ഇമ്മാനുവേൽ

Fr Joseph Vattakalam
2 Min Read

ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന ദീനരോദനം അവിടുന്ന് കേട്ടു. “അവരുടെ യാതനകൾ ഞാൻ അറിയുന്നു. ഈജിപ്റ്റുകാരുടെ കൈയിൽ നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവുമായ തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്കു… അവരെ നയിക്കാനും” (പുറ. 3:7-8) ദൈവം ഇറങ്ങിവരുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹം! നിരന്തരമായ കരുതൽ! യാതൊരു കുറവുമില്ലാത്ത പരിപാലന!

“ഇതാ ഇസ്രായേൽ മക്കളുടെ നിലവിളി എന്റെയടുത്തെത്തിയിരിക്കുന്നു. ഈജിപ്റ്റുകാർ അവരെ എപ്രകാരം മർദ്ധിക്കുന്നുവെന്നു ഞാൻ കണ്ടു. ആകയാൽ, വരൂ, ഞാൻ നിന്നെ (മോശയെ) ഫറവോയുടെ അടുത്തേയ്ക്കു അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് പുറത്തു കൊണ്ടുവരണം” (പുറ. 3:9,10). കരയുന്നവരുടെ കൂടെ കരയും നിലവിളിക്കുന്നവരുടെ നിലവിളിക്ക്‌ സത്വര പ്രത്യുത്തരം നൽകുകയും ചെയുന്ന പരമകാരുണ്യകനും ദയാലുവുമായ ദൈവം! ദൈവം തന്റെ ജനത്തോടു ഇത്രയേറെ സമീപസ്ഥനായ മറ്റേതൊരു ശ്രേഷ്ട ജനതയാണുള്ളത്. ദുഷ്ക്കരവും ഭാരിച്ചതുമായ ഈ ഉത്തരവാദിത്വത്തെക്കുറിച്ചു  ദൈവത്തിൽ നിന്ന് നേരിട്ട് കേട്ട മോശ ദൈവത്തോട് സവിനയം ചോദിക്കുന്നു: “ഫറവോയുടെ അടുക്കൽ പോകാനും ഇസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് പുറത്തുകൊണ്ടുവരാനും ഞാൻ ആരാണ്?” (പുറ. 3:10). 

നല്ല ദൈവത്തിന്റെ, കരുണാമയനായ ദൈവത്തിന്റെ മറുപടി ശ്രദ്ധിക്കുക: “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണ് നിന്നെ അയയ്‌ക്കുന്നത്‌ എന്നതിന് ഇതായിരിക്കും അടയാളം. നീ ജനത്തെ ഈജിപ്റ്റിൽ നിന്ന് പുറത്തു കൊണ്ടുവന്നു കഴുയുമ്പോൾ ഈ മലയിൽ (സീനായ് അഥവാ ഹോറബ്) നിങ്ങൾ ദൈവത്തെ ആരാധിക്കും” (പുറ. 3:11,12). 

ഒരുപറ്റം നിസഹായരായ അടിമകളെ സ്വന്തം ജനമാക്കുന്ന മഹാകാരുണ്യകനും മഹാമനസ്ക്കനും സ്നേഹം തന്നെയുമായ ദൈവം! ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്ന, തടവുകാരെ മോചിപ്പിക്കുന്ന, ബന്ധിതർക്കു മോചനവും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന, മഹാ കൃപ ചൊരിയുന്ന (cfr  യെശയ്യാ 61:2) ദൈവത്തിന്റെ സ്വന്തം ജനമാണ് നമ്മൾ. അവിടുന്ന് എപ്പോഴും നമ്മോടുകൂടെ ഉണ്ട്.

അവിടുന്ന് നമ്മുടെ പക്ഷത്താണ്. സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കും വേണ്ടി അവനെ ഏല്പിച്ചു തന്നവൻ, സമസ്തവും നമുക്കു ദാനമായി നൽകും. ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ, മരണമോ ഒന്നും നമ്മെ ഭയപെടുത്തുകയില്ല. ഭയപെടുത്തരുതെ. കാരണം, സർവശക്തനായ ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്.

ഇമ്മാനുവേൽ – ദൈവം നമ്മോടുകൂടെയാകുന്നു. 

Share This Article
error: Content is protected !!