ചിന്തകളാണ് നമ്മെ പ്രത്യാശ യിലേക്കോ നിരാശയിലേക്കോ നയിക്കുന്നത്. ഒരു നല്ല ചിന്തയ്ക്ക് നന്മ ഊർജ്ജസ്വലരാക്കാനും ദുഷ് ചിന്തയ്ക്ക് നമ്മെ നിഷ്ക്രിയരാ ക്കാനും കഴിയും. ചിന്തകളെ സദാ പ്രത്യശാഭരിതമാക്കാൻ കഴിയണം
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തിനും പ്രകാശം നിറഞ്ഞ വശവും ഇരുളടഞ്ഞ വശവും ഉണ്ടാവും. രോഗാവസ്ഥകൾ പലപ്പോഴും ജീവിതം നവീകരണത്തിന് ഇടയാ കാറില്ലേ. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മെ പക്വതയുള്ള മനുഷ്യരാക്കാൻ സഹായിക്കും.
സങ്കീർത്തകൻ പറയുന്നു:” ദുരിതങ്ങൾ എനിക്ക് ഉപകാരമായി. തന്മൂലം, അങ്ങയുടെ ചട്ടങ്ങൾ ഞാൻ പഠിച്ചുവല്ലോ (സങ്കീർത്തനം 119: 71 ).
ചില ജീവിത തകർച്ചകൾ മുന്നോട്ടുള്ള ജീവിതത്തെ കൂടുതൽ ഉൾക്കാഴ്ചയോടെ നോക്കികാണാൻ ഇടയാക്കും. രോഗ ചിന്തകളും മരണഭയവും നമ്മെ അലട്ടാതിരിക്കാൻ ദൈവീക ചിന്തകളാലും പ്രാർത്ഥനയാലും മനസ്സിനെ നിയന്ത്രിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം, ഒരു രോഗം പോലും നമ്മുടെ നന്മയ്ക്കായി രൂപാന്തരപ്പെടുത്താൻ ദൈവത്തിന് കഴിയുമെന്ന് തിരുവചനം നമ്മോടു പറയുന്നു.
” ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ “( റോമാ. 8: 28 ).
നമ്മുടെ ജീവന്റെ അവസാനത്തെ തുടിപ്പുവരെയും നമുക്ക് പ്രത്യാശയ്ക്ക് വകയുണ്ട്. ഇല്ല വിശ്വാസിയുടെ ജീവിതത്തിൽ പ്രത്യാശ ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, മരിച്ച നാലുദിവസം കഴിഞ്ഞ ലാസറിനെപോലും ഉയർപ്പിച്ച ദൈവപുത്രനായ യേശുവിലാണ് നമ്മൾ വിശ്വസിക്കുന്നത് (യോഹന്നാൻ 11 30 ).
നമ്മുടെ ഉള്ളിലെ ജീവൻ കനൽ കെടാതെ സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. അതിനുള്ള ഏക പോംവഴി നമ്മിലെ ദൈവാശ്രയത്തെ സദാ ഉജ്ജലിപ്പിക്കുകയാണ്. ദൈവ ആത്മാവാകുന്ന ഈ കനൽ കത്തി ജ്വലിക്കാൻ അനുനിമിഷം നമ്മൾ ആഗ്രഹിക്കണം. ദൈവ ആത്മാവിന്റെ അപാര ശക്തിയെക്കുറിച്ച് സദാ ധ്യാനിക്കുക. ഈ ആത്മാവിലൂടെ ആണ് ദൈവം അവിടുത്തെ ജീവൻ നമ്മിൽ നിവേശിപ്പിച്ചിരിക്കുന്നത്.
” ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (ഉല്പത്തി 22: 7 ).
വീണു എന്ന് വിചാരിക്കുന്നവൻ വീഴും. എന്നാൽ ഞാൻ തളരുകയും വീഴുകയും ഇല്ലെന്ന് വിചാരിക്കുന്നവൻ ഉറച്ചു നിൽക്കുക തന്നെ ചെയ്യും.
കടന്നുപോയ ജീവിതത്തിന്റെ വഴികളെക്കുറിച്ച് ഓർത്തുനോക്കുക. എത്രയെത്ര ദുർഘട വഴികളിലൂടെ തട്ടാതെ വീഴാതെ ദൈവം നമ്മെ നടത്തിക്കൊണ്ടു പോയിരിക്കുന്നു. ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതും കടന്നു പോകും. നമ്മൾ പുതുജീവൻ പ്രാപിക്കും. ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നത് എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന് നമ്മൾ തിരിച്ചറിയുന്ന ദിനങ്ങൾ വരും.
വഴികൾ ഇരുളുമ്പോൾ അപ്പന്റെയും അമ്മയുടെയും കൈകളിൽ മുറുക്കിപ്പിടിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ആകുക. ദൈവത്തിന്റെ കൈകളിൽ മുറുകെ പിടിക്കുക. തീർച്ചയായും നമ്മൾ തളരുകയില്ല. വീഴുകയും ഇല്ല. കാരണം അവിടുത്തെ കരങ്ങളിൽ ശക്തിയുണ്ട്. സൗഖ്യവും ജീവനും ഉണ്ട്.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം