അനുതാപം പ്രകടമാക്കി ഏറ്റുപറയുന്ന ഏഴു സങ്കീർത്തങ്ങളിൽ (6 ,32 , 38, 51, 102, 130, 143 ) ഒന്നായ 51 സങ്കീർത്തനം ഈ ഗണത്തിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നു. ഊറിയായെ ചതിയിൽ കൊലപ്പെടുത്തുകയും അയാളുടെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദിനെ നാഥാൻ പ്രവാചകൻ കുറ്റപ്പെടുത്തിയപ്പോൾ, അവൻ പശ്ചാത്താപവിവശനായി ഇതിൻറെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ഈ സങ്കീർത്തനം. പാപമോചനത്തിനു വേണ്ടിയുള്ള ഹൃദയ സ്പർശിയായ അപേക്ഷയാണ് 1 – 6 വാക്യങ്ങൾ, 6 – 12 ജ്ഞാനത്താലും പരിശുദ്ധിയാലും നിറയ്ക്കാനുള്ള പ്രാർത്ഥനയും. ദൈവസ്തുതികൾ ആലപിക്കാനും മറ്റുള്ളവരെ പശ്ചാത്താപത്തെക്കുറിച്ചു പഠിപ്പിക്കാനുമുള്ള ഉത്ക്കടമായ ആഗ്രഹമാണ് സങ്കീർത്തകൻ അവതരിപ്പിക്കുക.
ദൈവത്തിൻറെ അനന്ത സ്നേഹം, അനുകമ്പാർദ്രമായ സ്നേഹം, ദയ, കാരുണ്യം ഇവയുടെ നിറവ് അനുഭവിച്ചുകൊണ്ടാണു ദാവീദ് അനുതാപം സ്വന്തമാക്കിയത്. ദൈവത്തിൻറെ അനന്ത സ്നേഹം – അമ്മയ്ക്ക് അടുത്ത അനുകമ്പ കൃപ ഇവയിലുള്ള അചഞ്ചലമായ വിശ്വാസം പാപിയെ കുറ്റബോധത്തിൽ നിന്ന് യഥാർത്ഥ പശ്ചാത്താപത്തിലേക്കു നയിക്കുന്നത്. ഈ പശ്ചാത്താപത്തിന്റെ പ്രതിഫലം 3 – 5 വാക്യങ്ങളിലുണ്ട്. വാക്യങ്ങളിലുണ്ട്. 51:6 – 12 ൽ പാപമോചനം മാത്രമല്ല ജ്ഞാനത്താലും പരിശുദ്ധിയാലും നിറയപ്പെടാനുള്ള അർത്ഥനയും ഉണ്ട്. ഈ ജ്ഞാനമാകട്ടെ ദൈവത്തോടുള്ള തുറവിയും അവിടുന്നിലുള്ള പരിപൂർണ്ണമായ ആശ്രയവും വെളിപ്പെടുത്തുന്നു. പാപമോചനം വേണം, പുതു സൃഷ്ടിയാവണം ! ഇവ രണ്ടും എൻറെയും നിങ്ങളുടെയും അവശ്യാവശ്യകതയാണ്, അനിവാര്യതയാണ്.
ഹൃദയപരാമർത്ഥതയാണ് ദൈവം ആഗ്രഹിക്കുന്നത് എന്നറിയുന്ന സങ്കീർത്തകൻ തന്നെ പവിത്രീകരിക്കാൻ , കഴുകി വെൺമയുള്ള വനാക്കാൻ സന്തോഷഭരിതനാക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുന്നു.
” നിർമ്മലമായൊരു ഹൃദയമെന്നിൽ നിമ്മിച്ചരുളുക നാഥാ
നേരായൊരു നൽ മാനസവും തീർത്തരുൾകെന്നിൽ ദേവാ
തവതിരുസന്നിധി തന്നിൽനിന്നും തള്ളിക്കളയരു തെന്നേ നീ
പരിപാവനനെ എന്നിൽ നിന്നും തിരികെയെടുക്കരുതെൻ പരനെ”