ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം ഞാൻ ഇപ്രകാരം കേട്ടു, എന്റെ മകളേ, എന്റെ കരുണയുടെ ആഴത്തിലേക്ക് നോക്കുക: കരുണയെ പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. ലോകം മുഴുവനുമുള്ള എല്ലാ പാപികളെയും എന്റെ അടുക്കൽ കൊണ്ടുവന്നു എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. ആത്മാക്കൾക്ക് എന്നെത്തന്നെ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു; എന്റെ മകളേ, ഞാൻ ആത്മാക്കൾക്കുവേണ്ടി ദാഹിക്കുന്നു. എന്റെ തിരുനാൾ ദിനം, എന്റെ കരുണയുടെ തിരുനാൾ ദിവസം, നീ ലോകമെങ്ങും പോയി, ബലഹീനനായ എല്ലാ ആത്മാക്കളെയും എന്റെ കരുണയുടെ ഉറവയിലേക്കു കൊണ്ടുവരിക. ഞാൻ അവരെ സൗഖ്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യാം. (ഡയറി: 206 )
കാരുണ്യവാനായ ഈശോ പറയുന്നു: ഓ പാപിയായ ആത്മാവേ, നിന്റെ രക്ഷകനെ ഭയപ്പെടേണ്ടതില്ല. നിനക്ക് സ്വയം എന്റെ പക്കലേക്കു വരാൻ സാധിക്കുകയില്ല എന്നെനിക്കറിയാം. അതിനാൽ ആദ്യചുവടു ഞാൻതന്നെ നിനക്കുവേണ്ടി വയ്ക്കും. കുഞ്ഞേ, നിന്റെ പിതാവിൽനിന്നും നീ ഒരിക്കലും ഓടിയകലരുത്. കാരുണ്യം തന്നെയായ നിന്റെ ദൈവത്തോട് തുറവിയോടുകൂടി സംസാരിക്കുവാൻ നീ മടിക്കരുത്. ക്ഷമയുടെ വചസുകൾ നിന്നോട് അരുളിച്ചെയ്ത തന്റെ അനുഗ്രഹങ്ങൾ നിന്റെമേൽ ചൊരിയുവാൻ അവിടുന്ന് അതിയായി ആഗ്രഹിക്കുന്നു. നിന്റെ ആത്മാവ് എനിക്കെത്രയോ പ്രിയപ്പെട്ടതാണ്! നിന്റെ പേര് എന്റെ ഉള്ളംകൈയ്യിൽ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ഹൃദയത്തിൽ ആഴമായ ഒരു മുറിവുപോലെ നിന്നെ കൊത്തിവച്ചിട്ടുണ്ട്. (ഡയറി: 1485 )
ആരെയും തിരസ്ക്കരിക്കാത്ത കാരുണ്യപ്രവാഹം
ഇന്ന് കർത്താവ് എന്നോട് പറഞ്ഞു: എന്റെ മകളേ, എന്റെ ആനന്ദവും സന്തോഷവുമേ, നിനക്ക് കൃപകൾ നൽകുന്നതിൽ നിന്ന് ഒന്നും എന്നെ തടസ്സപ്പെടുത്തുകയുമില്ല. നിന്റെ ദുരിതാവസ്ഥ എന്റെ കരുണയ്ക്കു പ്രതിബന്ധമല്ല. എന്റെ മകളേ, എഴുതുക, ഒരു ആത്മാവിന്റെ ദയനീത എത്ര അധികമാണോ അത്രയും ശക്തമാണ് എന്റെ കരുണയ്ക്കുള്ള അതിന്റെ അവകാശവും. എല്ലാ ആത്മാക്കളെയും രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, ആഴമളനാക്കാനാവാത്ത എന്റെ കരുണാസാഗരത്തിൽ ശരണപ്പെടുന്നതിനു എല്ലാവരെയും പ്രേരിപ്പിക്കുക. കുരിശിൽവച്ച്, കുന്തത്താൽ തുറക്കപ്പെട്ടു എന്റെ കരുണയുടെ പ്രവാഹം, ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ളതാണ്. (ഡയറി:1182 )
“ഓ അനുകമ്പാർദ്രനായ ദൈവമേ, അങ്ങുമാത്രം എന്നെ നീതികരിക്കുന്നു: അനുതാപത്തോടെ അവിടുത്തെ കരുണാർദ്രഹൃദയത്തെ സമീപിക്കുമ്പോൾ അങ്ങ് ഒരിക്കലും എന്നെ നിരസിക്കുന്നില്ല. കഠിന പാപിയാണെങ്കിൽപ്പോലും അങ്ങ് ആരെയും ഒരിക്കലും തിരസ്കരിക്കുന്നില്ല.” (ഡയറി: 1730 )