ആരോഗ്യമുള്ള ശരീരം ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് എത്രയോ സന്തോഷപ്രദം ആണ്. എങ്കിലും പലപ്പോഴും രോഗികൾ ആകുമ്പോഴാണ് നമ്മൾ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുന്നത്.
നമ്മുടെ ശരീരത്തെ അറിഞ്ഞു സ്നേഹിക്കാൻ തുടങ്ങുമ്പോഴാണ് ആരോഗ്യ പരിപാലനത്തിൽ നമുക്ക് ശരിയായ ശ്രദ്ധ ഉണ്ടാവുന്നത്. ഈ ലോകത്തിൽ ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന യഥാർത്ഥമായ ദേവാലയം മനുഷ്യശരീരം ആണ്. ദേവാലയത്തിലെ സക്രാരി ക്കുള്ളിൽ ദിവ്യകാരുണ്യമായ് ഈശോ വസിക്കുന്നത് പോലെ നമ്മുടെ ശരീരത്തിൽ ഹൃദയത്തിനുള്ളിൽ ദൈവം വസിക്കുന്നു.
വസിക്കുന്ന ഭവനം എപ്രകാരമായിരിക്കണം എന്ന് നമ്മൾ മുൻകൂട്ടി തീരുമാനിച്ചാണ് അത് നിർമ്മിക്കുന്നത്. ദൈവം അവിടുത്തെ ഭവനമായ നമ്മുടെ ശരീരത്തെയും ഇപ്രകാരമാണ് രൂപകല്പനചെയ്ത സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ ഭാവനത്തിന് അതിന്റെതായ അടുക്കും ചിട്ടയും ഉണ്ടല്ലോ. അതുപോലെ ദൈവത്തിന്റെ ആലയം ആയ നമ്മുടെ ശരീരത്തിലും വേണ്ട ചിട്ടകളും ക്രമങ്ങളും ബൈബിളിൽ വഴിയായി ദൈവം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. എങ്ങനെ ജനിക്കണം എന്നും എങ്ങനെ മരിക്കണം എന്നും ഈ ലോകത്തിലെ എപ്രകാരം ജീവിക്കണം എന്നും ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ട്. സന്തോഷപ്രദവും സൗഖ്യദായക മായ ഒരു ജീവിതത്തിന് ആവശ്യമുള്ളവ ആണ് അതെല്ലാം. ഇതൊക്കെ അറിയാതെ പോയതാണ് നമ്മുടെ പല രോഗ ദുരിതങ്ങൾക്കും കാരണം. ലോകത്തിന്റെ ആസക്തികളാൽ sada പ്രലോഭിപ്പിക്കപ്പെടുന്ന നമ്മുടെ ശരീരത്തെ അതിന്റെ ശരിയായ പ്രവർത്തനരീതി പരിശീലിപ്പിക്കേണ്ടത് ആത്മാവിന്റെയും മനസ്സിന്റെ യും കടമയാണ്. അല്ലെങ്കിൽ മനുഷ്യത്വം പോലും നഷ്ടമായി ഒരു മൃഗത്തെ പോലെ തിന്നും കുടിച്ചും ഇണചേർന്നും മറ്റൊരു മൃഗമായി അവൻ കഴിയും. രോഗദുരിതങ്ങൾ നമ്മെ ഗ്രസിക്കും. യഥാർത്ഥത്തിൽ അതാണ് ഇന്ന് ലോകത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗത്തെപ്പോലെ ഭക്ഷിച്ച് നമ്മൾ മൃഗീയ സ്വഭാവത്തിന് ഉടമകൾ ആയിരിക്കുന്നു. രോഗങ്ങൾ ഒന്നിനുപുറകെ ഒന്നായി നമ്മെ വേട്ടയാടുന്നു.
രോഗത്താൽ തകർക്കപ്പെട്ട ദേവാലയമായ നമ്മുടെ ശരീരത്തെ പുതുക്കിപ്പണിയാൻ ദൈവം നമ്മെ വിളിക്കുന്നു. നമ്മുടെ അനുവാദത്തോടും പൂർണ്ണ സമ്മതത്തോടും കൂടി മാത്രമേ അത് നവീകരിക്കപ്പെടുകയുള്ളൂ. നമുക്ക് ദൈവത്തിലേക്ക് മടങ്ങി ചെല്ലാം. അവിടുത്തെ ദിവ്യ സ്വരത്തിന് കാതോർക്കാം.
” നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ? നിങ്ങൾ നിങ്ങളുടെ സ്വന്തം അല്ല. നിങ്ങൾ വിലയ്ക്കുവാങ്ങപെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിവിൻ “(1കൊറി. 6: 19- 20 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം