കർത്താവേ, കരുണയായിരിക്കേണമേ!
അനുതാപ സങ്കീർത്തനങ്ങളിൽ (ആകെ 7) അഗ്രിമ സ്ഥാനത്താണ് 51 ആം സങ്കീർത്തനം. ക്രൈസ്തവ ആരാധനക്രമത്തിലെ അനുദിന പ്രാർത്ഥനകളിൽ അതുല്യ സ്ഥാനമാണ് ഇത് അലങ്കരിക്കുക. ഇതൊരു യഥാർത്ഥ അനുതാപ പ്രാർത്ഥനയാണ്. ഇതിന്റെ പശ്ചാത്തലം 2 സാമുവൽ 11: 12 അധ്യായങ്ങളിൽ ആണ്. ഊറിയായെ ചതിയിൽ കൊലപ്പെടുത്തുകയും അവന്റെ ഭാര്യ ബേത്ഷെബായെ സ്വന്തമാക്കുകയും ചെയ്ത ദാവീദിനെ നാഥാൻ പ്രവാചകൻ അതിശക്തമായി അപലപിച്ചപ്പോൾ പശ്ചാത്താപവിവശനായ അവൻ പാടി പ്രാർത്ഥിച്ചത് ആണിത്.
1- 5 വാക്യങ്ങളിൽ പാപമോചനത്തിനായുള്ള അപേക്ഷയാണ്. ഹൃദയശുദ്ധിയ്ക്കും ദൈവീക സന്തോഷത്തിനും വേണ്ടിയുള്ള അർത്ഥന യാണ് വാക്യം 6. അനുതാപവും മാനസാന്തരവും ദൈവത്തിൽ നിന്ന് ലഭ്യമാകും എന്ന വിശ്വാസം ദൈവത്തിന്റെ പാപക്ഷമ ലഭ്യമാക്കും എന്നുള്ള വിശ്വാസം, രക്ഷയെ പ്രകീർത്തിക്കും എന്ന തീരുമാനം,സ്വീകാര്യമായ ബലിയർപ്പണം എന്തെന്നുള്ള ബോധ്യം ഇവ ഈ ഭാഗത്ത് പ്രകടമാണ്. കരുണയും പാപമോചനവും യാചിച്ചു കൊണ്ടാണ് സങ്കീർത്തനം ആരംഭിക്കുന്നത്(വാ.2).
ദൈവത്തിന്റെ, അമ്മയ്ക്ക് അടുത്ത സ്നേഹത്തിന്റെ, കരുതലിന്റെ,അനുകമ്പയുടെ, ആഴം അനുഭവിച്ചുകൊണ്ടാണ് ഭക്തൻ തെറ്റുകളുടെ ഏറ്റുപറച്ചിൽ നടത്തുക. ഏതൊരു അനുതാപിക്കും ഏറ്റം അനുകരണാർഹമായ ആത്മീയ മനോഭാവമാണ് ദാവീദ് അവതരിപ്പിക്കുക.
3-5 ൽ ഇസ്രായേൽക്കാർ പാപത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നാല് ഹീബ്രൂ പദങ്ങളും ഈ വാക്യങ്ങളിൽ സങ്കീർത്തകൻ ഉപയോഗിച്ചിരിക്കുന്നു. ‘ഹതാ ‘ എന്ന വാക്കാണ് പൊതുവായി പാപത്തെ കുറിക്കുന്ന പദം. ഇതോടൊപ്പം വ്യക്തിപരമായി പാപത്തെ കുറിക്കുന്ന ‘അവോൺ’ നിയമ നിഷേധത്തെ സൂചിപ്പിക്കുന്ന ‘പാഷാ ‘,പാപത്തിന്റെ മുറിവേൽപ്പിക്കുന്ന സ്വഭാവത്തിന് ഊന്നൽ നൽകുന്ന ‘ റാ’ എന്ന പദവും കൂടി ചേർത്ത് വലിയ ഗൗരവം അനുതാപി വ്യക്തമാക്കുന്നു.
പാപമോചനം അവന്റെ അടിയന്തരമായ ആവശ്യമായി കുറവു കൂടാതെ രേഖപ്പെടുത്തുകയാണ്.
സഹോദര സ്നേഹത്തിന് എതിരായ തെറ്റുകൾ ദൈവത്തിന് എതിരായ തെറ്റാണെന്ന് സാധകൻ സ്ഥാപിച്ചു സമ്മതിക്കുന്നത്. ഉത്തവം മുതലേ താൻ പാപിയാണ് എന്ന് അംഗീകരിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന സമ്പൂർണ്ണ ഹൃദയ പരിവർത്തനത്തിലേക്ക് അവൻ കടക്കുന്നു. ആത്മാർത്ഥത മുറ്റി നിൽക്കുന്നതാണ് അവന്റെ അനുതാപം. നമ്മളും സങ്കീർത്തനകനെപോലെ അനുതപിച്ച് മാനസാന്തരപ്പെട്ടു കൊണ്ടേയിരിക്കണം.
6-12ൽ കാണുന്നത്, പാപങ്ങൾ മോചിപ്പിക്കപ്പെട്ട ഒരു അവസ്ഥയിലേക്ക് മാത്രമല്ല, ജ്ഞാനത്താലും പരിശുദ്ധി യാലും നിറയെപെടുന്നതിനു ഏറ്റവും അർത്ഥവത്തായ പരമാർത്ഥമായ അർത്ഥനയും കൂടി അയാൾ നടത്തുന്നു. ഈ ജ്ഞാനം ദൈവത്തോടുള്ള തുറവി യും അവിടുന്നിലുള്ള പരിപൂർണ്ണമായ ആശയവും ആണ്. പാപമോചന ത്തോടൊപ്പം പുതു സൃഷ്ടി ആകാനും അയാൾ തീവ്രമായി ആഗ്രഹിക്കുന്നു. തന്നിലുള്ള തമ്പുരാന്റെ പ്രവർത്തനത്തിന് അവൻ സ്വയം സമ്പൂർണ്ണമായ വിട്ടുകൊടുക്കുന്നു.
ഹൃദയ പരമാർത്ഥമാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് നന്നായി അറിയു ന്ന സാധകൻ തന്നെ ത്തന്നെ അതിന് പൂർണ്ണമായി സമർപ്പിക്കുന്നു. കാവ്യഭംഗി തുള്ളി തുളുമ്പി നിൽക്കുന്ന ഈ ഭാഗം സൃഷ്ടാവായ ദൈവം തന്നെയാണ് മാനവ ഹൃദയങ്ങൾ നവീകരിക്കുകയും നവ സൃഷ്ടി ആക്കി മാറ്റുകയും ചെയ്യുന്നതെന്ന് ഏറ്റുപറയുന്നു. ഇല്ലായ്മയിൽ നിന്ന് ഒന്നിന് ഉണ്മ നൽകുന്ന ദൈവിക പ്രവൃത്തിയെ സൂചിപ്പിക്കുന്ന സൃഷ്ടിക്കുക (ബറാ)എന്ന പദം തന്നെ “നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” എന്ന വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഏറെ പ്രധാനം (പ്രസക്തം) തന്നെ.ഉത്ഭവം മുതലേ പാപിയായിരുന്നവനു പരാപരൻ ഒരു പുതിയ ഹൃദയം സൃഷ്ടിച്ചു നൽകുന്നതാണല്ലോ ഏറ്റം കരണീയം.
ദൈവം ഒരുവന്റെ പാപങ്ങൾ മോചിക്കുന്നത് അവനെ പുതിയ സൃഷ്ടി ആക്കുന്നതിന് വേണ്ടി തന്നെയാണ്. ഹൃദയം എന്ന പദത്തിന്റെ ആവർത്തനവും ദൈവത്തിന്റെ ആത്മാവ് എന്ന പദപ്രയോഗം വഴി ദൈവാത്മാവാണ് ആന്തരിക പരിവർത്തനവും രൂപാന്തരീകരണം ഉളവാക്കുന്നതെന്നും അതുവഴി രക്ഷയുടെ സന്തോഷം നൽകുന്നതെന്നും ഊന്നി പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക.
പരിശുദ്ധിയും ജ്ഞാനവും കൈ വന്നുകഴിഞ്ഞാൽ ദൈവം നൽകിയ രക്ഷയെ ഉച്ചൈസ്തരം ഉദ്ഘോഷിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയുമെന്ന് പ്രത്യാശിക്കുന്ന ഭക്തനെയാണ് തുടർന്നുള്ള ഭാഗത്ത് നാം കാണുന്നത് (വാക്യം 13 -17 ).
സന്തോഷം നേടിയ അനുതാപിയുടെ ദൈവസ്തുതി ഇവിടെ ദൈവത്തിന്റെ രക്ഷയിലേക്കു തന്റെ സഹോദരങ്ങളെ കൂടി ആനയിക്കാൻ ഉള്ള അനുപമമായ വെമ്പലാണ് വ്യക്തമാക്കുക (വാ.14) എന്നു ദൈവത്തെ ആവർത്തിച്ചു വിളിച്ചു കൊണ്ട് നടത്തുന്ന നിലവിളി അനുതപിക്കുന്ന വഞ്ചകന്റെ,ഘാതകന്റെ (ദാവീദിന്റെ )നിലവിളിയായി മനസ്സിലാക്കണം. ഇപ്രകാരം യഥാർത്ഥ മനസ്താപ ത്താൽ ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ ബലി (വാക്യം 17).
വാക്യം 18 19 കീർത്തനത്തിലെ വ്യക്തിപരതയ്ക്കു പുറമേ ഒരു സാമൂഹിക മാനവും നൽകുന്നു. ജെറുസലേമിന്റെ നാശവും (ബാബിലോൺ ജറുസലെമിന്റെ കോട്ടയും ദൈവാലയവും നശിപ്പിച്ചിരുന്നല്ലോ ) സാധകന്റെ അവസ്ഥയുമായി ഇഴ ചേർത്തിരിക്കുന്നത് ഇവിടെ സുവ്യക്തമാണ്. ദാവീദിനോട് എന്നപോലെ ജറുസലേമിനോടും കർത്താവ് കരുണ കാണിക്കണ മെന്നാണപേക്ഷ. അപ്പോൾ സ്വീകാര്യമാംവിധം ജെറുസലേമിൽ ബലിയർപ്പിക്കാൻ ആവും.
പാപത്തിൽ നിന്നുള്ള മോചനം തദ്വാര ലഭ്യമാവുന്ന നവ ജീവിതവും, സഹോദരങ്ങൾ എല്ലാവരും ഈ നവ ജീവിതത്തിൽ പങ്കുചേരുകയും ചെയ്യുമ്പോഴാണ് ദൈവരാജ്യം ഈ ഭൂമിയിൽ സംജാതമാകുക . ഇതുതന്നെയാണ് ഈശോയും പ്രഘോഷിച്ചത്. ” ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” ( മർക്കോസ് 1 :15 ).
പാപമോചനവും ഒപ്പം കരഗതമാകുന്ന നവ ജീവിതത്തിന്റെ മാധുര്യവും അനുതാപി രുചിച്ചറിഞ്ഞു മനുഷ്യരെല്ലാവരും ഈ മാധുര്യം നുകരുമ്പോൾ ആണ് ഈ ഭൂമിയിൽ ദൈവരാജ്യം സംജാതമാകുക. ഇത് പ്രഖ്യാപിച്ചുകൊണ്ടാണ് ഈശോ തന്റെ രക്ഷാദൗത്യം ആരംഭിച്ചത്.
” ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ ” (മർക്കോസ് 1 :15 ).