ആശ്വസിപ്പിക്കുന്ന കർത്താവ്
വ്യക്തിയുടെ നന്ദി പറച്ചിൽ ഗണത്തിൽപെടുന്നതാണ് നാല്പത്തിയൊന്നാം സങ്കീർത്തനം. ഇതിന്റെ പശ്ചാത്തലം സാധകന്റെ രോഗശാന്തി ആണ് . കപട ഹൃദയവും വഞ്ചകരുമായ സുഹൃത്തുക്കളുടെ ആത്മാർത്ഥത ഇല്ലായ്മയിലുള്ള ദുഃഖവും ഇതിൽ നിഴലിക്കുന്നുണ്ട്. എളിയവരോട് കാരുണ്യം കാണിക്കുന്നവർക്ക് ദൈവാനുഗ്രഹം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ ഗീതം ആരംഭിക്കുക (വാ.1 -3 ) പാവപ്പെട്ടവരോട് കരുണാപൂർവ്വം പ്രവർത്തിച്ചാൽ സാധകനും കിട്ടുന്ന പ്രതിഫലം പോലും ഉറ്റ മിത്രങ്ങളുടെപോലും ദ്രോഹവും വഞ്ചനയും ആണ് ; അതും തന്റെ ഗുരുതര രോഗാവസ്ഥയിൽ ( വാക്യം 4- 9 ). രോഗശാന്തിക്കായി അവൻ പ്രാർത്ഥിക്കുന്നു. ശത്രുക്കൾക്ക് ശിക്ഷ നല്ക പെടണം(വാ.10-13) എന്നതും അവന്റെ ആഗ്രഹമാണ് .
എളിയവരെ കാത്തു സംരക്ഷിക്കുന്നവർ ഭാഗ്യവാന്മാർ (cfr. മത്തായി 25: 31 -45 ). പാവപ്പെട്ടവരെ കരുതുക നീതിമാന്മാരുടെ ലക്ഷണമാണ്. കർത്താവ് അവരെ കാക്കുന്നു. മറ്റുള്ളവർ അവരെ സ്തുതിക്കുന്നു. രോഗത്തിലും ദൈവം അവരെ സഹായിക്കുന്നു. കർത്താവ് ഒരിക്കലും അവരെ ഉപേക്ഷിക്കുകയില്ല.
കഷ്ടതയുടെ നാളുകളിലൂടെ കടന്നു പോകുന്ന സങ്കീർത്തകൻ തന്നെ സുഖപ്പെടുത്താൻ കർത്താവിനോട് കേണപേക്ഷിക്കുന്നതോടൊപ്പം പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവന്റെ മരണത്തിനായി കാത്തിരിക്കുന്ന ശത്രുക്കളും ഉള്ളിന്റെ ഉള്ളിൽ ആത്മാർഥതയില്ലാതെ പെരുമാറുന്ന സുഹൃത്തുക്കളും അവനെ സംബന്ധിച്ചിടത്തോളം ഏറെ വ്യത്യസ്തരല്ല. സാധകൻ സുഖപ്പെടരുതെന്നാണ് ഇരുകൂട്ടരുടെയും ഉള്ളിലിരിപ്പ് (വാ.
. കൂട്ടായ്മയുടെ പ്രത്യക്ഷമായ ലഘനം അവന് അങ്ങേയറ്റം അസഹനീയമാണ്. എന്നാൽ കാരുണ്യവാനായ ദൈവം അവന് സൗഖ്യം നൽകി ശത്രുക്കളോട് പ്രതികാരം ചെയ്യുകയാണ്. അവരുടെ ലജ്ജയും അപമാനവും ഇതാണ് തെളിയിക്കുക (വാ.4-10). കർത്താവ് സങ്കീർത്തകനു രോഗശാന്തിയെ നൽകിയിരിക്കുന്നു. അവിടുന്ന് അവനിൽ പ്രസാദിച്ചിരിക്കുന്നു. ശത്രുക്കൾക്ക് അവന്റെ മേൽ വിജയം നേടാൻ ആവില്ല. അവന്റെ നിഷ്കളങ്കത തെളിഞ്ഞു കഴിഞ്ഞു. അവൻ തിരുസന്നിധി സ്വീകരിക്കപ്പെട്ടു കഴിഞ്ഞു.
വിശ്വാസവഞ്ചന യുടെ മുമ്പിൽ ഭക്തൻ പകച്ചു നിൽക്കുകയാണ്. കർത്താവ് അവനോട് കരുണ കാണിച്ചു. അവന്റെ ശത്രുക്കൾ പരാജയപെട്ടു. അങ്ങനെ അവൻ അനുഗ്രഹീതൻ എന്ന് തെളിഞ്ഞു. കാരണം അവൻ പാവങ്ങളോട് കരുണ കാട്ടി അവരെ സഹായിച്ചു. ദൈവവുമായുള്ള ബന്ധം, രോഗശാന്തി, നീതിയുടെ പുനസ്ഥാപനം തുടങ്ങിയവ ഈ സങ്കീർത്തനത്തിലെ പ്രമേയങ്ങളാണ്. മറ്റുള്ളവരെ വിശിഷ്യ എളിയവരെയും സഹിക്കുന്നവരെയും സ്നേഹത്തോടെ വിധിക്കുന്നത് ദൈവാനുഗ്രഹം വിളിച്ചുവരുത്തും. എന്നാൽ ക്രൂരമായ വിധിയും പെരുമാറ്റവും പാപമാണ്.
എളിയവരോടുള്ള ഔദാര്യം നമുക്ക് ഔദാര്യം നേടിത്തരും (മത്തായി 25: 40 ). എപ്പോഴും ഓർക്കുക. കഷ്ടതയുടെ കാലങ്ങളിൽ കർത്താവ് നീതിമാന്റെ ജീവൻ സംരക്ഷിക്കുന്നു. ദൈവത്തിനു മാത്രമേ ശക്തിപ്പെടുത്താനും ആശ്വസിപ്പിക്കാനും ആവൂ.
ആത്മാവിന്റെ രോഗം ആണ് ഏറ്റവും ഗുരുതരം. കർത്താവിന്റെ കാരുണ്യത്തിന് വേണ്ടിയുള്ള നിലവിളി തുടരുക. നീതിമാൻ പീഡിപ്പിക്കപ്പെടുമ്പോൾ കർത്താവ് അവനെ താങ്ങും, അവനെ തോളിൽ എടുക്കും. ഇത് അവിടുത്തെ കൃപയുടെയും കാരുണ്യത്തിന്റെയും പ്രതിഫലമാണ് . അവിടുന്നിൽ ആശ്രയിക്കുന്നവനെ അവിടുന്ന് സംരക്ഷിക്കും. സ്തുതി സ്തോത്രങ്ങളും കൃതജ്ഞതയും ആരാധനയും നിരന്തരമെന്നോണം അർപ്പിച്ചു ജീവിക്കുക. അപ്പോൾ അവിടുത്തെ പൊൻകരം നമുക്ക് താങ്ങും തണലും ആയിരിക്കും.