ഉപവാസവും പ്രാർത്ഥനയും വളരെയേറെ സൗഖ്യദായക മാണെന്ന് അനുഭവങ്ങൾ സാക്ഷ്യം നൽകുന്നു. ആശുപത്രികളിലും ലാബുകളിലും ചികിത്സയ്ക്കും രോഗനിർണയത്തിനും ആയി വരുന്നവരുടെ എണ്ണം നോമ്പ് കാലങ്ങളിൽ നന്നേ കുറവായിരിക്കും.
ചിട്ടയായ പ്രാർത്ഥനയും ഉപവാസ പ്രവർത്തികളും ബലിയർപ്പണവും നടത്തുന്നവരാണ് മിക്കവരും. ദൈവം അവരുടെ ആത്മാവിൽ ചൊരിയുന്ന വരപ്രസാദം മനസ്സിലും ശരീരത്തിലും ശക്തിയും ഓജസ്സും സൗഖ്യവും പ്രദാനം ചെയ്യുന്നു. അനേകം അത്ഭുത രോഗസൗഖ്യം ങ്ങൾ ഈ കാലത്ത് നടക്കുന്നു. കാരണം, പാപവും പാപ സാഹചര്യങ്ങളും വർജ്ജിക്കുന്ന ഒരു കാലമാണത്. വിദ്വേഷവും വെറുപ്പും കോപവും ദേഷ്യവും വെടിഞ്ഞ് കഴിയുന്നത്ര ആത്മസംയമനം പാലിക്കുന്ന കാലഘട്ടം.
എന്നാൽ ഇത് കേവലം നോമ്പ് കാലത്തേക്ക് മാത്രമായി ഒതുക്കി നിർത്തേണ്ടതാണോ. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ള ആത്മാവിലും മനസ്സിലും ശരീരത്തിലും നിയന്ത്രണവിധേയമായ ഒരു ജീവിതശൈലി രൂപപ്പെടുത്തേണ്ടത് ആവശ്യമല്ലേ. അപ്പോൾ രോഗത്തിന്റെ പീഡനങ്ങളും ചികിത്സയുടെ ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു ജീവിതം നയിക്കാൻ നമുക്ക് ഇടയാകും.
ഉപവാസവും പ്രാർത്ഥനയും ആത്മീയ അനുഷ്ഠാനങ്ങൾ മാത്രമാണോ. വർഷത്തിലെ ഏതാനം ദിവസങ്ങളിലേക്ക് മാത്രമായി ചുരുക്ക പെട്ടതാണോ ഇവയൊക്കെ. അല്ല, മനുഷ്യ ജീവിതത്തിന്റെ താളവും ക്രമവും ആണത്.
സൃഷ്ടിയായ മനുഷ്യൻ സൃഷ്ടാവായ ദൈവത്തോട് ചേർന്നിരിക്കേണ്ടത് അവന്റെ സുസ്ഥിതിക്ക് ആവശ്യമാണ്. ഓരോ വാഹനവും അതിന്റെ നിർമാതാക്കളാൽ ഇടയ്ക്കിടയ്ക്ക് സർവീസ് ചെയ്യുന്നത് നല്ലതാണെന്ന് നമുക്കറിയാം. അത് ആ വാഹനത്തിന്റെ ശരിയായ നിലനിൽപ്പിനുള്ള ഗ്യാരണ്ടി യുടെ ഭാഗം ആണല്ലോ. കേടുപാടുകൾ വേഗത്തിൽ കണ്ടെത്താനും റിപ്പയർ ചെയ്യാനും നിർമ്മാതാവിന് വേഗത്തിൽ സാധിക്കുമല്ലോ.
അതുപോലെ ഈ ലോകത്തിൽ ജീവിക്കുന്ന കാലമത്രയും അനുദിനം ദൈവവുമായി ബന്ധം പുലർത്തേണ്ടത് നമ്മുടെ ആത്മീയ ഉന്നതിക്കു മാത്രമല്ല, ശാരീരിക മാനസിക സൗഖ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്.
ദൈവത്തോട് ചേർന്ന് നിന്നാൽ ദീർഘായുസ്സും നൽകി ഞാൻ അവനെ സംതൃപ്തൻ ആക്കും എന്ന് ദൈവം പറയുന്നു(സങ്കീ.91:16).
എന്നാൽ ദീർഘായുസ്സോടെ ജീവിച്ചിരിക്കാനുള്ള എളുപ്പമാർഗ്ഗം ദൈവം തന്റെ കൽപ്പന വഴി നമുക്ക് നൽകിയിരിക്കുന്നു. മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. വാഗ്ദാനത്തോടെയുള്ള ഏക കൽപ്പന ആണിത്.
യഥാർത്ഥ ശക്തി ആത്മാവിന്റെ വിശുദ്ധിയാണ്. മനസ്സിന്റെ നൈർമല്യം ആണ്. ശരീരത്തിന്റെ പ്രശാന്തതയാണ്. സകലത്തെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് ദൈവത്തിന്റെ സ്നേഹമാണ്.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം