മത്താ.5 :17 -20 ൽ ഈശോ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു ” നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കുവാനാണു ഞാൻ വന്നിരിക്കുന്നത് . പഴയ നിയമത്തിൽ ദൈവം മോശയ്ക്കു നൽകിയ കല്പനകൾ മനുഷ്യനെക്കുറിച്ചുള്ള ദൈവഹിതം സ്പഷ്ടമായി വ്യക്തമാക്കുന്നതാണ് എന്ന് ഈശോ അംഗീകരിക്കുന്നു. എന്നാൽ നിയമജ്ഞരും ഫരീസേയരും ദൈവത്തിൻറെ കല്പനകൾക്കു നൽകുന്ന വ്യാഖ്യാനം തെറ്റാണന്നാണ് ഈശോ സംസ്ഥാപിക്കുന്നത്. അതുകൊണ്ട് അവരുമായി ഈശോയ്ക്ക് വാദപ്രതിവാദത്തിലേർപ്പെടേണ്ടി വന്നത്.
അതിശക്തമായ ഭാഷയിലാണ് അവിടുന്നു നിയമജ്ഞരുടെയും ഫരിസേയരുടെയും “നീതി”യെ കുറ്റപ്പെടുത്തുക. അതുകൊണ്ടുതന്നെയാണ് 5:20 ൽ അവിടുന്നു വ്യക്തമാക്കുന്നത്: നിങ്ങളുടെ (ക്രിസ്തു ശിഷ്യരുടെ ) നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു.
പഴയ നിയമത്തിനു സാധുതയുണ്ട് , എന്നാൽ അതിൻ്റെ വിശദീകരണം പലരും നിലനിൽക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് മിശിഹാതമ്പുരാൻ നവവ്യാഖ്യാനവുമായി രംഗപ്രവേശനം ചെയ്തത്. തീർച്ചയായും പഴയ നിയമത്തിൽ ഊന്നി നിന്നുകൊണ്ടാണ് അവിടുന്നു തൻ്റെ നവ്യ നിയമം നൽകിയത്. പഴയ നിയമത്തിലാരംഭിച്ച്, അതിലടങ്ങിരിക്കുന്ന ദൈവഹിതത്തിനു പൂർണ്ണവും വ്യക്തവുമായ വിശദീകരണം ഈശോ നൽകുന്നു. എന്നിട്ടാണ് അവിടുന്ന് ഒരു പുതിയ നിയമത്തിനു രൂപം നൽകിയത് .
പഴയ നിയമവുമായി പ്രകടമായ ബന്ധം അതിനുണ്ട് . പഴയതിന്റെ തുടർച്ചയും പൂർത്തീകരണവുമാണ് പുതിയത് . പഴയ നിയമവക്താക്കളിൽ നിന്നു തികച്ചും വ്യത്യസ്തമായി തികഞ്ഞ ആധികാരികതയോടെയാണ്, ഈശോ തന്റെ വ്യാഖ്യാനം നൽകിയത്. ദൈവികമായ അധികാരമാണ് അവിടുത്തേത് .കാരണം അവിടുന്നു ദൈവമാണെന്നത് തന്നെ. ഞാൻ നിങ്ങളോടു പറയുന്നു എന്നതു വ്യാഖ്യാനത്തിൻറെ വാസ്തവികതയും ആധികാരികതയും സുതരാം സ്പഷ്ടമാക്കുന്നു.