ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

Fr Joseph Vattakalam
2 Min Read

തുടർച്ച….

താരതമ്യം ആവശ്യം

പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ “രാഷ്ട്രീയ സർഗാത്മക” പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച ചെയേണ്ടതിൽ പ്രധാനപ്പെട്ടതിതാണ്: പോയവർഷങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപരിമിത സ്വാതന്ത്ര്യമുണ്ടായിരുന്ന കലാലയങ്ങളും അവയുടെ നേട്ടങ്ങളും പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ടറിയാവുന്ന അളവുകോലുകളുടെ അടിസ്ഥാനത്തിൽ തന്നെ പഠനവിധേയമാക്കണം. പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജീവിതാവസ്ഥ, ജോലിനേടിയവരുടെയും നേടാൻ സാധിക്കാത്തവരുടെയും അനുപാതം, പഠിച്ചിറങ്ങുന്നവരുടെ ജോലിചെയ്യാനുള്ള കഴിവ്, ജോലിതേടാനുള്ള അനുബന്ധ വൈദഗ്ധ്യങ്ങൾ, ജോലിക്കു ആളെത്തേടി എത്ര സ്ഥാപനങ്ങൾ ഈ കലാലയങ്ങൾ സന്ദർശിക്കുന്നു, ജോലിയുമായി എത്ര വിദ്യാർത്ഥികൾ ഈ കോളേജുകളുടെ പടിയിറങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാക്കണം.

രാഷ്ട്രീയത്തെകുറിച്ചോ കേരള വിദ്യാഭ്യാസത്തെകുറിച്ചോ ഗൗരവമായി പഠിക്കുന്നവർ നടത്തേണ്ട ഒരു ഗവേഷണ വിഷയം തന്നെയാണിത്. വിവിധ കലാലയങ്ങളിലൂടെ കടന്നുപോയ ആയിരങ്ങളെ നിരീക്ഷിച്ചും പഠിച്ചും അവരുമായി സംവദിച്ചും ഇത്തരമൊരു സമഗ്ര ഗവേഷണം നടത്തേണ്ടത് സമകാലീന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരമൊരു ആധികാരിക പഠനം വരുംവരെയെങ്കിലും മറ്റു ജനായത്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം.

തിരഞ്ഞെടുക്കപ്പെട്ടവർ തെരെഞ്ഞെടുത്തവരുടെമേൽ നടത്തുന്ന സർവ്വാധിപത്യമായി ഏതാനും പതിറ്റാണ്ടുകള്കൊണ്ടു ഇന്ത്യൻ ജനാധിപത്യം രൂപാന്തരപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവ് നിരന്തരമായി, സ്വതന്ത്രമായി ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും നടത്തുന്ന തെരഞ്ഞെടുപ്പുകളാണ്. കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം, നടത്തുന്ന യാത്രകൾ, ചെയുന്ന ജോലികൾ, സൃഷ്ട്ടിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും, കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾ, നേടുന്ന വിദ്യാഭ്യാസം, താമസിക്കുന്ന സ്ഥലങ്ങൾ, സംസാരിക്കുന്ന ഭാഷ തുടങ്ങി അനുദിന ജീവിതത്തിൽ നിരന്തരമായി തെരഞ്ഞെടുപ്പുകൾ നടത്താനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നത് മാത്രം ജനങ്ങളുടെ ഉത്തരവാദിത്വമായി കാണുന്നുവെങ്കിൽ നമ്മുടെ ജനാധിപത്യൻ ഇന്നും ബാല്യം കടന്നിട്ടില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തും നിരന്തരം തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത നിലനിർത്തണം. ഏതുതരത്തിലുള്ള വിദ്യാഭ്യാസം, എങ്ങനെയുള്ള കലാലയങ്ങളിൽ നേടണം എന്ന് നിർണയിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കും അവർക്കായി ജീവിതം വ്യയം ചെയുന്ന മാതാപിതാക്കൾക്കും വിട്ടുകൊടുക്കുക എന്നത് ജനായത്ത മര്യാദയാണ്. കലാലയ രാഷ്ട്രീയമുള്ള, രാഷ്ട്രീയ പ്രേരിത സമരങ്ങളും പഠിപ്പുമുടക്കലുകളുമുള്ള, ഇടിമുറികളുള്ള, മാർക്ക് ദാനമായി ലഭിക്കുന്ന കലാലയങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർ അത്തരത്തിലുള്ള കലാലയങ്ങളിൽ പഠിക്കട്ടെ, അത്തരം അന്തരീക്ഷം ആഗ്രഹിക്കുന്ന രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അത്തരം സ്ഥാപനങ്ങളിൽ അയയ്ക്കട്ടെ.

ഉചിതമായതു തെരഞ്ഞെടുക്കണം

തുടക്കത്തിൽ ഉദാഹരിച്ചതുപോലുള്ള സ്ഥാപനങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർ അത്തരം സ്ഥാപനങ്ങളിൽ പഠിക്കട്ടെ. വൈവിധ്യങ്ങളില്ലെങ്കിൽ തെരെഞ്ഞെടുപ്പിനു പ്രസക്തിയോ സാധ്യതയെ ഇല്ലല്ലോ. ഓരോ സ്ഥാപനത്തിനും അതിന്റെ നിലപാടെടുക്കാനും അത് പരസ്യപ്പെടുത്താനും അവകാശമുണ്ടാകണം. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഒരു മഴയത്തു കിളിർത്തുവന്ന തകരകളല്ല. ഒരുപാടു പേരുടെ ആയുസ്സു ചിലവഴിച്ചു അധ്വാനിച്ചും യാചിച്ചും ഒക്കെ സ്വരുക്കൂട്ടിയ വിഭവങ്ങൾ എല്ലാം ചേർത്തുവച്ചാണ് ഓരോ സ്ഥാപനവും പടുത്തുയർത്തിയത്. സ്വകാര്യ മേഖലയിൽ അവ തുടങ്ങാനായി വിഭവങ്ങൾ കണ്ടെത്തുകയും ആയുസ്സു വ്യയം ചെയുകയും ചെയ്തവർക്ക് തങ്ങളുടെ നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യം കവർച്ചചെയ്യപ്പെടാൻ പാടില്ല.

കുറഞ്ഞപക്ഷം ഓരോ സ്ഥാപനത്തിലെയും രക്ഷിതാക്കളും സ്വന്തം അധ്വാനഫലം കൊണ്ട് പഠനത്തിനാവശ്യമായ ഭാഗിക വിഭവങ്ങളെങ്കിലും  കണ്ടെത്തുന്ന വിദ്യാർത്ഥികളും വോട്ട് ചെയ്തു തീരുമാനിക്കട്ടെ, ക്യാമ്പസിൽ  രാഷ്ട്രീയം വേണമോ എന്ന്. മാതാപിതാക്കളുടെ ഔദാര്യത്തിൽ  പഠനച്ചിലവ് കണ്ടെത്തുന്ന കുട്ടികൾ മാതാപിതാക്കളുടെ തിരഞ്ഞെടുപ്പികളെ മാനിക്കാൻ ബാധ്യസ്ഥരാണ്.

നമ്മുടെ സാമാജികരുടെ മക്കൾ എവിടെയാണ് പഠിക്കുന്നത്? അറിയാൻ കൗതുകമുണ്ട്. അറിയാൻ ഇവരെ തിരഞ്ഞെടുത്തയച്ചവർക്കു അവകാശമുണ്ട്. കാലപുകുലിഷിതമായ കേരള കലാലയങ്ങളിൽ നിന്നകന്നു സുരക്ഷിതമായ, ഇന്ത്യൻ നഗര കലാലയങ്ങളും വിദേശ കലാലയങ്ങളിലുമാണ് അവരുടെ കുട്ടികൾ പഠിച്ചതും പഠിക്കുന്നതും എന്ന ആരോപണം മുഖവിലയ്‌ക്കെടുക്കേണ്ട. അവർ എവിടെ പഠിച്ചാലും  അതിനുള്ള ഫീസ് സകലമാന കേരളവാസിയുടെയും ചെലവിലാണ്. ഇവിടുത്തെ നികുതിദായകർ നൽകുന്ന പണമില്ലാതെ അവരുടെ വരുമാനം എന്താണ് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത സാമാജികർക്കുണ്ട്. നിർദിഷ്ട നിയമം പാസാക്കും മുൻപ് നമ്മുടെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പരസ്യപ്പെടുത്തട്ടെ അവരുടെ കുട്ടികൾ എവിടെ ആരുടെ ചെലവിലാണ് പഠിക്കുന്നതെന്നു.

(തുടരും….)

ബോബി വടയാട്ടുകുന്നേൽ CMI

Share This Article
error: Content is protected !!