സുഹൃത്തുക്കളും അയൽവാസികളും ആയ രണ്ട് സ്ത്രീകൾ പ്രഭാതത്തിലെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ (യോഹ 11) ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു എന്ന് ബലിമധ്യേ വായിച്ചതും അച്ചൻ വ്യാഖ്യാനിച്ചതും. അതീവ വികാര തീവ്രതയോടെ തന്നെ വികാരിയച്ചൻ മരിച്ച് നാലുനാൾ കഴിഞ്ഞ ലാസറിനെ ഈശോ ഉയർപ്പിക്കുന്ന രംഗം വിവരിക്കുകയും ചെയ്തു.
ദിവ്യബലിക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മേൽപ്പറഞ്ഞ സ്ത്രീകളുടെ സംഭാഷണം കേൾക്കാനിടയായത്. ഏതാനും നാളുകളായി രോഗിയായി ശയ്യാവലംബിയായി കിടന്ന മറ്റൊരു സ്ത്രീയെ കുറിച്ച് ആയിരുന്നു അവർ സംസാരിച്ചിരുന്നത്. ഇവരിലൊരാൾ തലേദിവസം ആ രോഗിയെ സന്ദർശിച്ചു എന്നും രോഗം കൂടുതലാണെന്നും ഇനിയും പ്രതീക്ഷയ്ക്ക് വകയില്ല എന്നുമായിരുന്നു സ്ത്രീകളുടെ സംസാരത്തിന്റെ ചുരുക്കം.
സജീവമായ ഒരു ബലിയർപ്പണ ത്തിന് ശേഷം യേശുവിന്റെ വിസ്മയമായ അത്ഭുതത്തെ കുറിച്ചു ഉള്ളുനിറയെ കേട്ടതിനു ശേഷം ഇങ്ങനെ പ്രത്യാശ ഇല്ലാത്തവരായി മടങ്ങിപ്പോകാൻ നമുക്ക് എങ്ങനെയാണ് കഴിയുക. അന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സംസാരത്തെ എങ്ങനെയാണ് ന്യായീകരിക്കുക. മാനുഷികമായ നമ്മുടെ പരിമിതികൾക്ക് വെളിയിലേക്ക് നമ്മുടെ പ്രതീക്ഷകൾ വളരുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസത്തിന് എന്തർത്ഥമാണുള്ളത്.
രോഗത്തിന്റെ കാഠിന്യം ചികിത്സയുടെ പരിമിതികൾ എല്ലാം നമ്മെ നിരാശപ്പെടുത്തിയെക്കാം. എന്നാൽ വിശ്വാസത്തിന്റെ ഉൾ കണ്ണുകൾ കൊണ്ട് ദൈവത്തിന്റെ ശക്തിയിലേക്ക് മിഴി തുറക്കാനാവാത്തതാണു അതിലേറെ ദയനീയം.
ഇല്ലായ്മയിൽ നിന്ന് സകലത്തെയും സൃഷ്ടിച്ചവന് കണ്ണിലെ കൃഷ്ണമണി പോലെ നമ്മെ കാത്തു പരിപാലിക്കുന്നവന് മരിച്ച് നാലാം ദിവസം കല്ലറകൾ തുറന്ന് ലാസറിനെ ഉയർപ്പിച്ചവന് ഈ രോഗങ്ങളിൽ നിന്ന് നമ്മെ സൗഖ്യ പ്പെടുത്താനാവില്ലേ. വീണ്ടും വീണ്ടും നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണിത്.
ഈശോ ലാസറിന്റെ സഹോദരിയായ മാർത്ത യോട് പറഞ്ഞു. “വിശ്വസിച്ചാൽ നീ അത്ഭുതം കാണും “( യോഹ 11 :40 ). നമ്മൾ ഓരോരുത്തരോടും ദൈവം പറയുന്നതും അത് തന്നെയാണ്. ‘വിശ്വസിച്ചാൽ നീ അത്ഭുതം കാണും ‘.
അതെ!അത്ഭുതങ്ങൾ സംഭവിക്കുന്നത് നമ്മുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ആണ്. അത് എപ്പോഴാണ് സംഭവിക്കുന്നതെന്ന് നമ്മൾ അറിഞ്ഞിരുന്നെങ്കിൽ നമ്മളും ദൈവവും തമ്മിൽ എന്ത് വ്യത്യാസം. വിശ്വാസത്തിന് എന്ത് പ്രസക്തി.
നമ്മുടെ ബുദ്ധിയുടെയും യുക്തി ചിന്തകളുടെയും തലത്തിൽ നിന്നുകൊണ്ട് ദൈവത്തിലേക്ക് നോക്കിയാൽ നിരാശയായിരിക്കും ഫലം. എന്നാൽ ഒരു ശിശുവിനെപ്പോലെ ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് രോഗത്തിലേക്കും തകർച്ചയിലേക്ക് നോക്കുക. അപ്പോൾ നമ്മുടെ ഉൾ കണ്ണുകൾ പ്രകാശിക്കും. വിശ്വാസത്തിന്റെ കനലുകൾ കത്തിജ്വലിക്കും. രോഗത്തെ മാത്രമല്ല മരണത്തെ പോലും അതിജീവിക്കുവാൻ ദൈവത്തിന് ആകുമെന്നും ആ ദൈവത്തിൽ നമ്മുടെ ജീവൻ സുരക്ഷിതമാണെന്നും നമ്മൾ അറിയും.
സൗഖ്യം കരഗതമാകും
അതിസാഹസികനായ ഒരു അഭ്യാസി ആയിരുന്നു അയാൾ. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ വലിച്ചു കെട്ടിയ കയറിൽ ഒരു കരയിൽ നിന്ന് മറുകരയിലേക്ക് അയാൾ മെല്ലെ മെല്ലെ നടന്നു പോകുന്നത് ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നാണ് കണ്ടത്. ഒന്ന് പിഴച്ചാൽ ഒരു നിമിഷംകൊണ്ട് അയാൾ അഗാധങ്ങളിലേക്ക് നിപതിക്കാം. സുരക്ഷിതമായ മടങ്ങിയെത്തിയ അയാൾ കാണികളോട് പറഞ്ഞു. ഇനി നിങ്ങളിൽ ഒരാളെ എന്റെ തോളിലേറ്റി ഞാൻ അക്കരെ ഇക്കര നടക്കാം. ആരാണ് എന്റെ തോളിൽ ഇരിക്കുക.
ജനം ഞെട്ടി വിറച്ചു പോയി. ആരും അനങ്ങിയില്ല. മരവിച്ച നിമിഷങ്ങൾക്കൊടുവിൽ ഒരു കുട്ടി എഴുന്നേറ്റ് മുന്നോട്ടു നടന്നു. കാണികൾക്ക് വിശ്വസിക്കാനായില്ല. ഒരാൾ അവനെ തടഞ്ഞുകൊണ്ട് ബാലനോട് ചോദിച്ചു.
“നിനക്ക് പേടിയില്ലേ”?
“ഇല്ല! അതു എന്റെ പിതാവാണ്” കുട്ടി പറഞ്ഞു.
വിശ്വാസത്തിന്റെ കാതൽ ഈ പിതൃപുത്ര ബന്ധം ആണ്. ദൈവം നമ്മുടെ സ്നേഹ പിതാവാണ്. രോഗ ദുരിതങ്ങളുടെ നൂൽപ്പാലത്തിലൂടെ മരണത്തിന്റെ താഴ്വരകളിൽ വീണു തകരാതെ അക്കരെ എത്താൻ ഈ സ്നേഹ പിതാവിന്റെ തോളിലേറണം നമ്മൾ.
ദൈവത്തിന്റെ ശക്തി പൂർണമായി താൻ അറിയുന്നു എന്ന് വിചാരിക്കുന്നവൻ കടൽത്തീരത്ത് കളിക്കുന്ന കുട്ടി കൈയ്യിലെ ചിപ്പിയിൽ ജലം കോരി എടുത്തിട്ട് ഇതാണ് കടൽ എന്ന് പറയുന്നതുപോലെയാണ്. ദൈവീക ശക്തിയുടെ അപാരത മനുഷ്യർക്ക് ഒരിക്കലും ഗ്രഹിക്കാൻ സാധിക്കുകയില്ല. വിശ്വസിക്കുക അവിടുന്ന് സർവ്വശക്തനാണ്.
ലോകത്തിലേക്ക് നോക്കുന്നവൻ ഭൂതകാലത്തിലേക്കു നോക്കുന്നു ദൈവത്തിലേക്ക് നോക്കുന്നവൻ ആകട്ടെ ഭാവിയിലേക്കും. ഒരു ശിശുവിനെപ്പോലെ ദൈവത്തിലേക്ക് കണ്ണുകളുയർത്തി നോക്കുക അവിടെ സൗഖ്യവും ജീവനും ഉണ്ട്.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം