(ഉല്പത്തി പുസ്തകം 19: 1- 29) വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ താണുവണങ്ങി.
അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു:വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.
അവന്‍ വളരെ നിര്‍ബന്‌ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്‌ഷിച്ചു.
അവര്‍ കിടക്കുംമുമ്പേസോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്‌ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു.
അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെ യടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക.
ലോത്ത് പുറത്തി റങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു.
അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോടുയാചിക്കുന്നു.
പുരുഷസ്‌പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്‌ടംപോലെ അവരോടു ചെയ്‌തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു.
പരദേശിയായി വന്നവന്‍ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്‌തിയായി തള്ളിമാറ്റി വാതില്‍തല്ലിപ്പൊളിക്കാന്‍ ചെന്നു.
പ ക്‌ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു.
വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്‌ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.
ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്‍മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക.
ഈ സ്‌ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്‌ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.
ഉടനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്‌ഥലം വിട്ടുപോവുക. കര്‍ത്താവ് ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണ് എന്നത്ര അവര്‍ക്കു തോന്നിയത്.
നേരം പുലര്‍ന്നപ്പോള്‍ ദൂതന്‍മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.
എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.
അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്‌ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.
ലോത്ത് പറഞ്ഞു:യജമാനനേ, അങ്ങനെ പറയരുതേ!
ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്‌ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്‌ഷപെടാന്‍ എനിക്കു വയ്യാ. അപ കടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.
ഇതാ, ആ കാണുന്ന പട്ടണം ഓടി രക്‌ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്‌ഷപെട്ടുകൊള്ളട്ടെ? – അതു ചെറുതാണല്ലോ – അങ്ങനെ എനിക്ക് ജീവന്‍ രക്‌ഷിക്കാം.
അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞപട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്‌ഷപെടുക.
നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.
ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു.
കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്‌ധകവും വര്‍ഷിച്ചു.
ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.
ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.
അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്‌ഥലത്തേക്കുചെന്നു.
അവന്‍ സോദോമിനുംഗൊമോറായ്‌ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.
താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്‌ഷിച്ചു.
ഉല്‍പത്തി 19 : 1-29
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2357 ആം ഖണ്ഡികയുടെ സ്വവർഗ്ഗ ലൈംഗികത പാപമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലേവ്യ ഗ്രന്ഥം 18 :22 വ്യക്തമായി പറയുന്നു : ” സ്ത്രീയോടുകൂടെ എന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത് അത് മ്ലേച്ഛതയാകുന്നു”. 18: 21 സൂചിപ്പിക്കുന്നു ഇത് ദൈവനാമത്തെ തന്നെ അശുദ്ധമാക്കുന്ന പ്രവർത്തി ആകുന്നുവെന്ന്. ലേവ്യ 20: 13 ഈ ഹീനതയുടെ സുതരാം വ്യക്തമാക്കുന്നു: ” ഒരുവൻ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും ഹീനമായ പ്രവർത്തി ആണ് ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേൽ ആയിരിക്കട്ടെ”. ‘അവരുടെ രക്തം അവരുടെമേൽ പതിക്കട്ടെ’ എന്നതിന് അവരുടെ മരണത്തിന് അവർ തന്നെ ഉത്തരവാദികൾ ആയിരിക്കും എന്നാണ് അർത്ഥം. അവരെ കല്ലെറിഞ്ഞു കൊല്ലുന്നവർക്ക് കുറ്റം ഉണ്ടായിരിക്കുകയില്ല.
തങ്ങൾക്കു ചുറ്റുമുള്ള ഇതര ജനതകളെ പോലെ ആകാനുള്ള പ്രലോഭനം ഇസ്രായേലിൽ എക്കാലവും അതിശക്തമായിരുന്നു. ഈ പ്രലോഭനം ഇന്നത്തെ ജനതകൾക്കും ക്രൈസ്തവർക്കു പോലും അനുഭവപ്പെടുന്നുണ്ട്. മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനികസമൂഹത്തിൽ, പൊതുജനാഭിപ്രായത്തെ ധാർമികതയുടെ മാനദണ്ഡമായി സ്വീകരിക്കാൻ, സോഷ്യൽ മീഡിയകളിൽ പറയുന്ന ആഭാസങ്ങൾ എല്ലാം സ്വീകാര്യമാണെന്ന് ചിന്തിച്ചു, വഴിതെറ്റി, ഇരുളിൽ നിപതിച്ചു അഗാധ ഗർത്തങ്ങളിൽ നിപതി ക്കുന്നവരുടെ സംഖ്യ അമ്പേ പെരുകുകയാണ്. എന്നാൽ ഇന്ന് ഏവർക്കും കരണീയമായിട്ടുള്ളത് ഏക രക്ഷകനും ലോക രക്ഷകനും സത്യ ദൈവവും സത്യം മനുഷ്യനുമായ മിശിഹായുടെ സത്യ പ്രബോധനങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ച്, സ്വയരക്ഷ പ്രാപിക്കാനും മറ്റുള്ളവരെ സത്പന്ഥാവിലേക്ക് നയിക്കുന്ന മാർഗ്ഗദർശികളുമാവാൻ സാമോദം സന്നദ്ധരാവുക എന്നതാണ്. നാട്ടുനടപ്പല്ല നല്ല മനുഷ്യന്റെ നിയമം. നല്ല ദൈവത്തിന് നിയമങ്ങൾ കൃത്യമായി പാലിച്ചു നിത്യരക്ഷ പ്രാപിക്കുക എന്നതാണ് ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതം. ഒരു ജീവിതമേ ഉള്ളൂ. എല്ലാവരും മരിക്കും. തുടർന്നുള്ള ജീവിതം നിത്യമാണ്. ” മനുഷ്യ നീ നിന്റെ അന്ത്യ( മരണം, വിധി, മോക്ഷം, നരകം) ത്തെ കുറിച്ച് ചിന്തിക്കുക. എങ്കിൽ നീ പാപം ചെയ്യുകയില്ല ( പ്രഭാഷകൻ 7: 16 ).
പൗലോസ് അസന്നിഗ്ധമായി പറയുന്നു : ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്‌ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.
ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്ത വരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു (2 കോറിന്തോസ് 6 : 9-10).
വീണ്ടും 1തിമോത്തി 1 :8 -10 ൽ സ്വവർഗ്ഗ ഭോഗം എന്ന പ്രകൃതിവിരുദ്ധ പാപത്തിന്റെ ഗൗരവത്തെക്കുറിച്ച് ശ്ലീഹ പരാമർശിക്കുന്നുണ്ട്. ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം.
നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍, അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ് (1 തിമോത്തേയോസ് 1 : 8-10)
റോമാ 1: 26 -27 ലും സ്ത്രീപുരുഷന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വൈകൃ തത്തെ തികച്ചും പ്രകൃതിവിരുദ്ധ പാപമായി പൗലോസ് വ്യവച്ഛേദിക്കുന്നു.അക്കാരണത്താല്‍ ദൈവം അവരെ നിന്‌ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകള്‍ സ്വാഭാവികബന്‌ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്‌ധബന്‌ധങ്ങളിലേര്‍പ്പെട്ടു.
അതുപോലെ പുരുഷന്‍മാര്‍ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്‌ധം ഉപേക്‌ഷിക്കുകയും പരസ്‌പരാസക്‌തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്‌ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന് അര്‍ഹമായശിക്‌ഷ അവര്‍ക്കു ലഭിച്ചു (റോമാ 1 : 26-27).
ഒരു പാപവും സ്വതന്ത്രവും വിശ്വസ്തവുമാവുകയേയില്ല. വിശുദ്ധ ഗ്രന്ഥത്തിന് തിരുസഭ നൽകുന്ന സത്യസന്ധമായ വിശദീകരണത്തിന് അപ്പുറമായ വിശദീകരണം നൽകുന്നതും മ്ലേച്ഛതയിൽ ഏർപ്പെടുന്നതും വിനാശത്തിലേക്ക് നയിക്കുന്ന വിശാലമായ വഴി മാത്രമാണ്. സ്വവർഗ്ഗരതി വിവാഹേതരബന്ധങ്ങൾ തുടങ്ങി ദൈവത്തിനു നിരക്കാത്ത പ്രവർത്തികൾ ചെയ്യുകയോ അതിന് അംഗീകാരം നൽകുകയോ പരോക്ഷമായി പോലും നീതികരിക്കുകയോ ചെയ്യുന്നതും ഇങ്ങനെയുള്ളവരെ ആശീർവദിക്കുന്നതും( വൈദികരോ മെത്രാന്മാരോ ആരുതന്നെയായാലും ) അങ്ങനെ മിശിഹായുടെ മൗതിക ശരീരത്തിലെ അശുദ്ധമാക്കുന്ന വരും ദൈവതിരുമുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും, തീർച്ച.