രക്ഷാദായകൻ

Fr Joseph Vattakalam
4 Min Read

ഈശോയുടെ പരസ്യജീവിതകാലത്ത് രക്ഷാ പ്രവർത്തനങ്ങൾക്കു പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്. പ്രബോധനം, പ്രഘോഷണം, രോഗശാന്തി. ഈ മേഖലകളിലെ  അവിടുത്തെ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം മത്തായി 4 :23 ലുണ്ട്. ” അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റി സഞ്ചരിച്ചു”.

 ലോക രക്ഷക്കായുള്ള ഈശോയുടെ പ്രബോധനങ്ങൾ എല്ലാം തന്നെ ക്രമമായും ചിട്ടയായും ആകർഷകമായും സുന്ദരമായും 5 പ്രസംഗങ്ങളിലാക്കി  മത്തായി ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ആദ്യത്തേത് വിഖ്യാതമായ ഗിരിപ്രഭാഷണം അഥവാ മലയിലെ പ്രസംഗം ആണ്.ഈ പ്രസംഗത്തിൽ ഈശോ പഠിപ്പിക്കുന്ന ധാർമികത ( ക്രൈസ്തവ ധാർമികത ) പഴയനിയമത്തിലെ 10 കല്പന അവതരിപ്പിക്കുന്ന ധാർമികതയിൽ ( ദൈവം കൽപലകകളിൽ എഴുതി മോശയ്ക്ക് നേരിട്ട് നൽകിയാണ് ഈ കൽപനകൾ സനാതന പ്രാധാന്യമുള്ളവയാണ് ) ഊന്നി നിൽക്കുന്നതും അതേസമയം പഴയനിയമ ധാർമികതയെ പൂർണമാകുന്നതുമാണ്.

 ദൈവം നൽകിയ പത്ത് കൽപ്പനകൾ വിശദാംശങ്ങളോടെ പുറപ്പാട് 20: 17 നമുക്ക് കാണാം.ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:

അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.

ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.

മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;

അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.

എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.

നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.

സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക.

ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.

എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്‌. അന്ന്‌ നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.

എന്തെന്നാല്‍, കര്‍ത്താവ്‌ ആറുദിവസം കൊണ്ട്‌ ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.

നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

കൊല്ലരുത്‌.

വ്യഭിചാരം ചെയ്യരുത്‌.

മോഷ്‌ടിക്കരുത്‌.

അയല്‍ക്കാരനെതിരായി വ്യാജസാക്‌ഷ്യം നല്‍കരുത്‌.

അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.

 ഇക്കാര്യം വ്യക്തമാക്കാൻ ഈശോയുടെ രണ്ട് പ്രസ്താവനകൾ മതിയാവും.

1. നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനാണ് ഞാൻ വന്നത് എന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്  ( 5: 17).

(2) നിങ്ങളുടെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. എന്ന് ഞാൻ നിങ്ങളോട് പറയുന്നു. പ്രശംസനീയമായ രചന വൈഭ വമാണ് മത്തായി ഇവിടെ തെളിയിക്കുക. യഹൂദ ഗുരുക്കന്മാർ പഠിപ്പിച്ച ധാർമികതയെ ക്കാൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നതാണ് ഈശോ പഠിപ്പിച്ച ആധ്യാത്മികത. നിയ. 9 :9 വ്യക്തമാക്കുന്നത് പോലെ സീനായി മലയിൽ വെച്ചാണ് 10കല്പനകൾ നൽകപ്പെട്ടത്. മോശ ദൈവത്തിൽനിന്നും കല്പനകൾ സ്വീകരിച്ചു ജനത്തിനു നൽകി അത്രമാത്രം. എന്നാൽ ഈശോ അധികാരത്തോടെ കൂടി ജ നങ്ങളെ പഠിപ്പിച്ചു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു! എന്ന് തിരുത്തലിനെ സൂചിപ്പിക്കുന്ന വാക്കുകൾ ഈശോയുടെ ദൈവാധി കാരത്തെ ആണ് ഊന്നിപ്പറയുന്നത്. 5:22-28-32-34-39-44). ഈശോ തന്നെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ ശ്രോതാക്കൾ എല്ലാവരും അവിടുത്തെ പ്രബോധനത്തെ പറ്റി വിസ്മയിച്ചു. കാരണം അവരുടെ നിയമജ്ഞരേ പോലെ അല്ല അധികാരം ഉള്ളവനെ പോലെയാണ് അവിടുന്ന് പഠിപ്പിച്ചത് (7: 28). പ്രസംഗത്തിലെ ഉള്ളടക്കത്തെ കാൾ ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികതയെ കുറിച്ചാണ് ജനങ്ങൾ ആശ്ചര്യപ്പെടുന്നത്. യഹൂദ റബ്ബിമാർ അവരുടെ പൂർവിക റബ്ബിമാരുടെ ആധികാരികതയിൽ ആണ് ആശ്രയിച്ചത്. എന്നാൽ ദൈവം രക്ഷകനും രാജാവും ജീവ ദാതാവും ആയ ഈശോമിശിഹാ ആ നിലകളിലൊക്കെ സ്വന്തം നാമത്തിൽ ആണ് പഠിപ്പിച്ചത്.

 ഈശോയുടെ പ്രബോധനങ്ങൾ ഊന്നിനിൽക്കുന്നത് സുവിശേഷ പ്രഘോഷണവും രോഗസൗഖ്യങ്ങളും മറ്റ് അത്ഭുതങ്ങളും വഴി രക്ഷാദൗത്യം നിർവ്വഹിക്കുകയായിരുന്നു. തന്റെ അസാന്നിധ്യത്തിൽ തുടർന്നുകൊണ്ടുപോകാൻ അവിടുന്ന് ശിഷ്യന്മാരെ പരിശീലിപ്പിക്കുകയാണ്. ഗുരുവിന്റെതല്ലാത്ത മറ്റൊരു ദൗത്യം ശിഷ്യർക്ക് ഇല്ല.

 ഈശോയുടെ രക്ഷാകര ദൗത്യം സകല മനുഷ്യരെയും (ആബാലവൃദ്ധം) ഉൾക്കൊള്ളുന്നതാണ്. പതിമൂന്നാം അദ്ധ്യായത്തിൽ 47,48 വാക്യങ്ങൾ ഈ സത്യമാണ് ഈശോ ഉപമാ രൂപത്തിൽ ഉദ്ബോധിപ്പിക്കുന്നത്.

” സ്വർഗ്ഗരാജ്യം എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അത് വലിച്ചു കയറ്റി. അവർ അവിടെ ഇരുന്നു നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും  ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു.

ഈ ഉപമയിൽ വലയുടെ വലുപ്പത്തെക്കുറിച്ച് സൂചനയുണ്ട്. അതോ നിറയുവോളം അത് വെള്ളത്തിൽ തന്നെയായിരുന്നു. ഈ വല മനുഷ്യരെ പിടിക്കുന്ന വല ആണ്. കടലിൽ വല വീശി കൊണ്ടി രുന്ന പത്രോസിനോടും അന്ത്രയോസിനോടും ഈശോ വാഗ്ദാനംചെയ്ത് മനുഷ്യരെ പിടിക്കുന്നവരാക്കും എന്നാണല്ലോ. നല്ലതും ചീത്തയും തമ്മിലുള്ള വേർതിരിവ് മിശിഹായുടെ രണ്ടാംവരവിൽ ഉള്ള വേർതിരിവിനെയാണ് സൂചിപ്പിക്കുന്നത്. സ്വർഗ്ഗവും നരകവുമുണ്ട്.  ബോധം നഷ്ടപ്പെടുന്നതു വരെയെ കരുണ യുള്ളൂ. മരിച്ചാൽ ഉടനെ ദിവ്യ രക്ഷകൻ മോക്ഷത്തിനോ (നീതി പ്രവർത്തിച്ചവർക്ക്) നരകത്തിനോ വിധിക്കപ്പെടും. പാപങ്ങളെക്കുറിച്ച് അനുതപിച്ചു കുമ്പസാരിച്ചവരാണെങ്കിൽ അവരുടെ കടങ്ങൾക്ക് പൂർണ്ണ പരിഹാരമായിട്ടില്ലെങ്കിൽ, അവർക്ക്, പൂർത്തീകരണത്തിന് ഒരു ‘സഹനകാലം ‘അനുവദിച്ച്, പൂർത്തിയാക്കി കഴിയുമ്പോൾ  അവർക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവും.

മത്തായി 25: 34,41അനന്തരം രാജാവ്‌ തന്റെ വലത്തുഭാഗത്തുള്ളവരോട്‌ അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്‌ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്‌ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.

അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.

മത്തായി 25 : 34,41

Share This Article
error: Content is protected !!