“എന്നാൽ, സിയോൺ പറഞ്ഞു: കർത്താവു എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവു എന്നെ മറന്നുകളഞ്ഞു” (ഏശയ്യ 49:14). സീയോന്റെ (ഓരോ മനുഷ്യന്റെയും ചിലപ്പോഴെല്ലാമുള്ള) രോദനമാണ് ഇത്. ഏശയ്യ 43:1 മുതലുള്ള വാക്യങ്ങളിൽ, കർത്താവു വ്യക്തമായി പറഞ്ഞതാണ് “യാക്കോബേ നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവു അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ട ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചോളി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ നീ കടന്നുപോകുമ്പോൾ ഞാൻ നിന്നോട് കൂടെയുണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അത് നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല…. നീ എനിക്ക് വിലപെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്… ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്.
കർത്താവിനു ആവർത്തനവിരസതയില്ല. തന്റെ മക്കൾക്ക് ബോധ്യം വരാൻ ഒരേ സത്യം തന്നെ വീണ്ടും വീണ്ടും വ്യത്യസ്തമായ വാക്കുകളിലും വൈവിധ്യമാർന്ന രൂപങ്ങളിലും പറയും. ഇസ്രയേലിനോട് തന്റെ സവിശേഷ സ്നേഹം ഒരിടത്തു പുനരവർത്തിക്കുന്നതു ഇങ്ങനെ: “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യ 49:15,16).
എന്തതിശയമേ ദൈവത്തിന് സ്നേഹം
അത് ചിന്തയിലടങ്ങാ!
സിന്ധുസമാനമാ……
വിണ്ണിനെ വെല്ലുന്ന, ആഴിയെ വെല്ലുന്ന വിശ്വവിശാലമായ നിത്യനിര്മല സ്നേഹമാണത്. അപ്പന്റെ സ്നേഹമോ അമ്മയുടെ സ്നേഹമോ പോലും ദൈവത്തിന്റെ സ്നേഹത്തിനു അണുപോലും താരതമ്യമാവില്ല. നന്ദിയല്ലാതെന്തു ചൊല്ലും ഞാൻ! ദൈവമേ നന്ദി!