രാജാക്കന്മാരുടെ രാജാവ്
കാലാകാലങ്ങളിൽ ലോകത്തെമ്പാടും രാജവാഴ്ച പ്രാബല്യത്തിൽ ഉണ്ടായിരുന്നു. ഇന്നും നാമമാത്രമായെങ്കിലും ഇത് പ്രാബല്യത്തിലുണ്ട്. രാജാവിനെ വന്ദിക്കുക,ആദരിക്കുക, സ്തുതിക്കുകപോലും പതിവായിരുന്നു. നാൽപതിയഞ്ചാം സങ്കീർത്തനം രാജകീയ വിവാഹത്തിനുള്ള മംഗളഗാനം ആണെന്ന് കരുതാം. ഇവിടെ രചയിതാവ്,രാജാവിനെ അഭിസംബോധന ചെയ്ത് അദ്ദേഹത്തിനു സ്തുതി ബഹുമാനങ്ങൾ നൽകുകയാണ്. രാജാവിന്റെ സുരക്ഷിതത്വവും ഒപ്പം മഹത്വീകരണവുമാണ് ലക്ഷ്യം. സന്തോഷചിത്തമായ ഹൃദയമാണ് ഇതിന്റെ ഉറവിടം. രാജകുമാരിയെയും സംബോധന ചെയ്യുന്നുണ്ട്(വാ.16).
ഏറെ പ്രചോദിതമായ അവസ്ഥയിലാണ് സങ്കീർത്തകൻ.
” എന്റെ ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചു നിൽക്കുന്നു” (വാ.1) എന്ന് പറഞ്ഞാണ് അവൻ ആരംഭിക്കുക; സമർപ്പണവും തുടക്കത്തിൽ തന്നെ നടത്തുന്നുണ്ട്. മനുഷ്യരിൽ ഏറ്റവും സുന്ദരൻ എന്നത് അതിശയോക്തി ആണ്. ചില പ്രവാചകരും രാജാവിനെ അതുല്യ പൂർണതയുള്ളവനായി അവതരിപ്പിച്ചിട്ടുണ്ട് (വാ.2). അവൻ യുദ്ധവീരൻ ആണ്. മഹത്വത്തിന്റെയും തേജസിന്റെയും വാൾ ആണ് അവൻ ധരിച്ചിരിക്കുന്നത്. അവന്റെ യുദ്ധം നീതിക്കും സത്യത്തിനും വേണ്ടിയാണ്. എളിയവരുടെ സഹായകൻ ആണവൻ. ഭീതിജനകമായവയിൽ നിന്ന് അവൻ പിന്തിരിയുകയും ഇല്ല.
യുദ്ധരംഗത്ത് രാജാവിനെ കാണുമ്പോൾ, ശത്രുക്കൾ നിരാശരാകുന്നു. ദൈവീകമായ വിശേഷണങ്ങൾ രാജാവിനു നൽകുന്ന അനഭിലഷണീയ രീതിയും മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ” നിന്റെ ദിവ്യ സിംഹാസനം എന്നേക്കും നിലനില്ക്കുന്നു ; നിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ ആണ് (വാ.6)[വാ.3-6]. ഇവ ഈശോമിശിഹായെ കുറിച്ച് മാത്രമാണ് യാഥാർത്ഥ്യം ആവുക (cfr. ഹെബ്രാ 1:8,9).
അഭിഷേകം ആഘോഷത്തിന്റെ ഭാഗമാണ്; സന്തോഷത്തിന്റെ അടയാളവും. രാജാക്കന്മാരെ അഭിഷേകം ചെയ്തിരുന്നു (eg. സാവൂൾ, ദാവീദ് ). ഒരുവശത്ത് രാജാവും പരിവാരങ്ങളും മറുവശത്ത് രാജ്ഞിയും പരിവാരങ്ങളും ആസനസ്ഥരാകുന്നു. അഭിഷേകതൈലം രാജവസ്ത്രങ്ങൾ സുഗന്ധപൂരിതമാക്കുന്നു. ദന്തനിർമ്മിതമായ കൊട്ടാരങ്ങളിൽ നിന്നു ഗാനാലാപം കേൾക്കാം (വാക്യം 7 -9 ).
തുടർന്ന് വിവാഹ കർമ്മങ്ങളുടെ വിവരണമാണ്. ഓഫീറിൽ നിന്നുള്ള സ്വർണ്ണം അണിഞ്ഞ് രാജ്ഞി രാജാവിന്റെ വലതുവശത്ത് നിൽക്കുന്നു . സ്വന്തപ്പെട്ടവരെ വിട്ടുപോരാനുള്ള ഉപദേശം അവൾക്ക് നൽകപ്പെടുന്നു.
” മകളെ നിന്റെ ജനത്തെയും പിതൃ ഗൃഹത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും. അവൻ നിന്റെ നാഥനാണ് ; അവനെ വണങ്ങുക ( വാക്യം 10 -11).
അങ്ങനെ അവൾ ഒരു പുതിയ സമൂഹത്തിന്റെ അംഗമാകുന്നു. രാജാവ് അവളുടെ നാഥൻ ആയിരിക്കുന്നു. അവനെ കുമ്പിട്ടു പ്രതിശ്രുത രാജ്ഞി വണങ്ങുന്നത് വഴി ഈ വിധേയത്വമാണ് വ്യക്തമാക്കപ്പെടുക. ഉപഹാര അർപ്പണവും ഉണ്ട്. വസ്ത്രാലങ്കാര വിഭൂഷിതയായ പ്രതിശ്രുത രാജ്ഞി തോഴിമാരുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ രാജകൊട്ടാരത്തിലേക്ക് ആഹ്ലാദ ഭരിതരായി, ആഘോഷമായി ആനയിക്കപ്പെടുന്നു.
രാജവംശം സന്തതി പരമ്പരകളിലൂടെ എന്നും നിലനിൽക്കട്ടെ എന്ന ആശംസയും പ്രാർത്ഥനയുമാണ് 16,17 വാക്യങ്ങളിൽ ഉള്ളത്.
ഗീതത്തിൽ പരാമർശിക്കുന്ന രാജാവിനു തുല്യനായി ഒരു ഭൗമികരാജാവും അസ്തിത്വത്തിലുണ്ടായിരുന്നില്ല ; ഇനി ഉണ്ടായിരിക്കുകയുമില്ല. അപ്പോൾ പുരോഹിതനും പ്രവാചകനും രാജാവുമായ ഈശോ മിശിഹാ തന്നെ ഈ രാജാവ്. അവിടുത്തെ രാജ്യം ഐഹികമല്ല. ദൈവത്തിനു മാത്രമേ ഇങ്ങനെ ഒരു രാജാവായിരിക്കാൻ കഴിയൂ. അവിടുത്തെ സിംഹാസനം മാത്രമാണ് എന്നും നിലനിൽക്കുന്നത്. നീതിയുടെ ചെങ്കോൽ കൈപിടിച്ചുകൊണ്ട് അവിടുന്ന് ഭരിക്കുന്നു. അവിടുന്ന് നീതിയെ സ്നേഹിക്കുന്നു. അവിടുത്തെ രാജ്യം സത്യവും നീതിയും സമാധാനവും സന്തോഷവുമാണ്. ഇവയെല്ലാം, വിശ്വാസത്തിന്റെ പരിചയോടൊപ്പം, ദൈവവചനം ആകുന്ന ആത്മാവിന്റെ വാൾ ഉൾപ്പെടെ, ക്രിസ്തു സാമ്രാജ്യത്തിലെ ആയുധങ്ങളും ആണ് വിവക്ഷ (cfr. എഫേ. 6:10- 17)