അമേരിക്കയിലെ പ്രശസ്തനായ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ പരിശോധന മുറിക്കു മുന്നിലായി ഇപ്രകാരം ഒരു ബോർഡ് തൂക്കി ഇരുന്നു. ‘105 വയസ്സുവരെയെങ്കിലും ജീവിക്കണമെന്ന് ആഗ്രഹം ഉള്ളവർ മാത്രം ദയവായി കടന്നുവരിക’.
വന്നവർ വന്നവർ ആ ബോർഡ് വായിച്ച് അത്ഭുത സ്തബ്ധരായി നിന്നു. പിന്നെ അവരുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു. രോഗ ഭയത്താൽ തളർന്നിരുന്ന അവരുടെ ഉള്ള പ്രത്യാശയുടെ കിരണങ്ങൾ വീശി. അവർ മനസ്സിൽ പറഞ്ഞു: “അതെ! ഞങ്ങൾക്ക് ഇനിയും ജീവിക്കണം”. അവിടെ ചികിത്സയ്ക്കായി വരുന്നവരിൽ അത്ഭുതകരമായ സൗഖ്യം അനുഭവം ഡോക്ടർ രേഖപ്പെടുത്തുന്നു.
രോഗഭയം രോഗത്തെക്കാൾ മാരകമാണ്. അതിന് അടിമപ്പെട്ടു കഴിഞ്ഞാൽ മരുന്നിനൊപ്പം ചികിത്സകളും ശരിയായവിധത്തിൽ സഹകരിക്കാൻ നമുക്ക് കഴിയാതെ വരും. ഇനിയും ജീവിക്കണം എന്നുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുക. മനോഹരമായ ലോകത്തിൽ ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് ദീർഘായുസ്സോടെ ജീവിക്കണം എന്നുള്ള ചിന്ത പ്രത്യാശയിൽ നിന്ന് ഉളവാക്കുന്നതാണ്. അപ്പോൾ ഈ രോഗം ജീവിതത്തിന്റെ അവസാനമല്ലെന്നും ദൈവം തന്ന ആയുസ്സിന്റെ ദിനങ്ങൾ കുറയ്ക്കാൻ ഒരു രോഗത്തിനും സാധ്യമല്ലെന്നും നമ്മൾ അറിയും. ജീവിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്? എങ്കിലും നിരാശയും ഭയവും നമ്മെ കൂടുതൽ കൂടുതൽ രോഗഗ്രസ്തരാക്കുന്നു. രോഗത്തെയും മരണത്തെ നമ്മൾ കൂട്ടി കുഴയ്ക്കുന്നതുകൊണ്ടാണത്.
ജീവന്റെയും മരണത്തിന്റെയും മേൽ ദൈവത്തിനു മാത്രമാണ് പരമാധികാരം. തമ്മിലെ രോഗഭയം രോഗത്തെ കൂടുതൽ വഷളാക്കുകയും മരണത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ദൈവം നൽകിയ ആയുസ്സിന്റെ ദിനങ്ങൾ നമ്മളോരോരുത്തരും പൂർത്തിയാക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാൽ ഈ സത്യം അവഗണിച്ചുകൊണ്ട് നമ്മൾ സാത്താനോട് ചേർന്ന് ലോകത്തിന്റെ ആസക്തികൾക്ക് വശംവദരായി ശരീരത്തിന് ഹാനികരമായ ജീവിതരീതി അനുഷ്ഠിക്കുകയും രോഗം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.
ദൈവത്തിലേക്ക് മടങ്ങിവരാനുള്ള സുവർണ്ണാവസരമായി ഇന്നത്തെ രോഗത്തെ കാണുക. അപ്പോൾ മരുന്നും ചികിത്സകളും ഫലപ്രദമാകുകയും വേഗത്തിൽ സൗഖ്യം പ്രാപിക്കുകയും ചെയ്യും. കാരണം, ജീവൻ ദൈവത്തിന്റെ ദാനമാണല്ലോ.
പ്രത്യാശിക്കുന്നവ ലഭിക്കും എന്നുള്ള ഉറപ്പ് വിശ്വാസത്തിന്റെ കാതലാണ്.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം