മുപ്പത്തിരണ്ടാം സങ്കീർത്തനം

Fr Joseph Vattakalam
3 Min Read

 ഇതൊരു കൃതജ്ഞതാ സ്തോത്രം ആണ്. പുരാതന സഭയുടെ 7 അനുതാപ കീർത്തനങ്ങളിൽ ഒന്നും. സെന്റ് അഗസ്റ്റിൻ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഒരു സങ്കീർത്തനം ആണിത്.

 രക്ഷയുടെ അനുഭവം സ്വായത്തമാക്കിയ സത്യസന്ധനായ ഒരുവന്റെ സന്തോഷകരമായ ഏറ്റം അഭികാമ്യമായ ഒരു പ്രസ്താവനയോടെയാണ് കീർത്തനം തുടങ്ങുക. ” അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്ക് മോചനം ലഭിച്ചവൻ ഭാഗ്യവാൻ”

പാപം എന്ന പദത്തിന്റെ  ഇവിടെ ഉപയോഗിച്ചിരിക്കുന്ന   പര്യായപദങ്ങൾ അർത്ഥമാക്കുന്ന കാര്യങ്ങളിൽ അനുവാചകൻ സവിശേഷ ശ്രദ്ധ ചെലുത്തുന്നുണ്ട്. അലിവു തന്നെയായ അഖിലേശനിൽ അലിവിന്റെ ആഴക്കടൽ ആയ ദൈവത്തിൽ നിന്ന് അതിക്രമി അവിടുത്തെ തെറ്റിദ്ധരിപ്പിക്കുന്നു, മറുതലിക്കുന്നു എന്നതാണ് ( ധൂർത്ത പുത്രന്റെ ഉപമ ). ലക്ഷ്യം തെറ്റുന്നവൻ, പരാജയപ്പെടുന്നവൻ ആണ് പാപി. മാർഗഭ്രംശം ഭവിച്ചവൻ, വക്രതയുള്ളവൻ, ദൈവതിരുമനസ്സിന് എതിരായ മനോഭാവം വെച്ചുപുലർത്തുന്നവനാണ് കുറ്റവാളി.

 പാപപ്പൊറുതിയുടെ സുഖദായകമായ അനുഭവിച്ചവനാണ് യഥാർത്ഥ ഭാഗ്യവാൻ (ധൂർത്തപുത്രൻ തിരിച്ചു വന്ന അവസ്ഥ).

 ദൈവത്തിൽ നിന്ന് പാപമോചനം (അനുതപിച്ച് കുമ്പസാരിക്കുക വഴി) പ്രാപിച്ചവന്റെ മനസ്സും ചിന്തയും സംശുദ്ധമാകുന്നു (32: 1- 2 ).

 പാപപങ്കിലമായ ജീവിതത്തിന്റെ ദുഖഭാരങ്ങൾ വിവരിക്കുകയാണ് 3- 5 വാക്യങ്ങൾ. ഇവ രണ്ടും ജീവിതത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്നു. പാപവും രോഗവും തമ്മിൽ ഏറെ ബന്ധമുണ്ട്. ദൈവത്തോട് തുറവി ഇല്ലാതെ ജീവിക്കുന്ന വ്യക്തിയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചു വരുന്നു. സാധകൻ തന്റെ പാപങ്ങൾ തമ്പുരാനോട് ഏറ്റു പറഞ്ഞപ്പോൾ അവന് പാപമോചനവും സുഖദയകത്വവും കൈവന്നു. രോഗശാന്തിയെകാൾ അത്യന്താപേക്ഷിതം പാപമോചനം ആണ് എന്നത് ആരും മറക്കരുത്. ശാരീരിക സൗഖ്യം കിട്ടിയതായി ഇവിടെ പരാമർശമേയില്ല  എന്നത് ഏറെ ശ്രദ്ധേയമാണ് (3-5).

 ആപത്തിൽ ദൈവഭക്തൻ ദൈവത്തോട് കണ്ണീരോടെ പ്രാർത്ഥിക്കണം. കഷ്ടത കരകവിഞ്ഞൊഴുകിയാലും ദൈവത്തിൽ ആശ്രയിക്കുന്നവരെ അതൊന്നും സ്പർശിക്കുകയില്ല. ദൈവവുമായുള്ള ഉടമ്പടി പാലിച്ചു കൊണ്ട് ജീവിക്കുന്ന ഒരാളെ ദൈവത്തോട് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കണം. ഹൃദയംനൊന്ത് ആത്മാർത്ഥതയുടെ തികവിൽ പ്രാർത്ഥിക്കുന്നവർക്കു ദൈവത്തിന്റെ കൃപാകടാക്ഷം ഉണ്ടാകും. ” ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും ; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്ക് തുറന്നു കിട്ടും “( മത്തായി 7: 7) (വാക്യം 6 ).

 അവിടുന്ന് എന്റെ അഭയ സങ്കേതമാണ്.  അനർഥങ്ങളിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു. രക്ഷ കൊണ്ട് എന്നെ പൊതിയുന്നു. അഭയം നൽകുന്ന, സംരക്ഷിക്കുന്ന കർത്താവിന്റെ ശക്തിയെ പ്രകീർത്തിക്കുക ഏറ്റുപറയുകയും ആണ് ഇവിടെ (വാ 7).

 32: 8 -9 ദൈവത്തിന്റെ അരുളപ്പാടായി കരുതാം. മാർഗ്ഗം കാണിച്ചു തരണമെ എന്ന് അവിടുത്തോട് പ്രാർത്ഥിക്കുക സങ്കീർത്തകന്റെ സവിശേഷതയാണ് (സങ്കീ 16:11). ഉപദേശിക്കാം, വഴി കാണിച്ചു തരാം എന്ന് കർത്താവിന്റെ വാഗ്ദാനവും ആണ്. പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനമുള്ളവൻ ആയിരിക്കാനും അവിടുന്ന് ഉപദേശിക്കുന്നു.

32:10 ഓരോ ജ്ഞാന ശകലമായി കരുതാം. ദുർവൃത്തർക്കു നിരവധി ദുരിതങ്ങൾ ഉണ്ടാകാം. ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് ദുരിതങ്ങളിൽ അവിടുത്തെ സംരക്ഷണവും ഒട്ടനവധി നന്മകളും നൽകുന്നു. അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ സ്രോതസ്സ് ദൈവത്തിന്റെ അഞ്ചല സ്നേഹവും വാത്സല്യവും വിശ്വസ്തതയും ആണ് .

 പതിനൊന്നാം വാക്യം സാധകന്റെ ഒരു ആഹ്വാനമാണ്. നിറ ഹൃദയങ്ങളോടെ നിഖിലേശന് സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുക, കർത്താവിൽ ആനന്ദിച്ച് ആഹ്ലാദിക്കുക. നീതിമാന്മാർ ക്കും പരമാർത്ഥ ഹൃദയം ഉള്ളവർക്കും ഉള്ളതാണ് ഈ ആഹ്വാനം.

 പാപം നിഷേധിക്കുന്നവർക്ക് രക്ഷയും  സന്തോഷവും ഉണ്ടാവില്ല. മനുഷ്യനെ കബളിപ്പിക്കാനും തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്താനും സാധിക്കും. എന്നാൽ തമ്പുരാനെ കബളിപ്പിക്കാൻ ഒരുവനും സാധ്യമല്ല.

 പാപം കൂടുതൽ പാപങ്ങളിലേക്ക് നയിക്കുന്നു. നോട്ടം, മോഹം, വ്യഭിചാരം, കെണിയിൽ കുടുക്കി കൊലപാതകം –  ആർക്കാണ് ഈ മഹാ ദുരന്തം സംഭവിച്ചത് എന്ന് അറിയാത്ത ഒരു ക്രൈസ്തവനും കാണുകയില്ല. എന്നാൽ പ്രവാചക ശബ്ദം കേട്ട ദാവീദ് ആത്മാർത്ഥമായി അനുതപിച്ചു, പാപങ്ങൾ ഏറ്റു പറഞ്ഞു, മോചനം പ്രാപിച്ചു ( സങ്കീർത്തനം 51).

 എത്ര വലിയ പരീക്ഷണങ്ങളിലും ദുരന്തങ്ങളിലും പെട്ടാലും പ്രാർത്ഥനയുടെ മനുഷ്യർ എല്ലാം വിജയകരമായിത്തന്നെ തരണം ചെയ്യും. ” അങ്ങാണ് എന്റെ സംരക്ഷകൻ ” എന്ന് അവർ ഉരുവിട്ടുകൊണ്ടിരിക്കും.

 ദൈവത്തെ അനുസരിക്കാത്തവൻ ആരെയും അനുസരിക്കില്ല. വിധേയത്വം, അനുസരണം, വീണ്ടുവിചാരം, സർവ്വോപരി ദൈവഭയം ഇവയെ ഉള്ളവരെ മാത്രമേ നേർവഴി നയിക്കാനാവൂ. മറിച്ചുള്ളവർക്ക് മാനസാന്തരം ഉണ്ടാക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നത് വലിയ പരസ്നേഹ പ്രവൃത്തി ആയിരിക്കും.

 അനുതാപവും കുമ്പസാരവും വഴി കൈവരുന്ന പാപമോചനം പ്രാപിക്കുന്നവർ ആനന്ദത്തിന്റെ പടവുകൾ മെല്ലെമെല്ലെ ചവിട്ടി കയറും. ഇതിന് അവരെ സഹായിക്കുന്നത് കാൽവരി മലയിൽ രക്തം മുഴുവൻ ചിന്തി, മാനവരാശിയുടെ വിമോചനത്തിനായി, സസന്തോഷം ജീവൻ ഹോമിച്ച ഈശോമിശിഹാ തന്നെയാണ്.

Share This Article
error: Content is protected !!