അത്രയൊന്നും ഉദ്ധരിക്കപ്പെടാത്ത പ്രവാചകനാണ് ഹഗ്ഗായി. ജെറുസലേം ദേവാലയത്തിന്റെ പുനരുദ്ധാരണത്തെകുറിച്ചാണ് പ്രവാചകൻ പ്രതിപാദിക്കുക. അരുളപ്പാടു ഇങ്ങനെയാണ്: “കർത്താവു അരുളിച്ചെയ്യുന്നു, ഈ ആലയം തകർന്നുകിടക്കുന്ന ഈ സമയം നിങ്ങള്ക്ക് മച്ചിട്ട ഭവനങ്ങളിൽ വസിക്കാനുള്ളതാണോ?… നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിൻ. നിങ്ങൾ ആലയം… പണിയുന്നതിൽ ഞാൻ സംപ്രീതനാകും. മഹത്വത്തോടെ ഞാനതിൽ പ്രത്യക്ഷനാകും” (ഹഗ്ഗായി 1:4,5,8).
ഈ വചനഭാഗം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന സംവഭം യോഹന്നാൻ വിവരിക്കുന്നുണ്ട്. ഈശോ ജെറുസലേം ദേവാലയം വിശുദ്ധീകരിക്കുന്ന രംഗമാണത്. “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്” സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സർവ്വാധികാരവും കൈയാളുന്ന കർത്താവു കൽപ്പിച്ചു. അങ്ങയുടെ ആലയത്തെകുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങികളായും എന്നെഴുതപ്പെട്ടിരിക്കുന്നതു (സങ്കി.69:9) അപ്പോൾ അവിടുത്തെ ശിഷ്യന്മാർ അനുസ്മരിച്ചു. യഹൂദർ അവിടുത്തോടു ചോദിച്ചു ഇത് ചെയ്യാൻ നിനക്ക് അധികാരമുണ്ടെന്നതിനു എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? ഈശോ മറുപടി പറഞ്ഞു “നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക.മൂന്നു ദിവസത്തിനകം ഞാൻ ഇത് പുനരുദ്ധരിക്കും…” അവിടുന്ന് ഇത് പറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെകുറിച്ചാണ് എന്ന് യോഹന്നാൻ വ്യക്തമാക്കുന്നു (cfr യോഹ. 2:16-19, 21). “അവിടുന്ന് മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ അവിടുന്ന് ഇത് പറഞ്ഞിരുന്നുവെന്നും, ശിഷ്യന്മാർ ഓർക്കുകയും അങ്ങനെ വിശുദ്ധ ലിഖിതവും ഈശോ പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു” (യോഹ. 2:22).
ഇവിടെ ഉരുത്തിരിയുന്ന ഒരു വലിയ സത്യം മനുഷ്യ ശരീരം ദൈവത്തിന്റെ ആലയമാണെന്നതാണ്. ആകയാൽ, ഓരോ മനുഷ്യനും വിശിഷ്യാ, ഓരോ ക്രൈസ്തവനും, ദൈവത്തെ, പരിശുദ്ധ ത്രീത്വത്തെ, തന്റെ ശരീരത്തിൽ മഹത്വപ്പെടുത്തണം (1 കോറി. 6:20). കാരണം, അവൻ തന്റെ സ്വന്തമല്ല, ക്രിസ്തുവിന്റെ പരമപരിശുദ്ധവും അമൂല്യവുമായ രക്തത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. പൗലോസ് വ്യക്തമാക്കുന്നു “നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് നിങ്ങൾ (cfr 6:19). ദേവാലയമായ നമ്മുടെ ശരീരം ക്രിസ്തുവാകുന്ന മൗതിക ശരീരത്തിന്റെ അവയവങ്ങളായ നമ്മൾ (6:15) എപ്പോഴും കർത്താവിനോടു യോജിച്ചു അവിടുത്തോടു ഏകാത്മാവായി തീരണം (6:17).
“ക്രിസ്തുവിന്റെ അവയവങ്ങൾ എനിക്ക് വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല (6:15). “വ്യഭിചാരത്തിൽ നിന്ന് ഓടിയകലുവിന്” (6:8). “ജഡിക താൽപര്യങ്ങളിൽ മുഴുകി ജീവിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്… അവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല… ജഡികാരായി ജീവിക്കുന്നെങ്കിൽ (ഇന്ന് നല്ലൊരു ശതമാനവും അങ്ങനെയാണ് ജീവിക്കുന്നത്) നിങ്ങൾ തീർച്ചയായും മരിക്കും (നിത്യശിക്ഷ ഏറ്റുവാങ്ങുമെന്നു അർഥം). എന്നാൽ ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നെങ്കിൽ (ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, വിനയം, വിശുദ്ധി, സത്യം, നീതി… ഇവ ആത്മാർത്ഥമായും സത്യസന്ധമായും അഭ്യസിക്കുമെങ്കിൽ ) ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. ജീവന്റെ പാതയോ നാശത്തിന്റെ പാതയോ നിന്റെ മുന്നിലുള്ളത്?
The choice is yours.