ഞായറാഴ്ചകളിലേക്കുതന്നെ ഞാൻ മടങ്ങട്ടെ . അതിവേഗം കടന്നുപോകുന്ന ആ സന്തോഷാസുദിനത്തിന് ഒരു ശോകച്ഛായ, തീർച്ചയായും, ഉണ്ടായിരുന്നു. ‘ശയനസമയപ്രാർത്ഥന‘ വരെ എന്റെ ആനന്ദം പരിപൂർണ്ണമായിരുന്നു എന്നാൽ, വിശ്രമദിവസം അവസാനിക്കാൻ പോകുകയാണല്ലോ എന്നതായിരുന്നു ആ പ്രാർത്ഥനയുടെ സമയത്തെ എന്റെ ചിന്ത. അടുത്ത ദിവസം ജീവിതം വീണ്ടും ആരംഭിക്കണമല്ലോ, അധ്വാനിക്കണമല്ലോ പാഠങ്ങൾ പഠിക്കണമല്ലോ, അങ്ങനെ ഭൂമിയിലെ എന്റെ വിദേശവാസം എന്റെ ഹൃദയത്തിനു അനുഭവമാകും.. സ്വർഗ്ഗത്തിലെ നിത്യവിശ്രമത്തെയും “സ്വന്തനാട്ടിലെ അസ്തമിക്കാത്ത ഞായറാഴ്ചയെയും ലക്ഷ്യമാക്കി ഞാൻ നെടുവീർപ്പിടുകയും ചെയ്തിരുന്നു!…”
‘ലെബ്യുസൊണെയിൽ തിരിച്ചെത്തുന്നതിനു മുമ്പ് നാം നടത്തിയിരുന്ന സായാഹ്നസവാരി പോലും എന്റെ ആത്മാവിൽ വിഷാദഭാവം കലർത്താതിരുന്നില്ലാ. അവിടെ വച്ച് നമ്മുടെ കുടുംബം പൂർണ്ണമല്ലാതായിത്തീരും.അമ്മാച്ചന്റെ സംതൃപ്തിക്കുവേണ്ടി മരിയാചേച്ചിയെയോ പൗളിൻചേച്ചിയെയോ എല്ലാ ഞായറാഴ്ചയും കൂടെപ്പോകാൻ അപ്പച്ചൻ അനുവദിച്ചിരുന്നു. ഏതായാലും, അവരുടെ കൂടെപ്പോകാതെ വീട്ടിൽനിൽക്കുന്നതു എനിക്ക് വളരെ സംതൃപ്തി നൽകിയിരുന്നു. അതായിരുന്നു എന്നെ മാത്രം വിളിച്ചു കൊണ്ടുപോകുന്നതിനേക്കാൾ എനിക്കിഷ്ടം. കാരണം, വീട്ടിലിരിക്കുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ അത്രയും കുറച്ചുമാത്രമേ എന്നിൽ പതിയുകയുള്ളല്ലോ. അവിടെ പോയാൽ അമ്മാച്ചൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാൽ എന്നോട് എന്തെങ്കിലും ചോദിക്കുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നു.. അപ്പച്ചൻ ഞങ്ങളെ കൊണ്ടുപോകാൻ വരുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാകും.
പോരുന്നവഴിക്ക് ആകാശത്തു കുളിർമ്മയോടെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ ഞാൻ സൂക്ഷിച്ചു നോക്കിയിരുന്നു. ആ കാഴ്ച എന്നെ ഹർഷപുളകിതയാക്കി. ആ രത്നക്കല്ലുകൾക്കിടയിൽ. എനിക്ക് അത്യന്തം പ്രിയപ്പെട്ട ഒരു ഗണമുണ്ടായിരുന്നു (നക്ഷത്രങ്ങൾ). അതിനൊരു ‘T’ യുടെ ആകൃതിയാണ് ഞാൻ കണ്ടുപിടിച്ചത്. അത് അപ്പച്ചനെ കാണിച്ചുകൊണ്ട് എന്റെ പേര് ആകാശത്തു എഴുതപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയും. ഭൂമിയിലുള്ള നികൃഷ്ടമായതൊന്നും കാണേണ്ടാ എന്ന് കരുതി എന്റെ കൈയ്ക്ക് പിടിച്ചുകൊണ്ടു പൊയ്ക്കൊള്ളാൻ അപ്പച്ചനോട് പറയും. എന്നിട്ടു ചുവടു വയ്ക്കുന്നത് എവിടെയെന്നു നോക്കാതെ, കുഞ്ഞുതല അന്തരീക്ഷത്തിലേക്കുയർത്തി, നക്ഷത്ര നിബിഡമായ ആകാശത്തെത്തന്നെ അക്ഷീണം നിരീക്ഷിച്ചുകൊണ്ടു ഞാൻ നടക്കും.
മഞ്ഞുകാലത്തെ വിശിഷ്യാ, ഞായറാഴ്ചകളിൽ സന്ധ്യാ സമയങ്ങളെക്കുറിച്ചു- ഡ്രാഫ്റ്റുകളിക്കു ശേഷം, സെലിൻചേച്ചിയുമൊരുമിച്ച് അപ്പച്ചന്റെ മടയിലിരിക്കുന്നതു എനിക്ക് എന്തൊരാനന്ദമായിരുന്നു. അഗാധചിന്തകൾ കൊണ്ട് ആത്മാവിനെ നിറയ്ക്കാൻ പര്യാപ്തമായ മധുരസ്വരത്തിൽ നല്ലപാട്ടുകൾ അപ്പച്ചൻ പാടും. അഥവാ, മിക്കപ്പോഴും, ഞങ്ങളെ ഹൃദ്യമായി താരാട്ടുന്ന വിധത്തിൽ, നിത്യസത്യങ്ങൾ ഉദ്ബോധിപ്പിക്കാൻ പറ്റിയ കവിതകൾ ചൊല്ലിക്കൊണ്ടിരിക്കും.. പിന്നെ നമ്മൾ കൂട്ടപ്രാർത്ഥനയ്ക്കായി മുകളിൽ പോകും. കൊച്ചുറാണി മാത്രമേ രാജാവിനോട് അടുത്തുചേർന്നിരിക്കയുള്ളു. പുണ്യവാന്മാർ പ്രാർത്ഥിക്കുന്നത് എങ്ങനെയെന്ന് നോക്കി മനസ്സിലാക്കുക മാത്രമാണ് അവളുടെ ജോലി. അവസാനം അപ്പച്ചന് സ്തുതി പറഞ്ഞു ഉമ്മ വാങ്ങാൻ നമ്മളെല്ലാവരും പ്രായക്രമനുസരിച്ചു വന്നിരുന്നു. റാണിയുടെ മുറ അവസാനമാണെന്നു പറയേണ്ടതില്ലല്ലോ. രാജാവ് അവളെ കൈമുട്ടുകളിൽ പിടിച്ച് അടുപ്പിക്കുമ്പോൾ അവൾ ഉച്ചത്തിൽ വിളിച്ചു പറയും: “അപ്പച്ചാ ശുഭസായാഹ്നം! ശുഭനിദ്ര! എല്ലാ രാത്രിയിലും ഇത് തന്നെയാണ് ആവർത്തിച്ചിരുന്നു.
അനന്തരം എന്റെ കുഞ്ഞമ്മച്ചി എന്നെ എടുത്തു സെലിൻ ചേച്ചിയുടെ കിടക്കയിലേക്ക് കൊണ്ടുപോകും. അതിനിടെ, “പൗളിൻ ചേച്ചിയോട് , ഇന്ന് ഞാൻ നല്ല കുട്ടിയായിരുന്നു? കുഞ്ഞു മാലാഖമാർ വന്നു എന്റെ ചുറ്റും പറക്കുമോ? എന്നൊക്കെ ഞാൻ ചോദിക്കും. അല്ലാത്തപക്ഷം രാത്രിമുഴുവനും ഞാൻ കരഞ്ഞു കഴിച്ചുകൂട്ടും. പ്രിയപ്പെട്ട തലതൊട്ടമ്മ ചെയ്യുന്നതുപോലെ പൗളിൻചേച്ചിയും എന്നെ ആശ്ലേഷിച്ച ശേഷം താഴത്തേക്കു പോകും . സാധുകൊച്ചുത്രേസ്യാ ഇരുട്ടത്തു തനിച്ചാകും. കുഞ്ഞു മാലാഖമാർ ചുറ്റും പറക്കുന്നതായി സങ്കല്പിച്ചുനോക്കാൻ അവൾ പരിശ്രമിക്കും. എന്നാലും ഇരുട്ട് നിമിത്തം അവൾ പേടിച്ചുതുടങ്ങും. ശീതളമയി പ്രകാശിക്കുന്ന നക്ഷത്രങ്ങളെ കട്ടിലിൽ കിടന്നു കാണാനാവില്ലല്ലോ.
I put my trust in Thee, Heavenly Father,
and offer up to Thee
the united hearts of Jesus and Mary
the victorious, bleeding wounds of Jesus
and the tears of our beloved heavenly Mother
Lord, may Thy will be done!