മറിയത്തിന്റെ കീർത്തനം
വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിച്ചതുമുതൽ 1460 –ൽ വാഴ്ത്തപ്പെട്ട അലൻ അത് പുനഃസ്ഥാപിച്ച കാലംവരെ ജപമാല ‘യേശുവിന്റെയും മാറിയത്തിന്റെയും കീർത്തനം‘ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കാരണം, ദാവീദിന്റെ സങ്കീർത്തനപുസ്തകത്തിൽ എത്ര സങ്കീർത്തനങ്ങളാണോ ഉള്ളത്, അത്രയും ‘മാലാഖയുടെ അഭിവാദന‘ങ്ങളാണ് ജപമാലയിലും ഉള്ളത് (പ്രകാശത്തിന്റെ രഹസ്യങ്ങൾ കൂടാതെ).
വിദ്യാഭ്യാസമില്ലാത്ത പാവം മനുഷ്യർ ദാവീദിന്റെ സങ്കീർത്തനങ്ങൾ ചൊല്ലാൻ പ്രാപ്തരല്ലാത്തതുകൊണ്ട് അവർക്കു ജപമാല ദാവീദിന്റെ കീർത്തനം പോലെ ഫലദായകമായി വർത്തിക്കുന്നു. എങ്കിലും മൂന്നു കാരണങ്ങളാൽ ജപമാലയെ ദാവീദിന്റെ കീർത്തനത്തെക്കാൾ കൂടുതൽ മൂല്യവത്തായി പരിഗണിക്കാം:
മാലാഖയുടെ കീർത്തനം ശ്രേഷ്ഠമായ ഒരു ഫലത്തെ, അതായതു, മനുഷ്യാവതാരം ചെയ്ത യേശുവിനെ വഹിക്കുന്നു. എന്നാൽ ദാവീദിന്റെ കീർത്തനം അവിടുത്തെ ആഗമനത്തെ പ്രവചിക്കുക മാത്രമേ ചെയ്യുന്നുള്ളു. രണ്ടാമതായി, യഥാർത്ഥ വസ്തു അതിന്റെ സാങ്കൽപ്പിക രൂപത്തെക്കാൾ പ്രാധാന്യമുള്ളതായിരിക്കുന്നതുപോലെ ശരീരം അതിന്റെ നിഴലിനേക്കാൾ സുപ്രധാനമായിരിക്കുന്നതുപോലെ, മറിയത്തിന്റെ കീർത്തനം അതിനെ മുൻകൂട്ടി ദർശിക്കുകമാത്രം ചെയ്ത ദാവീദിന്റെ കീർത്തനത്തെക്കാൾ മഹത്തരമാണ്.
മൂന്നാമതായി, മാതാവിന്റെ കീർത്തനം (‘സ്വർഗ്ഗസ്ഥനായ പിതാവേ‘ എന്ന പ്രാർത്ഥനയും ‘നന്മനിറഞ്ഞ മറിയമേ‘ എന്ന പ്രാർത്ഥനയും ഉൾപ്പെടുന്ന ജപമാല) പരിശുദ്ധ ത്രിത്വത്തിന്റെ നേരിട്ടുള്ള പ്രവർത്തനമാണ്; ഒരു മാനുഷിക ഉപകരണത്തിലൂടെ ഉണ്ടാക്കിയെടുത്തതല്ല.
താഴെ കൊടുത്തിരിക്കുന്ന കാരണങ്ങളാൽ പരിശുദ്ധ മാതാവിന്റെ കീർത്തനം അഥവാ ജപമാല അഞ്ചു ദശകങ്ങൾ വീതമുള്ള മൂന്ന് ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. (പഴയ കണക്കനുസരിച്ച്).
1 . പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ആളുകളെ ബഹുമാനിക്കുന്നതിനുവേണ്ടി.
2 . യേശുക്രിസ്തുവിന്റെ ജീവിതവും മരണവും മഹത്വവും ബഹുമാനിക്കുന്നതിനുവേണ്ടി;
3 . വിജയസഭയെ അനുകരിക്കുന്നതിനും സമര സഭയിലുള്ളവരെ ബഹുമാനിക്കുന്നതിനും സഹനസഭയുടെ വേദനകൾ ലഘൂകരിക്കുന്നതിനും വേണ്ടി.
4 . സങ്കീർത്തനങ്ങൾ മൂന്ന് വിഭാഗങ്ങളായി വിഭജക്കപ്പെട്ടിരിക്കുന്നു; അവയെ അനുകരിക്കുന്നതിനുവേണ്ടി. (ആദ്യത്തേത് ശുദ്ധീകരണ ജീവിതത്തിനും രണ്ടാമത്തേത് പ്രകാശിത ജീവിതത്തിനും മൂന്നാമത്തേക്ക് ദൈവൈക്യജീവിതത്തിനും വേണ്ടി);
5 . ഏറ്റവും അവസാനമായി, ജീവിതകാലത്ത് സമൃദ്ധമായ കൃപയും മരണസമയത്ത് സമാധാനവും നിത്യതയിൽ മഹത്വവും നമുക്ക് ലഭിക്കുന്നതിനുവേണ്ടി.
വി. ലൂയിസ് ഡി മോണ്ട്ഫോർട്ട്