മത്താ. 20:20-28
അപ്പോള്‍, സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു.അവന് അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള് പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില് ഒരുവന് നിന്റെ വലത്തുവശത്തും അപരന് ഇടത്തുവശത്തും ഇരിക്കുന്നതിനു കല്പിക്കണമേ!
യേശു മറുപടി നല്കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.അവന് അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.
ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി.എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്.നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന് നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന് നിങ്ങളുടെ ദാസനുമായിരിക്കണം.ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന് വന്നിരിക്കുന്നതുപോലെ തന്നെ.