തുടർച്ച…
ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു?
1995 ൽ ഞാൻ ദേവഗിരിയിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ ജീസസ് യൂത്തിന്റെ ആത്മീയകാര്യങ്ങൾക്കായി രണ്ടു വൈദികരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതര മതങ്ങളിലുള്ള ധാരാളം കുട്ടികൾ ഈ പ്രോഗ്രാമുകളിലെല്ലാം സജീവമായി പങ്കെടുത്തതു ഓർക്കുന്നു. പക്ഷെ ഒരിക്കൽപോലും അവർക്കിടയിൽ മതത്തിന്റെ സ്പർദ്ധ ഉണർത്തുന്ന ഒരു പ്രവർത്തനങ്ങളും കാണാൻ കഴിഞ്ഞില്ല. പരിശുദ്ധാത്മാവിന്റെ ചൈതന്യം കോളേജിനെ മുഴുവൻ വലയം ചെയ്തു നിൽക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ആത്മീയ പ്രോഗ്രാമുകളെക്കുറിച്ചു ഒരാളും പുറത്തുനിന്നു വിമർശിച്ചതായി ഓർക്കുന്നില്ല. മറിച്ചു പല മാതാപിതാക്കളും അഭിമാനപൂർവം കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിലൊക്കെ പങ്കെടുപ്പിക്കണം എന്ന് എന്നോട് നിർദ്ദേശിക്കുകയാണ് ചെയ്തത്. മാത്രവുമല്ല ഈ കൂട്ടായ്മയിൽ സജീവമായി നിലനിൽക്കുന്ന കുട്ടികളുടെ ഗ്രൂപ്പിനെ കോഴിക്കോടും പരിസരത്തുമുള്ള കോളേജുകളിലേക്കും ഇടയ്ക്കു വിളിക്കാറുണ്ടായിരുന്നു. അവർ അവിടെ പോയി ഈശോയെ പ്രഘോഷിച്ചു. എന്ത് പ്രശനമുണ്ടെങ്കിലും കുട്ടികൾക്ക് ധൈര്യമായി വന്നു എന്നോട് പറയാമെന്നു ഞാൻ അവരോടു പറയുമായിരുന്നു. ഒരു പ്രിൻസിപ്പൽ എന്ന നിലയിലല്ലാതെയാണ് ഞാൻ അവരുടെ പ്രേഷണങ്ങൾ കേട്ടത്.
കലാലയത്തിലെ നിറമുള്ള ഓർമ്മകൾ
മറക്കാനാകാത്ത ധാരാളം ഓർമ്മകൾ ഇക്കാലങ്ങളിലെല്ലാമുണ്ട്. ഒരിക്കൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു “അങ്ങ് എങ്ങനെയാണു വേറിട്ട പുരോഹിതനായി നിലനിൽക്കുന്നതെന്ന്?” ഞാൻ അവനോടു ചില അനുഭവങ്ങൾ പങ്കുവെച്ചു. ബാല്യകാലത്തു ഇടവക ദേവാലയമുറ്റത്തു കളിക്കുമ്പോൾ ക്ഷുഭിതനായി ഇറങ്ങിവന്ന വൈദികൻ ഞങ്ങളെ അവിടെനിന്നും ഓടിച്ചുവിട്ടു. മറ്റു കുട്ടികൾക്ക് ആ വൈദികനോട് വിരോധം തോന്നിയപ്പോൾ ഞാൻ ഹൃദയത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുത്തു. “എന്തുതന്നെയായാലും ഞാൻ ആ അച്ഛനെക്കാളും നല്ലൊരു പുരോഹിതനായി തീരുമെന്ന്! അങ്ങനെയാണ് ഞാൻ വൈദികനാകുന്നതും ഒരിക്കലും കോപിക്കുകയില്ലെന്നു തീരുമാനിക്കുന്നതും.”
ഇത്രയും കേട്ടപ്പോൾ ആ യുവാവ് എന്നോട് പറഞ്ഞു അവന്റെ ജീവിത സാഹചര്യം ഇതിനു സമാനമാണ്. പിനീട് ആ യുവാവ് അനുഭവം പങ്കുവച്ചു. അദ്ദേഹവും മാതാപിതാക്കളും ഏറെ നാളുകൾ ആഫ്രിക്കയിലായിരുന്നു. പിന്നീടവർ മടങ്ങിയെത്തി മുംബയിൽ താമസമാക്കി. താമസം തുടങ്ങി ആദ്യനാളുകൾ സ്ഥലങ്ങളെക്കുറിച്ചു പഠിച്ചുവരുന്നതേയുള്ളു. അവിടെയുള്ള കെട്ടിടങ്ങളെല്ലാം ഒരേ ആകൃതിയിൽ നിർമ്മിച്ചതായിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു. അന്ന് പത്തുവയസുള്ള കുട്ടിയായിരുന്നു ഈ യുവാവ്. ഒരിക്കൽ പുറത്തുപോയി ബാലൻ തിരിച്ചുവരുന്നതിനിടയിൽ രാത്രിയായി.
എങ്ങോട്ടു പോകണമെന്ന് അറിയാതെ അവൻ ആകുലചിത്തനായി. അപ്പോഴാണ് മുന്നിലൊരു ദേവാലയം കാണുന്നത്. ദേവാലയത്തിന്റെ വരാന്തയിൽ കിടന്നിട്ടു പിറ്റേന്ന് നേരം പുലരുമ്പോൾ വീട് കണ്ടെത്താം. ഇതായിരുന്നു ആ കുഞ്ഞുമനസിലുണ്ടായിരുന്നത്. അപ്പോഴാണ് വ്യകരിയച്ചൻ അവിടേയ്ക്കു വന്നത്. അച്ഛൻ ശകാരത്തോടു അവനോടു പുറത്തുപോകാൻ ആവശ്യപ്പെട്ടു. അവൻ കാര്യം വിശദീകരിച്ചെങ്കിലും അച്ഛൻ അതൊന്നും കേൾക്കാൻ മനസ്സ് കാട്ടിയില്ല. മാത്രവുമല്ല, ആ രാത്രിയിൽ അവനെ പുറത്തെ ഇരുട്ടിലേക്ക് അച്ഛൻ തള്ളിയിടുകയും ചെയ്തു. വിളക്കുകൾ കണ്ണടച്ചു പാതയിലൂടെ കൂരിരുട്ടിലൂടെ അവൻ ലക്ഷ്യമില്ലാതെ ഓടി അന്ന് അവൻ വൈദികരെ വെറുത്തു.
ഈ കഥ കേട്ടപ്പോൾ ഞാൻ അവനെ ചേർത്തുപിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ അവനോടു പറഞ്ഞു ‘ക്ഷമിക്കുക, ആ വൈദികനോട് ക്ഷമിക്കുക… ദൈവം നിന്നെ അനുഗ്രഹിക്കും…’ ഏതാനും നാളുകൾക്കുശേഷം അവൻ എനിക്കൊരു കത്തെഴുതി. അതിൽ അവൻ സെമിനാരിയിൽ ചേർന്നു എന്ന സന്തോഷ വാർത്തയാണ് കുറിച്ചിരുന്നത്. ഇന്നവൻ നല്ലൊരു വൈദികനായി മാറിയിരിക്കുന്നു.
(തുടരും…)