വഞ്ചിക്കപ്പെട്ടവന്റെ പരിഭ്രാന്തി
ദൈവനിഷേധകന്റെ മൗഢ്യം തന്നെ ഇതിന്റെയും പ്രമേയം. ഇക്കൂട്ടർ മ്ലേച്ഛതയിൽ ഒഴുകി ജീവിക്കുന്നു. ഇവരുടെ ഇടയിൽ നന്മ ചെയ്യുന്നവൻ ആരുമില്ല (വാക്യം 1). ” ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യമക്കളെ നോക്കുന്നു. ദൈവത്തെ തേടുന്ന ജ്ഞാനികൾ ഉണ്ടോയെന്ന് അവിടുന്ന് ആരായുന്നു “(വാ.2). വളരെ പരിതാപകരമാണു ലോകത്തിന്റെ അവസ്ഥ. ” എല്ലാവരും വഴി തെറ്റി ഒന്നുപോലെ ദുഷിച്ചു പോയി. നന്മ ചെയ്യുന്നവൻ ഇല്ല. ഒരുവൻ പോലുമില്ല (വാക്യം 3 ).
മനം മടുത്തു മഹോന്നതൻ ചോദിക്കുന്നു : ” ഈ അധർമ്മികൾക്ക് ബോധമില്ലേ? ഇവർ എന്റെ ജനതയെ അപ്പം പോലെ തിന്നൊടുക്കുന്നു. ഇവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. അതാ, അവർ വിഭ്രാന്തരായി കഴിയുന്നു. ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി (വാക്യം 4).
ദൈവനിഷേധകരുടെ ജീവിതം ഇങ്ങനെ ആയിരിക്കുകയുള്ളൂ . അതുകൊണ്ട് സാധകന് സങ്കോചം പ്രഖ്യാപിക്കാം. “അവർ ലജ്ജിതരാകും”. കാരണം ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു.
സ്നേഹിതരാൽ വഞ്ചിക്കപ്പെട്ടവന്റെ വിലാപമാണ് സങ്കീർത്തനം 55. സാധകന് എതിര് നിൽക്കുന്നത് ഒരാളെന്നും പലരെന്നും തോന്നത്തക്കവിധം ഇതിൽ ഏക – ബഹുവചന രൂപങ്ങൾ ഇടകലർത്തി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിനെ മൂന്നായി തിരിക്കാനാവും.1-8 പ്രാർത്ഥന കേൾക്കണമേ എന്ന അപേക്ഷയും അതിനുള്ള കാരണവും വ്യക്തമാക്കുന്നു. 9-5 ശത്രുവിനെതിരെയുള്ള പ്രാർത്ഥനയാണ് ; ഒപ്പം അവരുടെ ഉപജാപങ്ങളെക്കുറിച്ചുള്ള വിവരണവും.16-23 ദൈവം ഇടപെടും എന്നുള്ള പ്രത്യാശയും സ്നേഹിതന്റെ വഞ്ചന നിറഞ്ഞ പെരുമാറ്റത്തെകുറിച്ചുള്ള വിവരണവും.
ആദ്യ രണ്ടു വാക്യങ്ങളിൽ കഷ്ടതയിൽ ഇരിക്കുന്ന ഭക്തൻ തന്റെ പ്രാർത്ഥന കേൾക്കണമേ എന്നും ദൈവത്തോട് കേണപേക്ഷിക്കുന്നു. ശത്രുക്കളുടെ തിൻമ വരുത്തിവയ്ക്കുന്ന കഷ്ടത യെ കുറിച്ചുള്ള വിലാപമാണ് 3 -8.
രണ്ടാം ഭാഗത്ത് ആമുഖമായി ശത്രുവിനെതിരെയുള്ള അപേക്ഷയും തുടർന്ന് അവരുടെ തിന്മയെ കുറിച്ചുള്ള വിവരണങ്ങളും ആണ് 9-15.
16 മുതൽ ഉള്ള വാക്യങ്ങളിൽ പൂർവാധികം പ്രത്യാശയോടെ സാധകൻ പരാപരനെ വിളിച്ചപേക്ഷിക്കുകയും സുഹൃത്തിന്റെ വഞ്ചന നിറഞ്ഞ പെരുമാറ്റത്തെ വിലയിരുത്തുകയും ആണ്. അപേക്ഷയും പരാതിയും മാറിമാറി വരുന്നുണ്ട്.
ദൈവം തനിക്കുവേണ്ടി നിലകൊള്ളണം എന്നതാണ് വിലാപകാരന്റെ ആഗ്രഹം. ശത്രു ഒരാളാണെന്ന് തോന്നത്തക്കവിധം ഏകവചനം ആണ് ആദ്യ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ശത്രു ഭീകരനായ പീഡകൻ ആണെന്ന് വിവരണത്തിൽ നിന്ന് വ്യക്തം(വാ.3). പരിഭ്രാന്തി, വേദന, മരണഭീതി, (വാക്യം 4), ഭയം വിറയൽ (വാ.5)ഇവ തന്നെ ഗ്രസിച്ചിരിക്കുന്നുവെന്ന് സഹനദാസൻ സർവ്വശക്തനെ ഉണർത്തിക്കുന്നു.
55:4-8
എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.
ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
കൊടുങ്കാറ്റില്‍നിന്നും ചുഴലിക്കാറ്റില്‍നിന്നും ബദ്ധപ്പെട്ട് അകന്നു സങ്കേതം തേടുമായിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 55 : 4-8.
ദൈവത്തിന്റെ ഇടപെടൽ മാത്രമാണ് തന്റെ ജീവൽപ്രശ്നത്തിന് പരിഹാരം ആയി ദൈവദാസൻ കാണുന്നത്. രണ്ടാമത്തെ ഭാഗത്തെ ചിത്രീകരിക്കുന്നത് നിരവധി ശത്രുക്കളെ ആണെന്ന് വ്യക്തം. കാരണം ബഹുവചന രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ കപടോദ്യമങ്ങളെ പരാജയപ്പെടുത്താനും അവരുടെ ഭാഷയെ ഭിന്നിപ്പിക്കാനും ആണ് ഇവിടുത്തെ പ്രാർത്ഥന.
” അവരുടെ ഭാഷകളെ ഭിന്നി പ്പിക്കണമേ ” എന്ന പ്രാർത്ഥനാ ബാബേൽ ഗോപുരത്തെ( ഉല്പത്തി 11 :7 ) അനുസ്മരിപ്പിക്കുക മാത്രമല്ല മുനിയുടെ ദുഃഖത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഈ ശത്രുക്കൾ തിന്മയുടെ ഒരു വലിയ നിര തന്നെ നഗരത്തിൽ ഉയർത്തുന്നുണ്ട്.
പന്ത്രണ്ടാം വാക്യത്തിൽ വഞ്ചകനായ സുഹൃത്തിനെക്കുറിച്ച് വീണ്ടും സംസാരിച്ചു കൊണ്ടും ഏകവചന രൂപത്തിലേക്ക് വിലാപ പുരുഷൻ കടക്കുന്നു. ശത്രുക്കളോട് ചേർന്ന് തന്നെ ഉപദ്രവിക്കുന്ന സ്നേഹിതൻ ദാസന്റെ ദുഃഖം ശതഗുണിഭവിപ്പിക്കുന്നു. പതിനഞ്ചാം വാക്യത്തിൽ വീണ്ടും ബഹുവചനം ഉപയോഗിച്ചിരിക്കുന്നു . അവർക്കെതിരെ ശാപവാക്കുകൾ തന്നെയാണ് സാധകൻ ഉപയോഗിക്കുക.