ആരോഗ്യവാന്മാർക്ക് അല്ല

Fr Joseph Vattakalam
1 Min Read

ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം.  ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം “നിങ്ങൾ പോയി പഠിക്കുക” എന്നത് ഈശോ ആവർത്തിക്കുന്നു.  “ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്”  (മത്താ 9 :12 -13) ഈ വാക്കുകൾ സുപ്രധാനമാണ്. ഈശോയുടെ ഇഹലോക ദൗത്യത്തിൽ പാപികൾ ക്കുള്ള സ്ഥാനം അവരോടുള്ള തന്റെ കരുണ വ്യക്തമാക്കുന്ന വാക്കുകളാണിവ. പാപികളെ തേടിവന്ന പാലകനാണ് അവിടുന്ന്.  അവർക്കാണ് വൈദ്യനെ കൊണ്ട് (ലോകരക്ഷകനായ  തന്നെക്കൊണ്ട് ) ആവശ്യം. ചുങ്കക്കാരും പാപികളും ഒത്തുള്ള ഈശോയുടെ ഊട്ടുമേശ സൗഹൃദത്തെ നിഷേധാത്മകമായി മാത്രമേ ഫിരിസയർക്കു കാണാൻ കഴിഞ്ഞുള്ളൂ.  എന്നാൽ ഈശോ  തന്റെ  ശിഷ്യരെ കരുണയുടെ പ്രാധാന്യം മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു.

‘ പാപികളെ വിളിക്കുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അനുതാപത്തിലേക്കും  മാനസാന്തരത്തിലേക്കും  ക്ഷണിക്കുക എന്നാണ്. (Cfr. ലുക്ക 5:32).

ഈ പശ്ചാത്തലത്തിലാണ് ദിവ്യ നാഥൻ പറഞ്ഞത്, നിങ്ങൾക്ക് മുമ്പ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുമെന്ന്. അതായത്, ചുങ്കക്കാരും പാപികളും തന്റെ കരുണയുടെ വാക്കുകൾ കേട്ടും  കൃപയുടെ പ്രവർത്തികൾ കണ്ടും വളരെ  വേഗം അനുതപിക്കും.  അപ്പോൾ അവർക്ക് സ്വർഗ്ഗരാജ്യം  തുറന്നു കിട്ടുകയും ചെയ്യും.

 പരസ്യ പാപികൾ ആത്മാർത്ഥമായി അനുതപിച്ച് സ്വർഗ്ഗം അവകാശപ്പെടുത്തിയ ഈ സത്യത്തിൽ ജീവിക്കുന്ന മാതൃകയായി മറിയം മഗ്‌ദലേന  നിലകൊള്ളുന്നു. നീതിമാന്മാരെ അവഗണിച്ചത് കൊണ്ടല്ല, പാപികൾക്ക് ദൈവത്തിന്റെ കരുണാ, കൃപ,ദയാവായ്പ് കൂടുതൽ ആവശ്യം ആയിരുന്നതുകൊണ്ടാണ് അവിടുന്ന് ഈ പ്രസ്താവന നടത്തിയത്. ” ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്”. എന്ന ഈശോയുടെ പ്രസ്താവനയ്ക്ക് വലിയ അർത്ഥവ്യാപ്തിയുണ്ട്. ഇതിന്റെ അർത്ഥം യഹൂദർക്ക് മനസ്സിലാവുക വളരെ വിഷമമാണ്.

നിയമത്തിന്റെ അക്ഷരാർത്ഥത്തിലുള്ള അനുഷ്ഠാനം തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ചിരുന്നവർക്ക് കാരുണ്യ ത്തിന്റെ അവശ്യാവശ്യകത എങ്ങനെ മനസ്സിലാവാൻ?  എന്നാൽ യോഹ 1 :17ൽ  വ്യക്തമായി പറയുന്നു: നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവും ആവട്ടെ ഈശോമിശിഹാ വഴി ഉണ്ടായി.  പാപികൾക്കും  വിജാതിയർക്കും  കാരുണ്യം കൃപയും സത്യത്തിന്റെ  വെളിപ്പെടുത്തലും അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് സുവിശേഷ പ്രഘോഷണത്തിന്റെ  പരമപ്രാധാന്യം പ്രസ്പഷ്ടം ആവുക.

Share This Article
error: Content is protected !!