നവീകരിക്കപ്പെടുക

Fr Joseph Vattakalam
1 Min Read

നോമ്പിന്റെ ആരംഭത്തിൽ തന്നെ ഓരോ ക്രൈസ്തവനും  ചെയേണ്ടത് എന്തെന്ന് പൗലോസ് ശ്ലീഹ നമ്മോടു പറയുന്നു: “നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് (പാപത്തിനു വിലക്കപ്പെട്ട ജീവിതം) രൂപം കൊണ്ട വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ. നിങ്ങൾ മനസിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ. (എഫെ. 4:22-24).

പൗലോസ് ശ്ലീഹ സന്ദേശത്തിന്റെ പ്രായോഗികത ഇങ്ങനെ അവതരിപ്പിക്കുന്നു. അതിനാൽ വ്യാജം വെടിഞ്ഞു എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ (ക്രിസ്തുവിന്റെ) അവയവങ്ങളാണ്. കോപിക്കാം, എന്നാൽ, പാപം ചെയ്യരുതേ. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. നിങ്ങൾ സാത്താന് അവസരം കൊടുക്കരുതേ (ഓരോ പാപവും വഴി പാപി സാത്താന് അവസരം കൊടുക്കുകയാണ്) മോഷ്ട്ടാവ് ഇനിമേൽ മോഷ്ടിക്കരുതേ; അവൻ ഇല്ലാത്തവനുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകൾ കൊണ്ട് മാന്യമായി ജോലി ചെയ്യട്ടെ.

നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ (ഹൃദയത്തിന്റെ നിറവിൽ നിന്നാണാലോ അധരങ്ങൾ സംസാരിക്കുക) കേൾവിക്കാർക്കു ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങൾ സന്ദര്ഭാനുസൃതം സംസാരിക്കുവിൻ. രക്ഷയുടെ ദിനത്തിന് വേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുതേ. (ഓരോ പാപവും പരിശുദ്ധാത്മാവിനെ പരിശുദ്ധത്രിത്വത്തെ വേദനിപ്പിക്കുന്നു.)

സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും… ഉപേക്ഷിക്കുവിൻ. പിതാവായ ദൈവം ഇശോമിശിഹാവഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ (എഫെ. 4:25-32).

Share This Article
error: Content is protected !!