എല്ലാ വസ്തുക്കളെയും ഏറ്റവും പരിശുദ്ധമായവ പോലും മാറ്റത്തിനു വിധേയമാണ് വിശേഷിച്ച് അവ മനുഷ്യന്റെ സ്വതന്ത്ര തീരുമാനത്തിനുമേൽ ആശ്രയിച്ചിരിക്കുമ്പോൾ. അങ്ങനെയെങ്കിൽ, വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലസഹോദരസംഘം സ്ഥാപിച്ചതിനുശേഷം, അതിന്റെ ആരംഭകാലത്തെ ആവേശം ഒരു നൂറ്റാണ്ടുകാലം മാത്രമാണ് നിലനിർത്തിയത് എന്നതിൽ അത്രയധികം അത്ഭുതപ്പെടാനില്ല.
ഒരു നൂറ്റാണ്ടു പിന്നിട്ടതോടെ അത് കുഴിച്ചുമൂടി വിസ്മൃതമായ ഒരു വസ്തുവിനെപ്പോലെയായിമാറി. പരിശുദ്ധ ജപമാലയെ അവഗണിക്കുവാനും അങ്ങനെ ജപമാലയുടെ ലോകത്തിനു കരഗതമായിക്കൊണ്ടിരുന്ന ദൈവകൃപ തടയുവാനും മനുഷ്യരെ നേടിയെടുത്തതിൽ മുഖ്യ ഉത്തരവാദി തീർച്ചയായും പിശാചിന്റെ ദുഷ്ടതന്ത്രവും അസൂയയുമായിരുന്നു.
അങ്ങനെ 1349 –ൽ ദൈവം യൂറോപ്പിനെ മുഴുവൻ ശിക്ഷിച്ചു– ഭൂമിയിലെവിടെയും അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഭീകരമായ പകർച്ചവ്യാധി. അത് ആദ്യം കിഴക്കൻ യൂറോപ്പിലാണ് ആരംഭിച്ചത്. പിന്നെ അത് ഇറ്റലി , ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഈ വ്യാധി എത്തിയിടങ്ങളൊക്കെയും വിജനമായി മാറി. കാരണം, രോഗം ബാധിച്ച നൂറുപേരിൽ കഷ്ടിച്ച് ഒരാളാണ് രക്ഷപ്പെട്ടത്. ഈ പകർച്ച വ്യാധി നീണ്ടുനിന്ന മൂന്ന് വർഷക്കാലംകൊണ്ട് വലുതും ചെറുതുമായ പട്ടണങ്ങളും ഗ്രാമങ്ങളും ആശ്രമങ്ങളും പൂർണ്ണമായും വിജനമായിമാറി.
ദൈവത്തിന്റെ ഈ ചമ്മട്ടിയടി പിന്തുടർന്ന് വളരെ പെട്ടന്ന് മറ്റു രണ്ടു ചമ്മട്ടികൾ കടന്നുവന്നു. ഫ്ളാജെലന്റസ് പാഷണ്ഡതയും 1376 –ലെ ദാരുണമായ ശീശ്മയും. പിന്നീട്, ഈ പരീക്ഷകൾ പൂർത്തിയായപ്പോൾ പരിശുദ്ധ ജപമാലയുടെ പുരാതന സഹോദരസംഘം പുനരുദ്ധരിക്കുവാൻ പരിശുദ്ധ മാതാവ് വാഴ്ത്തപ്പെട്ട അലനോട് ആവശ്യപ്പെട്ടു.
ബ്രിട്ടനിലുള്ള ഡിനാൻ ആശ്രമത്തിലെ ഒരു ഡൊമിനിക്കൻ വൈദികനായിരുന്നു വാഴ്ത്തപ്പെട്ട അലൻ. മഹാനായ ഒരു ദൈവശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രശസ്തമായിരുന്നു. ആദ്യമായി ജപമാലാ സഹോദരസംഘം ഈ പ്രോവിന്സിൽനിന്നാണ് ആരംഭിച്ചത്. അതിനാൽ അതേ പ്രൊവിൻസിൽ നിന്നുള്ള ഒരു ഡൊമിനിക്കൻ വൈദികൻ അത് പുനഃസ്ഥാപിക്കുന്നതിന്റെ ബഹുമതിയും ലഭിക്കുക എന്നത് തികച്ചും ഉചിതമായിരിക്കുമല്ലോ. പരിശുദ്ധ മാതാവ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത് അതുകൊണ്ടാവണം.
നമ്മുടെ കർത്താവിൽനിന്നുള്ള ഒരു മുന്നറിയിപ്പിനുശേഷം 1460 –ൽ ആണ് വാഴ്ത്തപ്പെട്ട അലൻ മഹത്തായ ഈ പ്രവർത്തനം ആരംഭിച്ചത്. ഒരു ദിവസം വിശുദ്ധ കുർബാന ചൊല്ലുകയായിരുന്നു അദ്ദേഹം. ആ സമയത്ത്, ജപമാലയെക്കുറിച്ച് പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുവാൻ ആഗ്രഹിച്ച കർത്താവ് പരിശുദ്ധ കുർബാനയിലൂടെ സംസാരിച്ചു:
യേശു പറഞ്ഞു: “ഇത്രയും പെട്ടെന്ന് വീണ്ടുമെന്ന ക്രൂശിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു?”
“കർത്താവെ അങ്ങ് എന്താണ് പറഞ്ഞത്?”
“നിന്റെ പാപങ്ങളാൽ മുമ്പൊരിക്കൽ നീയെന്നെ ക്രൂശിച്ചു. നീ പതിവായി ചെയ്യുന്ന പാപങ്ങളാൽ എന്റെ പിതാവ് നിന്ദിക്കപ്പെടുന്നതിനേക്കാൾ ഭേദം സ്വമനസാ ഞാൻ വീണ്ടും ക്രൂശിക്കപ്പെടുന്നതാണ് . ഇപ്പോൾ നീയെന്നെ വീണ്ടും ക്രൂശിച്ചുക്കൊണ്ടിരിക്കുകയാണ്. കാരണം, എന്റെ അമ്മയുടെ ജപമാല പ്രഘോഷിക്കേണ്ടതാണെന്ന പൂർണമായ ജ്ഞാനവും തിരിച്ചറിവും ഉണ്ടെങ്കിലും നീ അത് ചെയ്യുന്നില്ല. ഇത് മാത്രം ചെയ്യുന്നുവെങ്കിൽ ധാരാളം ആത്മാക്കളെ ശരിയായ പാത പഠിപ്പിക്കുവാനും അവരെ പാപത്തിൽ നിന്നും അകറ്റുവാനും നിനക്ക് സാധിക്കും. പക്ഷെ, നീ അത് ചെയ്യുന്നില്ല. അതുകൊണ്ട് അവർ ചെയ്യുന്ന പാപങ്ങൾക്ക് നീ തന്നെയാണ് കുറ്റക്കാരൻ.”
യേശുവിന്റെ ഭയപ്പെടുത്തുന്ന ഈ ശകാരമാണ് ജപമാല അവിരാമം പ്രഘോഷിക്കാനുള്ള ദൃഢനിശ്ചയം ചെയ്യാൻ വാഴ്ത്തപ്പെട്ട അലനെ പ്രേരിപ്പിച്ചത്. പരിശുദ്ധ ജപമാല കൂടുതൽ കൂടുതൽ പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുവാനായി ഒരു ദിവസം മാതാവും അദ്ദേഹത്തോട് സംസാരിച്ചു: “നിന്റെ യൗവ്വനത്തിൽ നീ വലിയൊരു പാപിയായിരുന്നു. എന്നാൽ നിന്റെ മനസാന്തരത്തിനുവേണ്ടിയുള്ള കൃപ എന്റെ പുത്രനിൽനിന് ഞാൻ നേടിയെടുത്തു. നിന്നെ രക്ഷിക്കുവാൻവേണ്ടി സകല പ്രകാരത്തിലുമുള്ള സഹങ്ങളിലൂടെയും കടന്നുപോകാൻ ഞാൻ തയ്യാറായതുകൊണ്ടാണ് അത്തരമൊരു കാര്യം സാധ്യമായത്. കാരണം, മനസാന്തരപ്പെട്ട പാപികൾ എനിക്ക് മഹത്വം തരുന്നു. എന്റെ ജപമാല എങ്ങും പ്രഘോഷിക്കുവാൻ നീ യോഗ്യനാക്കപ്പെടേണ്ടതിനുവേണ്ടിയുമാണ് ഞാൻ ഇത് ചെയ്തത്.
വാഴ്ത്തപ്പെട്ട അലന് വിശുദ്ധ ഡൊമിനിക്കും പ്രത്യക്ഷപ്പെട്ടു. തന്റെ ശുശ്രൂഷയുടെ മഹനീയ ഫലങ്ങളെക്കുറിച്ച് വിശുദ്ധൻ പറഞ്ഞതിതാണ്: “പരിശുദ്ധ ജപമാല പ്രഘോഷിച്ചതിലൂടെ എനിക്ക് ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ കാണുക. നീയും മാതാവിനെ സ്നേഹിക്കുന്ന സകലരും ഇത് തന്നെ ചെയ്യണം. കാരണം, ജപമാലയുടെ ഈ പരിശുദ്ധമായ പരിശീലനത്തിലൂടെ നിങ്ങൾ സകല മനുഷ്യരെയും പുണ്യങ്ങളുടെയും യഥാർത്ഥ ശാസ്ത്രത്തിലേക്കു വലിച്ചടുപ്പിക്കും.”