വിശ്വപ്രസിദ്ധ റഷ്യൻ സാഹിത്യകാരനായ അലക്സാണ്ടർ പുഷ്ക്കിന്റെ ‘ക്യാപ്റ്റന്റെ മകൾ‘ എന്ന കഥയിൽ വിവരിക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട കുറേ അടിമകൾ ചോദ്യം ചെയ്യപ്പെടുകയാണ്. കിരാതമായ മർദനമുറകളാണ് അവർക്കു നേരെ പ്രയോഗിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് സഹിക്കേണ്ടിവന്ന ക്രൂരപീഡനങ്ങളേറ്റ് ഓരോരുത്തരും തളർന്നു വീഴുന്നു. അടുത്തത് ഒരു ചെറുപ്പക്കാരന്റെ ഊഴമായി. അവനും നിർദയം ചോദ്യം ചെയ്യപ്പെടുകയാണ്. വീണ്ടും വീണ്ടും ആവർത്തിക്കുന്ന ചോദ്യശരങ്ങൾക്കു മുന്നിൽ മിണ്ടാതെനിന്നു അവൻ മർദനം സഹിക്കുകയാണ്. അവന്റെ മൗനം അധികാരികളെ കൂടുതൽ പ്രകോപിക്കുന്നു. അവർ മർദനമുറകൾ അതികഠിനമാക്കുന്നു. ഒടുവിൽ പെട്ടന്ന് അലറിക്കരയാനെന്നപോലെ വായ് പിളർന്നു നിശബ്ദനായി അവൻ മരിച്ചുവീണപ്പോൾ ഞെട്ടിക്കുന്ന ആ സത്യം ചുറ്റമുള്ളവർ മനസ്സിലാക്കുന്നത്– അവനു നാവില്ല. പണ്ടെന്നോ നാവു പിഴത്തെടുക്കപ്പെട്ട ശബ്ദിക്കാനാവാത്ത ഒരടിമയായിരുന്നു അവൻ.
അടിച്ചമർത്തപ്പെട്ടവന്റെ പ്രതിരൂപമാണവൻ. ശബ്ദം നിഷേധിക്കപ്പെട്ടവന്റെ പ്രതിനിധി. കാലം മാറി, നൂറ്റാണ്ടുകൾ പിന്നിട്ടു. അടിമക്കച്ചവടം നിർത്തലാക്കപ്പെട്ടു. എങ്കിലും അടിമത്തം അഭംഗുരം തുടരുകയാണിന്ന്. നാവു നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സത്യം പറയാൻ നമ്മൾ മടിക്കുന്നു.
ഇന്ന് അധികാരവും പണവുമാണ് ശബ്ദിക്കുന്നത്. അഴിമതിയും കൈക്കൂലിയുമായി പണം അലറി വിളിക്കുകയാണ്. അതില്ലാത്തവർ കേൾവിക്കാർ മാത്രം. സത്യം ശാശ്വതമാണെന്നറിയുമ്പോഴും നമ്മൾ സത്യത്തിനു നേരെ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടാണ്? അസത്യത്തിനെതിരെ പോരാടാനുള്ള ആത്മധൈര്യം നമുക്കില്ലാത്തതുകൊണ്ടുതന്നെ.
എങ്കിലും ഈ നിസ്സംഗതയിൽ എത്രകാലം നമുക്കു മുന്നോട്ടുപോകാനാകും.
ഇന്ന് നമ്മൾ കാണുന്നതിൽ പലതും നമ്മെ അസ്വസ്ഥരാക്കുന്നില്ലെങ്കിൽ നമ്മൾ അന്ധരായിരിക്കുന്നെന്നറിയുക. ഇന്ന് നമ്മൾ കേൾക്കുന്നതിൽ പലതും നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നില്ലെങ്കിൽ നമ്മൾ ബധിരരായിരിക്കുന്നുവെന്നറിയുക.കാരണം സഭ്യതയുടെ സകല സീമകളെയും തകർത്തുകൊണ്ട് കണ്ണുകൾക്ക് കാണാനും കാതുകൾക്ക് കേൾക്കാനും അരുതാത്തതൊക്കെയാണ് നമുക്കു ചുറ്റും സംഭവിക്കുന്നത്. അവയ്ക്കിടയിൽ വളർന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങൾ നന്മയും തിന്മയും എങ്ങനെ തിരിച്ചറിയും ?
നമ്മുടെ നിശബ്ദത സാത്താനുള്ള മൗനാനുവാദമായിരുന്നു. നന്മയെ നന്മയെന്നു പറയാൻ വിവേകബുദ്ധി മതിയല്ലോ. എന്നാൽ തിന്മ തിന്മയാണെന്നു പറയാൻ ആത്മധൈര്യം വേണം. നമ്മെ ആഗ്രഹിക്കുകയും തിന്മയ്‌ക്കെതിരെ നിശബ്ദത പാലിക്കുകയും ചെയ്യുന്നത് ആത്മവഞ്ചനയല്ലേ? തിന്മയെ പരിപോഷിപ്പിക്കുന്ന അനുകൂലഘടകം നന്മ ആഗ്രഹിക്കുന്നവരുടെ നിശബ്ദതയും നിസ്സംഗതയുമാണ്.
‘ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറയുക. കാഹളം പോലെ സ്വരം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങൾ വിളിച്ചു പറയുക‘ (ഏശ. 58 :1 ).
പ്രിയ കുഞ്ഞുങ്ങളെ, നാളത്തെ ലോകം നിങ്ങളുടേതാണ്. സത്യത്തിന്റെ സ്വരമാവുക നിങ്ങൾ. ദൈവം നിങ്ങളിലൂടെ സംസാരിക്കട്ടെ. അതെ, അതുകൊണ്ടാണ് ‘വിലക്കെട്ടവ പറയാതെ സദ്വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും‘ എന്ന് ദൈവവചനം ഓർമ്മിപ്പിക്കുന്നത്.
മാത്യു മാറാട്ടുകളം