ക്രിസ്തുവിൽ മാത്രം
ദൈവത്തിനുവേണ്ടി ദാഹിച്ചു വലയുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണ് നാല്പത്തിരണ്ടാം സങ്കീർത്തനം. പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണ് ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യന് ഏറ്റവും ആവശ്യം. എന്തുതന്നെ സംഭവിച്ചാലും പ്രത്യാശ കൈവിടാതിരിക്കുക.
നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ “ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു ” എന്ന സുന്ദരമായ ഉപമയോടെയാണ് ഗീതം തുടങ്ങുക. ദാഹിച്ചു വലയുന്ന മാൻപേടയുടെ വെള്ളത്തിനു വേണ്ടിയുള്ള ദാഹം പോലെയാണ് ദൈവത്തിനു വേണ്ടിയുള്ള സാധകന്റെ അതിതീവ്രമായ ആഗ്രഹം. അപ്രതീഹതം എന്ന് നിർവിശങ്കം വിശേഷിപ്പിക്കുന്ന അനുഭവമാണ് അവന്റെത്.
‘ഹൃദയം’ സങ്കീർത്തകന്റെ ആത്മാവിനെയാണ് സൂചിപ്പിക്കുക. തന്റെ പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമേകാൻ കഴിവുള്ള ദൈവത്തിനു വേണ്ടിയാണ് സാധകൻ ദാഹിക്കുന്നത്. ജീവിക്കുന്ന ദൈവത്തിനുവേണ്ടി ആണ് അവന്റെ ദാഹം. ദൈവസന്നിധിയിൽ എത്രയും വേഗം എത്തി അവിടുത്തെ ദർശിക്കുവാനാണ് അവൻ വെമ്പൽ കൊള്ളുന്നത് (വാക്യം 2).
അവൻ ഒഴുക്കുന്ന കണ്ണീരാണ് രാപകൽ അവന് ഭക്ഷണം. എവിടെ നിന്റെ ദൈവം എന്ന് നിരന്തരം ചോദിച്ച് പലരും അവനെ അപഹസിക്കുന്നു. ” നിന്റെ ദൈവം എവിടെ” എന്ന് ചോദിച്ചാണ് ശത്രുക്കൾ അവനെതിരെ ആക്രോശിച്ചു കൊണ്ടിരിക്കുന്നത് (വാക്യം 3).
ഈ പ്രതികൂലത്തിലാണ് അവൻ ജനത്തോട് ഒപ്പം പോയി അവരെ തിരുനാളിനായി ദേവാലയത്തിലേക്ക്, ആഘോഷമായി നയിച്ചത്, അവിടെ ആഹ്ലാദാരവും കൃതജ്ഞത ഗീതവും ഉയർത്തിയത്, ജനം ആർത്തുല്ലസിച്ചത്, എന്നും കണ്ണീരിലൂടെ അവൻ അനുസ്മരിക്കുന്നു (വാ.4). ഈ ഓർമ്മകൾ അവന് ആശ്വാസം പകരുന്നു എന്നുവേണം കരുതാൻ. അഞ്ചാം വാക്യം സൂചിപ്പിക്കുന്നത് ഇതാണ്.
” എന്റെ ആത്മാവേ നീ എന്തിന് വിഷാദിക്കുന്നു? നീ എന്തിന് നെടുവീർപ്പിടുന്നു. ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും “.
തിരുനാൾ ആഘോഷിക്കുന്ന സമൂഹത്തിന്റെ സന്തോഷവും സുരക്ഷിതത്വവും ഓർത്ത് അവൻ ആശ്വസിക്കുന്നു. നമുക്കുള്ള സന്ദേശവും അതു തന്നെയല്ലേ? ദൈവം ചെയ്ത നന്മകൾ ഓർക്കുന്നതും വിഷാദം പൂണ്ടിരിക്കുമ്പോഴും കർത്താവിനെ സ്തുതിച്ചു മഹത്വപ്പെടുത്താനുള്ള ഉദാത്തമായ തീരുമാനമാണ് ഭക്തൻ എടുക്കുക.
നമ്മുടെ സഹനങ്ങളിലും ഈ മാതൃക പ്രചോദനമാവട്ടെ. നല്ല ഓർമ്മകൾ അയവിറക്കി സ്വയം പ്രോത്സാഹിപ്പിക്കുകയാണ് സങ്കീർത്തകൻ. പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള തീരുമാനമാണിവിടെ പ്രകടമാകുന്നത്.
സങ്കീർത്തകന്റെ ശരീരത്തെക്കാൾ വേദനിക്കുന്നത് അവന്റെ ആത്മാവാണ്(വാ.6). അവൻ കർത്താവിനെ ഓർക്കുകയും അവിടുത്തെ പറ്റി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന അവന്റെ ഓർമ്മകൾ എത്തിനിൽക്കുന്നത് ജോർദാന്റെ പ്രഭവസ്ഥാനങ്ങളിലും ഹെർമോൺ മലമടക്കുകളിലും അതിന്റെ കൊടുമുടിയായ മിസോറിലുമാണ്.
യഥാർത്ഥത്തിൽ സാധകന്റെ ദാഹം ദൈവാനുഭവത്തിന് വേണ്ടിയുള്ളതാണ്. താൻ സഹന സാഗരത്തിന്റെ അത്യാഗാധങ്ങളിൽ ആണെങ്കിലും ഭക്തൻ കർത്താവിന്റെ പ്രവർത്തനങ്ങൾക്കായി, അവിടുത്തെ നന്മയ്ക്കായി കാത്തിരിക്കുകയാണ്. അവിടുന്ന് അവന് പാറയും കോട്ടയുമാണ്. മരണത്തിന്റെ ഇരുണ്ട താഴ്വരയിൽ നിന്നും ജീവന്റെ ഔന്നത്യത്തിലേക്ക് അവൻ എത്തിനോക്കുന്നുണ്ട്. ദൈവം അധിവസിക്കുന്ന സെഹിയോനി ലേക്ക് ആണ് അവന്റെ സർവ്വ ശ്രദ്ധയും..
ഇന്നു നമ്മളെ സംബന്ധിച്ചിടത്തോളം ദൈവസാന്നിധ്യം യാഥാർഥ്യമാകുന്നത് ഈശോമിശിഹായിലും അവിടുത്തെ ബലിയും വിരുന്നും കൂദാശയും ആയ പരിശുദ്ധ കുർബാനയിലും അവിടുത്തെ സഭയിലും ആണ്. അവിടുന്നിലാണ് അവിടുന്നാണ് ജീവനും രക്ഷയും വഴിയും സത്യവും ജീവനും പുനരുദ്ധാനവും ലോകത്തിന്റെ മങ്ങാത്ത മായാത്ത പ്രകാശവും. അവിടുത്തെ പ്രാപിച്ചെങ്കിലും ഏതൊരു ജീവിതവും സഫലമാകൂ.
ഏതൊരവസ്ഥയിലും വിശ്വാസിക്ക് എല്ലാം കർത്താവിനോട് തുറന്നു പറയാൻ കഴിയണം. അവന് അവിടുത്തെ പഴിക്കരുത്. ഭീകര പരീക്ഷണങ്ങൾ ഉണ്ടാവും. സന്തോഷത്തിനു സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും അവന്റെ പ്രത്യാശ കർത്താവിന്റെ കരുണയിലും സ്നേഹത്തിലും ആയിരിക്കണം. നമുക്ക് പ്രാർത്ഥിക്കാം, ” കർത്താവേ (വേഗം) വരേണമേ! “
(വെളിപാട് 22: 20 ).