വിവാഹമോചനം

Fr Joseph Vattakalam
2 Min Read

ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.മത്തായി 5 : 31-32

മോശയുടെ നിയമമനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കുക ഭർത്താവിനു വളരെ വിഷമമുള്ള ഒരു കാര്യം ആയിരുന്നില്ല. നിയ 24:1 അനുസരിച്ച് ഒരുവൻ വിവാഹിതനായ ശേഷം ഭാര്യയിൽ എന്തെങ്കിലും തെറ്റ് കണ്ട് അവന് അവളോട് ഇഷ്ടം ഇല്ലാതായാൽ ഉപേക്ഷ പത്രം കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയക്കാം. ഈ നിയമം ഏകപക്ഷീയമായി ഭർത്താക്കന്മാരെ അനുകൂലിക്കുന്നത് ആയിരുന്നു. മേൽപ്പറഞ്ഞ ഉപേക്ഷ പത്രം കൊടുക്കുന്നത് ഇനി അവൾക്ക് ഭർത്താവിൽ അവകാശം ഒന്നുമില്ലെന്ന് വ്യക്തമാക്കാനാണ് . ഭർത്താവിന്റെ സമ്പത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഭാര്യയ്ക്ക് ഇവിടെ നീതി ലഭിക്കുന്നില്ല. ഈ നിയമത്തെ ആണ് യേശു ദൈവഹിതമനുസരിച്ച് വ്യാഖ്യാനിക്കുക. അതുവഴി അവിടുന്ന് നിയമത്തെ പൂർത്തിയാക്കുന്നു. ഭാര്യയെ ഉപേക്ഷിക്കുന്നവൻ കുറ്റക്കാരനാണെന്ന് യേശു കണ്ടെത്തുന്നു. കാരണം അവൻ അവളെ വ്യഭിചാരിണി ആക്കുന്നു.

ഉപേക്ഷിക്കപ്പെട്ടവൾ മറ്റൊരാളെ വിവാഹം കഴിക്കാൻ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ നിർബന്ധിതയായിത്തീരുന്നു. അവർ ഇരുവരും വ്യഭിചാരം ചെയ്യുന്നു. ഇതുവഴി യേശു വിവാഹബന്ധത്തിന്റെ അഭിവാജ്യ തയെ ഉയർത്തി പിടിക്കുകയായിരുന്നു. ഉപേക്ഷ പത്രം കൊടുത്തതുകൊണ്ട് വിവാഹബന്ധം ഇല്ലാതാകുന്നില്ല. അതുകൊണ്ടാണ് ഉപേക്ഷ പത്രം ലഭിച്ച സ്ത്രീ വിവാഹം ചെയ്യുമ്പോൾ ഇരുവരും വ്യഭിചാരം ചെയ്യുന്നു എന്ന് യേശു തറപ്പിച്ചു പറയുക. മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു വ്യവസ്ഥ പലർക്കും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പരസംഗം മൂലമല്ലാതെ എന്നതാണ് സംശയം സൃഷ്ടിക്കുന്ന വ്യവസ്ഥ. പരസംഗം മൂലം ഭാര്യയെ ഉപേക്ഷിക്കുക അനുവദനീയമാണെന്ന് വരുന്നില്ലേ എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. യേശു വിവാഹത്തിന് അഭിവാജ്യ തയെ ഊന്നിപ്പറയുന്നു. മൂന്നു സുവിശേഷകരും ഇതിനു സാക്ഷ്യം വഹിക്കുന്നു (മർക്കോ. 10: 11- 12 ; ലൂക്ക 16: 18 ; മത്താ 19: 9 എന്നീ വാക്യങ്ങൾ കാണുക). ഇതേക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾക്ക് 19 :3- 9ന്റെ വ്യാഖ്യാനം കാണുക. ഇത്രയും ഗൗരവത്തോടെ യേശു വിവാഹത്തിന്റെ അഭിവാജ്യതയെ ഊന്നിപ്പറയുമ്പോൾ പരസംഗം കൊണ്ട് ഭാര്യയെ ഉപേക്ഷിക്കാം എന്ന് യേശു പറയാൻ സാധ്യതയില്ല. പഴയ നിയമത്തിൽ തന്നെ അവിശ്വസ്തയായ ഇസ്രായേലിനെ തിരിച്ചെടുക്കുന്ന ദൈവത്തിന്റെ സ്നേഹം ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ് (ഹോസി. മൂന്നാം അധ്യായം കാണുക ). വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന വരെയാകാം ഇവിടെ പരാമർശിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ട്. മർക്കോസും ലൂക്കായ് ഇക്കാര്യം സൂചിപ്പിക്കാത്തതു കൊണ്ട് മത്തായി സുവിശേഷകൻ കൂട്ടിച്ചേർത്തത് ആയിരിക്കണം ഈ വ്യവസ്ഥ. മറ്റൊരു കാഴ്ചപ്പാടിൽ ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. വിവാഹത്തിന്റെ അഭിവാജ്യതയെ പോലെ തന്നെ വിവാഹജീവിതത്തിലെ വിശുദ്ധിക്കും യേശു പ്രാധാന്യം നൽകിയിരുന്നെന്നും അതുകൊണ്ട് വ്യഭിചാരത്തിന്റെ പേരിൽ വിവാഹമോചനം യേശു അനുവദിച്ചിരുന്നെന്നതുമാണ് ഈ വ്യാഖ്യാനം. ഇത് സുവിശേഷങ്ങളിലെ പൊതുവായുള്ള ചിന്താഗതിയും ആയി യോജിക്കുന്നില്ല. സഭ വ്യഭിചാരം വിവാഹമോചന ത്തിനു മതിയായ കാരണമായി അംഗീകരിക്കുന്നില്ല.

TAGGED:
Share This Article
error: Content is protected !!