“ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും” (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് കുടുംബങ്ങളെ തകർക്കുക. സഭ ഒരു കൂട്ടായ്മയാണ്. കുടുംബവും അതെ. ഇവയ്ക്ക് രണ്ടിനും ഉള്ള അത്യുദാത്തമായ മാതൃക പരമ പരിശുദ്ധത്രിത്വം ആണ്. അതുകൊണ്ടാണ് യോഹന്നാന് ആ മഹാ പ്രഖ്യാപനം രണ്ടേ രണ്ട് വാക്കുകളിൽ നടത്താൻ ആയത് ” ദൈവം സ്നേഹമാണ്” ( യോഹന്നാൻ 4: 8). യുക്തിയുക്തമായി കുടുംബവും സ്നേഹമായിരിക്കണം. യഥാർത്ഥ സ്നേഹം ഐക്യം ഉളവാക്കുന്നു. കുടുംബത്തിലെ സ്നേഹവും ഐക്യവും തകർത്താൽ കുടുംബം തകരും അതുപോലെതന്നെ സഭയിലെയും. സഭയ്ക്കും അൽപ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകാം. ഇതിനാണ് സാത്താൻ 18 അടവുകളും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
അപ്പോൾ ഒരു കാര്യം വ്യക്തം. ഇന്നിന്റെ ഏറ്റം വലിയ ആവശ്യമാണ് കുടുംബ നവീകരണവും വിശുദ്ധീകരണവും. ഇന്ന് നല്ലൊരു ശതമാനം കുടുംബങ്ങളും തകർച്ചയിലോ തകർച്ചയുടെ വക്കിലോ ആണ്. വിവരസാങ്കേതിക ലോക (IT World )മാണ് ഇതിലെ ആർച്ചു വില്ലൻ. പ്രത്യയശാസ്ത്രങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, ചില ചാര പ്രസ്ഥാനങ്ങൾ തുടങ്ങിയവയും ഈ പ്രതിഭാസത്തിന് പിന്നിലുണ്ട്. അപ്പോസ്തോല പ്രവർത്തനങ്ങൾ പതിനാറാം അധ്യായത്തിൽ
‘ തടവറയിലെ അത്ഭുതം’ എന്ന അനുശീർഷകത്തിൽ ഏതാനും വചനങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. തടവറ കാവൽക്കാരൻ, പേടിച്ചരണ്ട പൗലോസിനോടും ശീലസിനോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
” യജമാനന്മാരെ രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം. അതിന് ആ രണ്ട് ശിഷ്യന്മാർ നൽകുന്ന മറുപടിയാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അ. പ്ര 16:31).
ദൈവവചനം എന്നോടും നിങ്ങളോടും നേരിട്ട് സ്നേഹപൂർവ്വം പറയുകയാണ്.ഓരോ ക്രിസ്തു വിശ്വാസികളും ബോധ്യപ്പെട്ട മനസ്സ് ഉറപ്പിക്കേണ്ട കാര്യമാണിത്. ബൈബിളിലെ 35526 വചനങ്ങളും ദൈവം എന്നോട് വ്യക്തിപരമായി പറയുന്നവയാണ്.
ഈ സത്യത്തിന്റെ വെളിച്ചത്തിൽ ജോഷ്വ 24: 14, 15 നമ്മോട് പറയുന്നത് എന്തെന്ന് നോക്കാം. ദൈവം തന്റെ ജനമായ ഇസ്രായേലിനു ചെയ്തതായി പഞ്ച ഗ്രന്ഥത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഏറ്റവും സംക്ഷിപ്തമായി രേഖപ്പെടുത്തിയതിനു ശേഷം ദൈവം പറയുന്നു ” ആകയാല്‍, കര്‍ത്താവിനെ ഭയപ്പെടുകയും ആത്‌മാര്‍ഥതയോടും വിശ്വസ്‌തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്‌തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ചിരുന്ന ദേവന്‍മാരെ ഉപേക്‌ഷിച്ചു കര്‍ത്താവിനെസേവിക്കുവിന്‍.
ജോഷ്വ 24 : 14
കര്‍ത്താവിനെ സേവിക്കുന്നതിനു മനസ്‌സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്‍മാര്‍ സേവി ച്ചദേവന്‍മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്‍മാരെയോ ആരെയാണ്‌സേവിക്കുക എന്ന് ഇന്നുതന്നെതീരുമാനിക്കുവിന്‍. ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും.
ജോഷ്വ 24 : 15
ജോഷ്വ ജനത്തോട് പറയുന്ന സന്ദേശങ്ങൾ :
1. കർത്താവിനെ ഭയപ്പെടുക ആത്മാർത്ഥതയോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുക.
2. അന്യദേവന്മാരെ പാടെ ഉപേക്ഷിക്കുക.
3. ആരെയാണ് സേവിക്കുന്നത് എന്ന് ഇന്ന് തന്നെ തീരുമാനിക്കുക.
4. ജോഷ്വായെ പോലെ ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കുമെന്ന് ഭാവത്മകവും അനുഗ്രഹ പ്രദവും ഉറച്ചതുമായ തീരുമാനമെടുക്കുക. ഇക്കാര്യങ്ങളുടെ വെളിച്ചത്തിൽ ഈ നോമ്പുകാലത്ത് നാം പാപാന്ധകാരത്തിൽനിന്ന് ദൈവത്തിന്റെ പ്രകാശത്തിലേക്ക് അസത്യത്തിൽ നിന്നും സത്യത്തിലേക്ക്, വിഗ്രഹാരാധനയിൽ നിന്ന് ( ധനമോഹം, സ്ഥാന മോഹം, അധികാരമോഹം, അഹങ്കാരം, സ്വാർത്ഥത, സുഖലോലുപത, മ്ലേച്ചത മറ്റെല്ലാ തിന്മകളിൽ നിന്നും, ഒറ്റവാക്കിൽ അശുദ്ധിയിൽ നിന്നും വിശുദ്ധിയിലേക്ക് നടന്നുനീങ്ങി പരിശുദ്ധ ത്രിത്വവുമായുള്ള ഐക്യത്തിലേക്ക് എത്താൻ ഈ നോമ്പുകാലം നമ്മെ സഹായിക്കണം.