എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീതഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചുപെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ പൊന്നുതമ്പുരാൻ മണ്ണിലേക്കിറങ്ങി വന്നില്ലേ? എങ്കിലും അഹങ്കരിക്കാനാണ് പലർക്കും താല്പര്യം. ദൈവത്തിൽ നിന്നകലുന്ന മനുഷ്യൻ ഞാനെന്ന ഭാവത്തിനു അടിമയാകും. അഹങ്കാരിയാകും. ദൈവത്തെപ്പോലെ, അല്ലെങ്കിൽ ദൈവത്തെക്കാൾ എനിക്കെല്ലാം അറിയാമെന്നു ഭാവിക്കുന്നത് എന്തൊരു ഭോഷത്തമാണ്. ഈ ഭോഷത്തിന്റെ പേരാണ് അഹങ്കാരം.
ദൈവമല്ലാതെ മറ്റാരാണ് എല്ലാം അറിയുന്നവൻ? ഓരോ മനുഷ്യരെയും ദൈവം വ്യത്യസ്തമായ അറിവും കഴിവും നൽകിയാണ് അനുഗ്രഹിച്ചിരിക്കുന്നത്. മുടിവെട്ടാനുള്ള കഴിവ് ബാർബർക്കാണ് ഉള്ളത്. ചെരുപ്പ് തുന്നാൻ ചെരുപ്പുകുത്തിക്കറിയാം. ഒരു ഡോക്ടറോ എൻജിനീയറോ അതറിയണമെന്നില്ലല്ലോ. ഡോക്ടറുടെ അറിവ് വൈദ്യശാസ്ത്രത്തിലല്ലേ? കർഷകൻ കൃഷിയെ സംബന്ധിച്ച് എത്രയോ വിലയേറിയ അറിവുള്ളവനായിരിക്കും. എങ്കിൽപ്പിന്നെ സ്വന്തം അറിവിനെച്ചൊല്ലി അഹങ്കരിക്കാനെന്തിരിക്കുന്നു. ഞാനാണ് വൻ കാര്യങ്ങൾ ചെയ്യുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ അവൻ അറിവില്ലത്തവനായിരിക്കും.
എല്ലാം അറിയുന്നവനാണ് താനെന്നു ചിന്തിച്ചിരുന്ന ഒരു പണ്ഡിതൻ ഒരിക്കൽ പുഴയിലൂടെ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. തോണിയിൽ അയാളും തോണിക്കാരനും മാത്രമേ ഉണ്ടയിരുന്നുള്ളു. പണ്ഡിതൻ തോണിക്കാരനുമായി സംഭാഷണം ആരംഭിച്ചു. തൻറെ പാണ്ഡിത്യത്തിന്റെ വലിപ്പം തോണിക്കാരൻ അറിയിക്കാനുള്ള വ്യഗ്രതയിലായിരുന്നു അയാൾ. പണ്ഡിതന്റെ അഹങ്കാരം നിറഞ്ഞ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ പാവം തോണിക്കാരന് അറിയില്ലായിരുന്നു. അയാൾ വെറുതെ പുഞ്ചിരിച്ചുകൊണ്ടിരുന്നതേയുള്ളു. അയാളുടെ നിശബ്ദതയിൽ അമർഷം തോന്നിയ പണ്ഡിതൻ പുച്ഛത്തോടെ ചോദിച്ചു.
‘എന്ത് നിങ്ങൾക്ക് ഈ വക കാര്യങ്ങളെക്കുറിച്ചൊന്നും ഒരറിവും ഇല്ലെന്നോ?’
ഇല്ലെന്ന അർത്ഥത്തിൽ തോണിക്കാരൻ തലയാട്ടുക മാത്രം ചെയ്തു.
പണ്ഡിതൻ തോണിക്കരനോട് പറഞ്ഞു:’ അതുശരി.. എങ്കിൽ നിങ്ങളുടെ ജീവിതം പാഴായല്ലോ.’
പെട്ടെന്നാണ് കാറ്റും മഴയും തുടങ്ങിയത്. വഞ്ചി ആടി ഉലയുമാറ് കാറ്റിന്റെ വേഗം കൂടിക്കൊണ്ടിരുന്നു. പണ്ഡിതന് വല്ലാത്ത ഭയം തോന്നി. അയാൾ തോണിയോട് പറ്റിച്ചേർന്നിരുന്നു. കാറ്റിന്റെയും മഴയുടെയും ശക്തിയിൽ തോണി മുങ്ങുമെന്നായപ്പോൾ തോണിക്കാരൻ പണ്ഡിതനോട് ചോദിച്ചു: ‘അങ്ങേക്ക് നീന്താനറിയാമോ?’
പണ്ഡിതൻ പേടിച്ചുവിറച്ചു കൊണ്ട് പറഞ്ഞു
‘ഇല്ല‘
അപ്പോൾ സങ്കടത്തോടെ തോണിക്കാരൻ പണ്ഡിതനോട് പറഞ്ഞു: ‘എങ്കിൽ അങ്ങയുടെ ജീവൻ തന്നെ പാഴായല്ലോ.’
താമസിയാതെ തോണി മുങ്ങി. തോണിക്കാരൻ നീന്തി കര കയറി. പണ്ഡിതനാകട്ടെ പുഴയിൽ മുങ്ങിത്താണു പോയി.
പ്രിയ കുഞ്ഞുങ്ങളെ, അറിവിൽ അഹങ്കരിക്കരുത്. എല്ലാം എനിക്കറിയാമെന്നു ഭാവിക്കുകയും അരുത്. എല്ലാം എനിക്കറിയില്ലെന്നുള്ളതായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ അറിവ്. അത് നിങ്ങളെ അറിവിന്റെ പുത്തൻപുറങ്ങൾ തേടാൻ പ്രേരിപ്പിക്കും. നിങ്ങൾ അനുഗ്രഹിക്കപ്പെടും. ജീവിതത്തിൽ വിജയം വരിക്കും.
മാത്യു മാറാട്ടുകളം