഷ്ഠിതമാണെന്നും ഈ പ്രാർത്ഥനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മാമ്മോദീസായിൽ ലഭിച്ച പൗരോഹിത്യം ഉപയോഗിച്ച് ബലിയർപ്പകരെല്ലാം നിർമല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും ഈ പുരോഹിതശുശ്രൂഷ ചെയ്യണമെന്നും ഈ പ്രാർത്ഥനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ഉറപ്പിച്ചു പഠിപ്പിക്കുന്നതോടൊപ്പം ആ മഹനീയ ത്രിത്വത്തിന്റെ നാമത്തിന് എപ്പോഴും “സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും അർപ്പിക്കേണ്ടത്അവശ്യവശ്യമാണെന്ന് ” അവസാനത്തെ പ്രാർത്ഥനയിൽ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.